ബദ്‌ലാപൂർ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് കിൻഡർഗാർഡൻ വിദ്യാർത്ഥിനികൾ ലൈംഗികമായി പീഡനത്തിനിരയായ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും പൊലീസും ഗുരുതരമായ അനാസ്ഥ കാണിച്ചെന്ന് പരാതി. സ്‌കൂൾ പ്രിൻസിപ്പൽ പെൺകുട്ടികളിലൊരാളുടെ ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞെന്നും പകരം സൈക്കിൾ സവാരി മൂലം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതാകാമെന്ന് പറഞ്ഞതായും കുടുംബാംഗം ആരോപിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ദീർഘനേരം കാത്തിരിക്കാൻ നിർബന്ധിതരായെന്നും കുടുംബാംഗം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ അവരെ ഭീഷണിപ്പെടുത്തുകയും പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്താതായി കുടുംബാംഗം പറഞ്ഞു.
ആഗസ്റ്റ് 12-13 തീയതികളിൽ ബദ്‌ലാപൂർ സ്‌കൂളിലെ ശുചീകരണ തൊഴിലാളിയാണ് മൂന്നും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടികളിലൊരാളെ വീട്ടുകാർ വൈദ്യപരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതായി റിപ്പോർട്ടിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 16ന് കുടുംബം റിപ്പോർട്ടുമായി സ്‌കൂളിലെത്തിയെങ്കിലും സ്‌കൂൾ അധികൃതർ റിപ്പോർട്ട് തള്ളുകയായിരുന്നു.
പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. എന്നിരുന്നാലും, അവരുടെ പരാതികൾ പൊലീസ് ഉടൻ ഗൗരവമായി എടുത്തില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാദേശിക മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) നേതാക്കളുടെ ഇടപെടൽ ഉണ്ടായതായും അതിനാൽ 12 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ കാത്ത് നിൽക്കേണ്ടി വന്നെന്നും കുടുംബം പറഞ്ഞു. അതോടൊപ്പം പൊലീസ് എഫ്.ഐ.ആറിലെ മൊഴിയിൽ പല മാറ്റങ്ങൾ വരുത്തിയതായി കുടുംബാംഗം ആരോപിച്ചു.
ഓഗസ്റ്റ് 17 ന് രാവിലെ 9 ന് സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും 11.45 ന് മാത്രമാണ് പൊലീസ് എത്തിയതെന്ന് കുടുംബാംഗം പറഞ്ഞു. കുട്ടിയും അവളുടെ അച്ഛനും ഗർഭിണിയായ അമ്മയും മണിക്കൂറുകളോളം ആശുപത്രിയിൽ കാത്ത് നിൽക്കേണ്ടി വന്നു.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയുണ്ടായതായും കുടുംബം പറഞ്ഞു. കുട്ടികൾ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വന്നപ്പോൾ എന്തുകൊണ്ടാണ് വനിതാ ജീവനക്കാർ കൂടെ ചെല്ലാതിരുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ അധ്യാപകരോട് ചോദിച്ചു. രണ്ട് പെൺകുട്ടികളെയാണ് പ്രതി ടോയ്‌ലറ്റിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചത്.
സ്‌കൂളിൽ വിദ്യാർഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌ത സംഭവം മുമ്പും നടന്നതായി അറിഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗം അവകാശപ്പെട്ടു. ‘ഇതേ സ്‌കൂളിലെ ഒരു പുരുഷ അധ്യാപകൻ എട്ടാം ക്ലാസുകാരിയോട് സമാനമായ കുറ്റകൃത്യം ചെയ്തതായി ഞങ്ങൾ അറിഞ്ഞു,’ കുടുംബാംഗം ആരോപിച്ചു.
സംഭവം മൂടിവെക്കാൻ വനിതാ പൊലീസുകാരി സ്‌കൂൾ മാനേജ്‌മെൻ്റുമായി രഹസ്യ ചർച്ച നടത്തിയെന്നും കുടുംബം ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, മെഡിക്കൽ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥ കുടുംബത്തിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ തങ്ങളോട് ആവശ്യപ്പെട്ടെന്ന് കുടുംബാംഗം പറഞ്ഞു.
പ്രാദേശിക അധികാരികൾ കേസ് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും പൊലീസിന്റെ സമീപനവും ബൽദാപൂരിൽ ആഗസ്ത് 20 വൻ പ്രതിഷേധത്തിന് കാരണമായി. രോഷാകുലരായ നാട്ടുകാർ സ്കൂൾ തകർക്കുകയും ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight: Badlapur sex abuse: School said injuries due to cycling, claims girl’s family