| Monday, 24th June 2024, 2:25 pm

ബഡേ മിയാൻ ചോട്ടേ മിയാന്‍; ബാധ്യത 250 കോടി, ഒടുവിൽ നിർമാതാവ് ഓഫീസും വിറ്റെന്ന് റിപ്പോർട്ടുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബഡേ മിയാന്‍ ചോട്ടേ മിയാന്‍.

സുല്‍ത്താന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അലി അബ്ബാസ് സംവിധാനം ചെയ്ത ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ്. ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടൈൻമെന്റ് ആയിരുന്നു ചിത്രം നിർമിച്ചത്.

റിലീസിന് മുമ്പ് വന്‍ ഹൈപ്പുണ്ടായിരുന്ന ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ തകരുകയായിരുന്നു. പഴകിത്തേഞ്ഞ കഥയും തട്ടിക്കൂട്ട് ആക്ഷന്‍ സീനുകളുമായി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന സിനിമയെന്നാണ് ആദ്യദിനം തൊട്ട് കേട്ട അഭിപ്രായം. ഈദ് റിലീസായി എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് നേടിയത് വെറും 90 കോടി മാത്രമാണ്. 350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്.

ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം തീർക്കാനായി വഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വർത്തകൾ. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി പ്രൊഡക്ഷൻ ഹൗസ് സ്വീകരിച്ചിരുന്നു. എൺപത് ശതമാനത്തോളം ജോലിക്കാരെയും പിരിച്ചുവിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ പൂജ എന്റർടൈൻമെന്റിന്റെ ഭാഗമായ രുചിത കാംബ്ലെ, ഒട്ടും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നതെന്നും ശമ്പളം ലഭിക്കാൻ പാടുപെടുകയാണെന്നുമുള്ള വിമർശനവുമായി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ഇട്ടിരുന്നു.

അതേസമയം ചിത്രത്തിനായി അക്ഷയ് 80 കോടിയും ടൈഗര്‍ 40 കോടിയുമാണ് വാങ്ങിയത്. ഇരുവരുടെയും പ്രതിഫലം തന്നെ സിനിമയുടെ ബജറ്റിന്റെ മൂന്നിലൊന്നാണ്. എന്നാല്‍ ഈ പൈസ പോലും കളക്ഷനിലൂടെ നേടാന്‍ കഴിഞ്ഞിട്ടില്ല.

കരിയറിലെ ഏറ്റവും വലിയ പരാജയഘട്ടത്തിലൂടെയാണ് അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായല്ല അക്ഷയുടെ സിനിമകള്‍ മുടക്കുമുതലിന്റെ പകുതി പോലും നേടാനാകാതെ പരാജയപ്പെടുന്നത്. 2022-23 വര്‍ഷങ്ങളില്‍ റിലീസായ സിനിമകള്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

Content Highlight: Bade Mian Chote Mian; Liability 250 crores, reports that the producer has finally sold the office

We use cookies to give you the best possible experience. Learn more