Film News
കൊട്ടിഘോഷിക്കപ്പെട്ട മോഹന്‍ലാലിന് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 09, 02:53 pm
Thursday, 9th February 2023, 8:23 pm

ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ മാത്രമേ മികച്ചതാവൂ എന്ന് സംവിധായകന്‍ ഭദ്രന്‍. അയ്യര്‍ ദി ഗ്രേറ്റ്, വടക്കന്‍ വീരഗാഥ പോലെയുള്ള ചിത്രങ്ങള്‍ മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കില്ലെന്നും കഥാപാത്രത്തിന്റെ പകര്‍ച്ച അവതരിപ്പിക്കുന്ന ആക്ടര്‍ അനുഭവിക്കണമെന്നും ഭദ്രന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ പറ്റി ഭദ്രന്‍ പറഞ്ഞത്.

‘അയ്യര്‍ ദി ഗ്രേറ്റ് പോലെ ഒരു സിനിമയില്‍ മോഹന്‍ലാലിന് അഭിനയിച്ചുകൂടേ, നെടുമുടി വേണുവിന് അഭിനയിച്ചുകൂടേ, പക്ഷേ പറ്റില്ല. ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ മാത്രമേ വെടിപ്പുണ്ടാവൂ. ഹരിഹരന്‍ സാറിന്റെ വടക്കന്‍ വീരഗാഥയിലെ വേഷം ആര് അവതരിപ്പിക്കുമെന്നാണ് പറയുന്നത്?

എവിടെയെക്കെയോ കൊട്ടിഘോഷിച്ച മോഹന്‍ലാലിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയട്ടെ, വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. ഇത് ഞാന്‍ മമ്മൂട്ടിക്ക് കൊടുക്കുന്ന കോംപ്ലിമെന്റായി ഒന്നും കാണണ്ട. അതാണ് സത്യം.

അങ്ങനെ ചില വേഷങ്ങള്‍ ചെയ്യാന്‍ അയാള്‍ക്ക് മാത്രമേ പറ്റൂ. അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യനാരായണനെ മോഹന്‍ലാലിന് കണ്‍സീവ് ചെയ്യാന്‍ പറ്റില്ലന്നേ. അതൊരു സത്യമല്ലേ. ഒരു വേഷം ഒരാളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ആ പകര്‍ച്ച അയാള്‍ അനുഭവിക്കണ്ടേ. അങ്ങനെ അനുഭവിക്കുന്നതാണല്ലോ നമ്മള്‍ ഷൂട്ട് ചെയ്യേണ്ടത്,’ ഭദ്രന്‍ പറഞ്ഞു.

മോഹന്‍ലാലും ഭദ്രനും ഒന്നിച്ച ഹിറ്റ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. രണ്ടാം വരവിലും മികച്ച പ്രതികരണമാണ് ആടുതോമക്ക് ലഭിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രവും ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ജിം കെനി എന്നാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും ഇതുവരെ കാണാത്ത ലാലിനെയായിരിക്കും ചിത്രത്തില്‍ കാണുകയെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

Content Highlight: badran about mammootty’s performance