| Tuesday, 23rd April 2024, 11:51 am

ബജറ്റ് 350 കോടി, നായകന്മാര്‍ക്ക് 120 കോടി, പക്ഷേ കളക്ഷന്‍ വെറും 90 കോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബഡേ മിയാന്‍ ചോട്ടേ മിയാന്‍. സുല്‍ത്താന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അലി അബ്ബാസ് സംവിധാനം ചെയ്ത ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ്.

റിലീസിന് മുമ്പ് വന്‍ ഹൈപ്പുണ്ടായിരുന്ന ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ തകരുകയായിരുന്നു. പഴകിത്തേഞ്ഞ കഥയും തട്ടിക്കൂട്ട് ആക്ഷന്‍ സീനുകളുമായി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന സിനിമയെന്നാണ് ആദ്യദിനം തൊട്ട് കേട്ട അഭിപ്രായം. ഈദ് റിലീസായി എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് നേടിയത് വെറും 90 കോടി മാത്രമാണ്. 350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ചിത്രത്തിലെ പ്രധാന നായകനായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷറോഫിന്റെയും പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ചിത്രത്തിനായി അക്ഷയ് 80 കോടിയും ടൈഗര്‍ 40 കോടിയുമാണ് വാങ്ങിയത്. ഇരുവരുടെയും പ്രതിഫലം തന്നെ സിനിമയുടെ ബജറ്റിന്റെ മൂന്നിലൊന്നാണ്. എന്നാല്‍ ഈ പൈസ പോലും കളക്ഷനിലൂടെ നേടാന്‍ കഴിഞ്ഞിട്ടില്ല.

കരിയറിലെ ഏറ്റവും വലിയ പരാജയഘട്ടത്തിലൂടെയാണ് അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായല്ല അക്ഷയുടെ സിനിമകള്‍ മുടക്കുമുതലിന്റെ പകുതി പോലും നേടാനാകാതെ പരാജയപ്പെടുന്നത്. 2022-23 വര്‍ഷങ്ങളില്‍ റിലീസായ സിനിമകള്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

200ല്‍ റിലീസായ ബച്ചന്‍ പാണ്ഡേയുടെ ബജറ്റ് 160 കോടിയായിരുന്നു. സിനിമ വെറും 70 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 180 കോടി ബജറ്റിലെത്തിയ സാമ്രാട്ട് പൃഥ്വിരാജിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. 80 കോടി മാത്രം നേടി പൃഥ്വിരാജ് ബോക്‌സ് ഓഫീസില്‍ നിലംപരിശായി.

രാം സേതു, സെല്‍ഫി (ഡ്രൈവിങ് ലൈസന്‍സിന്റെ റീമേക്ക്), മിഷന്‍ റാണിഗഞ്ച് എന്നിവ പരാജയമായപ്പോള്‍ ഓ.എം.ജി 2 മാത്രമാണ് സമീപത്തില്‍ അക്ഷയുടെ ഒരേയൊരു ഹിറ്റ്.

ടൈഗര്‍ ഷറോഫിന്റെ കാര്യവും വ്യത്യസ്തമല്ല. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 മുതല്‍ ഇങ്ങോട്ട് ടൈഗര്‍ നായകനായ ഒരൊറ്റ ചിത്രം പോലും ബോക്‌സ് ഓഫീസില്‍ നിലം തൊട്ടിട്ടില്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറക്കാത്തത് സിനിമാമേഖലക്ക് വരുത്തുന്ന നഷ്ടം ചെറുതല്ല.

Content Highlight: Bade Miyan Chote Miyan collected less than the remuneration of Akshay Kumar and Tiger Shroff

We use cookies to give you the best possible experience. Learn more