ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; സ്‌കൂളിന്റെ വാതില്‍ക്കലെത്തുന്ന കുഞ്ഞുങ്ങളെ അപമാനിക്കുന്നത് നിര്‍ത്തൂ: ഒളിംപ്യന്‍ ജ്വാല ഗുട്ട
national news
ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; സ്‌കൂളിന്റെ വാതില്‍ക്കലെത്തുന്ന കുഞ്ഞുങ്ങളെ അപമാനിക്കുന്നത് നിര്‍ത്തൂ: ഒളിംപ്യന്‍ ജ്വാല ഗുട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 9:41 am

ബെംഗളൂരു: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെ നടപടിയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.

തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു ജ്വാല ഗുട്ട അഭിപ്രായം വ്യക്തമാക്കിയത്.

കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കേണ്ട സ്ഥലങ്ങളാണ് സ്‌കൂളുകളെന്നും അതിന്റെ വാതില്‍ക്കലെത്തുന്ന കുഞ്ഞുങ്ങളെ അപമാനിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നുമാണ് ജ്വാല ഗുട്ട പറയുന്നത്.

കുഞ്ഞുങ്ങളെ ദയവായി ഇത്തരം രാഷ്ട്രീയക്കളികളുടെ ഭാഗമാക്കരുതെന്നും ബാഡ്മിന്റണ്‍ താരം ആവശ്യപ്പെട്ടു.

”സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന കുഞ്ഞ് പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. അവരുടെ ഏറ്റവും സുരക്ഷിതമായ ആശ്രയകേന്ദ്രങ്ങളായി മാറേണ്ട സ്ഥലമാണ് സ്‌കൂളുകള്‍.

ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ.

ഈ വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും ദയവായി ഇവരെ വെറുതെവിടുക. ഈ കുഞ്ഞു മനസുകളെ മുറിവേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിര്‍ത്തൂ,” ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന് മുമ്പാകെ തുടരും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഹിജാബും കാവി ഷാളും കോളേജിലേക്കോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ധരിക്കരുതെന്നാണ് കോടതി ഉത്തരവ്.


Content Highlight: Badminton player Jwala Gutta tweet on the hijab controversy