| Wednesday, 6th November 2024, 5:58 pm

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടി; ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയ ഹരജി തള്ളിയാണ് കോടതി വിധി.

എല്‍.എം.വി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ ഭാരം വരുന്ന വാഹനങ്ങള്‍ വരെ ഓടിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് ഉത്തരവ്.

ബാഡ്ജ് ഒഴിവാക്കിക്കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ്. നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെയാണ് ഭേദഗതി ശരിവെച്ചത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഫയല്‍ ചെയ്ത ഹരജികളിലെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്‍.എം.വി ലൈസന്‍സ് ഉള്ളവര്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതാണ് റോഡപകടങ്ങള്‍ക്ക് കാരണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാദിച്ചത്. എല്‍.എം.വി ഉടമകള്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ പ്രതിസന്ധി നേരിടുന്നുവെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്പനികളുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

ഹെവി വെഹിക്കിള്‍ ഓടിക്കുന്നതിനായി എല്‍.എം.വി ലൈസന്‍സ് ഉള്ളവര്‍ക്ക് അനുമതി നല്‍കിയ മൂന്നംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹരജി സമര്‍പ്പിച്ചത്. 2017ലാണ് എല്‍.എം.വി ഉടമകള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.

2023ല്‍ മാത്രമായി റോഡപകടങ്ങളില്‍ 1.7 ദശലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജിയിലെ വാദങ്ങളെ തെളിയിക്കാന്‍ കഴിയും വിധത്തിലുള്ള റിപ്പോര്‍ട്ടുകളോ കണക്കുകളോ ഇല്ലെന്നും പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെയുള്ള സ്ഥാപങ്ങളാണ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചത്. 2022ല്‍ കമ്പനികളുടെ ഹരജി മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനത്തിനായി ഭരണഘടനാ ബെഞ്ചിന് കൈമാറുകയായിരുന്നു.

സാധാരണയായി എല്‍.എം.വി ലൈസന്‍സ് 18 വയസില്‍ ലഭിക്കുന്നതാണ്. അതേസമയം ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 20 വയസുമാണ്. പരമാവധി അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് ലഭിക്കുക.

Content Highlight: Badge not required for driving autorickshaw: Supreme Court

We use cookies to give you the best possible experience. Learn more