| Wednesday, 16th December 2020, 4:37 pm

തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയില് ചേര്‍ന്ന ബദിയടുക്കയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; എല്‍.ഡി.എഫിന് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയില് ചേര്‍ന്ന ബദിയടുക്കയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 19 അംഗ പഞ്ചായത്തില്‍ എട്ട് വീതം സീറ്റുകളില്‍ യു.ഡി.എഫും എന്‍.ഡി.എയും വിജയിച്ചു.

മൂന്ന് സീറ്റില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. 19 സീറ്റുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റുകളാണുണ്ടായിരുന്നത്. എട്ട് സീറ്റ് ബി.ജെ.പിക്കും. സി.പി.ഐ.എമ്മിന് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എന്‍ കൃഷ്ണഭട്ടും ഭാര്യ ഷീല കെ ഭട്ടും ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതൃത്വവുമായി മാസങ്ങളായി കൃഷ്ണഭട്ട് ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് കൃഷ്ണഭട്ടിനെതിരേ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇരുപത് വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. 2005 മുതല്‍ 2010 വരെ പഞ്ചായത്ത് അംഗവും 2010 മുതല്‍ 2015വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2015 മുതല്‍ 2020വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കൃഷ്ണ ഭട്ട്.

അതേസമയം ഇത്തവണ എല്‍.ഡി.എഫ് ജയിച്ച മൂന്ന് സീറ്റും കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ് കക്ഷികളില്‍ നിന്ന് പിടിച്ചെടുത്തതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Badiyadukka Panchayath Result Kerala Local Body Election 2020

We use cookies to give you the best possible experience. Learn more