Advertisement
Film News
പാന്‍ ഇന്ത്യന്‍ സിനിമയെന്ന് പറയുന്നതെന്താണെന്നറിയില്ല, പക്ഷേ മോഹന്‍ലാലിനൊപ്പമുള്ള എന്റെ ചിത്രം മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 10, 02:52 pm
Friday, 10th February 2023, 8:22 pm

സ്ഫടികം എന്ന എക്കാലത്തേയും മികച്ച മലയാള ചിത്രങ്ങളിലൊന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന്‍ കോമ്പോ. ചിത്രത്തിന്റെ റീമാസ്റ്ററിങ് വേര്‍ഷന്‍ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

മോഹന്‍ലാലിനൊപ്പം ജി കെനി എന്നൊരു ചിത്രവും ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ കാണാത്ത ലാലിനെയായിരിക്കും ചിത്രത്തില്‍ കാണുകയെന്നും ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികം റീ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രെസ് മീറ്റില്‍ ജിം കെനിയെ പറ്റി കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഭദ്രന്‍. മാസും ഫൈറ്റും റൊമാന്‍സുമെല്ലാം ഉള്ള ചിത്രം മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രമാവുമെന്ന് ഭദ്രന്‍ പ്രസ് മീറ്റില്‍ പറഞ്ഞു.

‘മോഹന്‍ലാലിനൊപ്പമുള്ള പടം ഈ വര്‍ഷം അവസാനം ഉണ്ടാവും. വലിയ സ്‌കെയ്‌ലില്‍ വലിയ സിനിമ ആയതുകൊണ്ട് കാര്യങ്ങള്‍ പ്രിപ്പയര്‍ ചെയ്തുവേണം ചെയ്യാനായി. അതൊരു മാസ് സിനിമ ആയിരിക്കും. മാസും ലൈഫും ലാഫും റൊമാന്‍സുമെല്ലാമുള്ള സിനിമയായിരിക്കും ഇത്. ചിലപ്പോള്‍ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമ. പലപ്പോഴും പാന്‍ ഇന്ത്യന്‍ സിനിമ എന്ന് കേള്‍ക്കുന്നതല്ലാതെ ഏത് ഡൈമെന്‍ഷനിലാണ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന് പറയുന്നതെന്ന് എനിക്ക് അറിയില്ല. ഞാനുണ്ടാക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ ഉണ്ട്. അതായിരിക്കാം ഈ സിനിമ,’ ഭദ്രന്‍ പറഞ്ഞു.

സ്ഫടികം റിലീസിനന്ന് തന്നെ ക്രിസ്റ്റഫറും റിലീസ് വെച്ചതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം പ്രസ് മീറ്റില്‍ പറഞ്ഞു. ‘വളരെ യാദൃശ്ചികമായിട്ട് നിങ്ങളൊന്ന് സങ്കല്‍പ്പിക്കുക. ഒരു ഓട്ടപ്പന്തയത്തിലേക്ക് ഉസൈന്‍ ബോള്‍ട്ടിനെയും ബെഞ്ചേഴ്സിനെയും ഒക്കെ ഓടാന്‍ വേണ്ടി ക്ഷണിച്ചുവെന്ന് സങ്കല്‍പ്പിക്കുക.

അവര്‍ ഓടാന്‍ വേണ്ടി വന്ന് ട്രാക്കില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്ന് വിചാരിക്കുക. ഉത്കണ്ഠയാണോ ഉണ്ടാവുക അതോ ഇനി ആര് ഓടിയാലും ഞാനാണ് ജയിക്കുക എന്ന ചിന്തയാണോ. അവരുടെ മനസില്‍ ഞാനാടാ ഫസ്റ്റ് എന്ന ചിന്തയായിരിക്കില്ലെ ഉണ്ടാവുക. ഇനി ആര് കൂടെ ഓടിയാലും കുഴപ്പമില്ല എന്ന മനോഭാവം ആണ് ഉണ്ടാവുക. അതുപോലെ എനിക്കും ഉത്കണ്ഠയൊന്നുമില്ല. സ്ഫടികം കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയേറ്ററില്‍ കാണാന്‍ വരും. അവര്‍ കണ്ട് പോകട്ടെ.

പിന്നെ വളരെ കൃത്യമായിട്ട് ഈ ദിവസം തന്നെ ചെയ്തത്, അതൊരു ശരിയായ കോമ്പറ്റേഷനാണോ, അനാരോഗ്യകരമായ കോമ്പിറ്റേഷനാണോ. എന്തായാലും സിനിമയല്ലെ നമ്മള്‍ ഇതൊക്കെ ഫേസ് ചെയ്തെ മതിയാകൂ,’ ഭദ്രന്‍ പറഞ്ഞു.

Content Highlight: badran talks about jim keny movie with mohanlal