| Wednesday, 21st August 2024, 6:28 pm

ബദ്‌ലാപൂര്‍ ലൈംഗികാതിക്രമത്തിനെതിരായ പ്രതിഷേധം; 40 പേര്‍ക്കെതിരെ കേസ്, ഫയല്‍ ചെയ്തത് 300 എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളെ ലൈംഗികാകമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ച ജനക്കൂട്ടത്തിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. പ്രതിഷേധത്തില്‍ പങ്കെടുത്ത 40 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ സംഭവത്തില്‍ 300ഓളം എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബദ്‌ലാപൂരിലെ നഴ്‌സറിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് 500ഓളം പ്രതിഷേധക്കാര്‍ ബദ്‌ലപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചത്. പ്രതിഷേധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുകയും സ്റ്റേഷന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ മഹാരാഷ്ട്ര പൊലീസ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ ശുചീകരണ തൊഴിലാളി ഓഗസ്റ്റ് 24 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി ഓഗസ്റ്റ് അഞ്ചിന് സംസ്ഥാനത്ത് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിലെ ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം), എന്‍.സി.പി(ശരദ് പവാര്‍ വിഭാഗം) എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിജയ് വെട്ടിയാര്‍ പ്രതികരിച്ചു.

എന്നാല്‍ പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റെയില്‍വേ സ്റ്റേഷന്‍ ഉപരോധമായ ‘റെയില്‍ രഖോ’ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ പ്രതികരിച്ചു.

അതേസമയം ലൈംഗികാതിക്രമക്കേസില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാത്തതില്‍ മഹാരാഷ്ട്ര പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. പരാതി ലഭിച്ചിട്ടും പൊലീസ് സമയബന്ധിതമായി നടപടികള്‍ കൈക്കൊണ്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വിമര്‍ശനമുന്നയിച്ചിരുന്നു.

ഓഗസ്റ്റ് 13നാണ് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നേഴ്‌സറി വിദ്യാര്‍ത്ഥികളായ മൂന്നും നാലും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളെ നഴ്‌സറിയിലെ ശുചീകരണ തൊഴിലാളി ലൈംഗികപീഡനത്തിനിരയാക്കുന്നത്. പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മിച്ചതോടെയാണ് അതിക്രമ വിവരം വീട്ടുകാര്‍ അറിയുന്നത്.

എന്നാല്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളൈ പതിനൊന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനില്‍പ്പിച്ചു. കൂടാതെ പ്രതിയുടെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസ് വിസമ്മതിച്ചു. ഒടുവില്‍ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്.

കേസില്‍ ദേശീയ ബാലാവകാശ കമ്മീഷനും സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Badlapur abuse: Police filed 300 FIR, 40 protesters got arrested

We use cookies to give you the best possible experience. Learn more