ഹിന്ദി സിനിമയില്‍ മലയാളം പറഞ്ഞ് പൃഥ്വിരാജ്, പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
Entertainment
ഹിന്ദി സിനിമയില്‍ മലയാളം പറഞ്ഞ് പൃഥ്വിരാജ്, പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th January 2024, 11:34 am

അന്യഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് നിരവധി പ്രശംസ നേടിയ നടനാണ് പൃഥ്വിരാജ്. 2005ല്‍ കനാ കണ്ടേന്‍ എന്ന സിനിമയിലൂടെ തമിഴിലും, 2012ല്‍ പൊലീസ് പൊലീസ് എന്ന സിനിമയിലൂടെയും അതേ വര്‍ഷം അയ്യാ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറിയ പൃഥ്വിരാജ് കഴിഞ്ഞ വര്‍ഷം റിലീസായ സലാര്‍ എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെയും അവതരിപ്പിച്ചു.

ഒരിടവേളക്ക് ശേഷം ഹിന്ദിയില്‍ പൃഥ്വി ചെയ്ത സിനിമയാണ് ബഡേ മിയാന്‍ ചോട്ടേ മിയാന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി’പ്രളയം സര്‍വനാശം വിതക്കും…’ പൃഥ്വിയുടെ ഈ മലയാളം ഡയലോഗിലൂടെയാണ് സിനിമയുടെ ടീസര്‍ ആരംഭിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ നായകന്മാരായെത്തുന്ന സിനിമയില്‍ പൃഥ്വിയാണ് വില്ലന്‍.

2017ല്‍ പുറത്തിറങ്ങിയ നാം ഷബാന എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് ബോളിവുഡില്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാശ്മീരിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പട്ടാളവേഷത്തില്‍ എത്തുന്ന ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ആക്ഷന്‍ ത്രില്ലറാണ്.

അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകന്‍. പൂജാ എന്റര്‍ടൈന്മെന്റ്‌സ്, അലി അബ്ബാസ് സഫര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ജാക്കി ഭഗ്നാനി, വശു ഭഗ്നാനി, അലി അബ്ബാസ് സഫര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മാനുഷി ഛില്ലാര്‍, സോനാക്ഷി സിന്‍ഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. 2024 ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Bade Miyan Chote Miyan teaser released