| Monday, 19th June 2023, 1:06 pm

മോഹൻലാൽ ആ സിനിമയിൽ ഒരു തുള്ളി മദ്യപിച്ചിട്ടില്ല, ഞാനും മണിയൻപിള്ള രാജുവും കൂടിയല്ലേ ട്രെയിനിൽ കയറ്റി വിട്ടത്: ബദറുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമ പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടത്തോടെ കാണുന്ന ചിത്രമാണ്. ‘പിച്ചകപ്പൂ കാവുകൾക്കുമപ്പുറം’ എന്ന ഗാനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ മദ്യപിക്കുന്ന രംഗങ്ങളെപ്പറ്റി സംസാരിക്കുകയാണ് പ്രോഡക്‌ഷൻ കൺട്രോളർ ബദറുദ്ദീന്‍.

മദ്യപിച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ പറ്റില്ലെന്ന് ബദറുദ്ദീന്‍ പറഞ്ഞു. മദ്യപിച്ചാൽ ടേക്കുകൾ ശരിയാകില്ലെന്നും ഒരു സിനിമയിലും ഷൂട്ടിങ്ങിനായി മദ്യം ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഷൊർണൂർ-നിലമ്പൂർ ട്രെയിൻ യാത്രയിലും ഞാൻ ഉണ്ടായിരുന്നു. മദ്രാസിൽ ഷൂട്ട് ചെയ്യുമ്പോഴും കേരളത്തിൽ ഷൂട്ട് ചെയ്യുമ്പോഴും ഞാൻ കൂടെ പോയി. ഞാൻ ആ ചിത്രത്തിൽ അഭിനയിച്ചിട്ടും ഉണ്ട്. കോട്ടയം ബാറിൽ നിന്നും മോഹൻലാലിനെ ട്രെയിനിൽ കയറ്റി വിടുന്നത് ഞാനാണ്. ഞാനും സിദ്ദിഖും മണിയൻ പിള്ള രാജുവും കൂടിയല്ലേ ട്രെയിനിൽ കയറ്റി വിടുന്നത്. മോഹൻലാൽ ആ സിനിമയിൽ ഒരു തുള്ളി മദ്യപിച്ചിട്ടില്ല.

മദ്യപിച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. രണ്ട് ടേക്ക് ഓക്കേ ആയില്ലെങ്കിൽ പിന്നെ പിച്ചും പേയും പറയില്ലേ? മൂന്ന് ടേക്ക് ഓക്കേ ആയില്ലെങ്കിലോ? പിന്നെയും അടിക്കുമോ? മദ്യപിക്കുന്ന രംഗം ഒരിക്കലും മദ്യപിച്ചുകൊണ്ട് അഭിനയിക്കാൻ പറ്റില്ല.

ഒരു സിനിമാക്കാരും അവലംബിക്കാത്ത ഒന്നാണ് മദ്യപിക്കുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ യഥാർത്ഥ മദ്യം ഉപയോഗിക്കുന്നത്. അതൊന്നും പറ്റില്ല. നിങ്ങൾ കാണുമ്പോൾ രണ്ടോ മൂന്നോ മിനിട്ടുള്ള സീൻ ആയിരിക്കും, പക്ഷെ അത് എട്ടും, പത്തും മണിക്കൂർ ഒക്കെ എടുത്ത് ഷൂട്ട് ചെയ്യുന്നതാണ്. അതിനിടക്ക് മദ്യപിച്ചുകൊണ്ടിരുന്നാൽ പണിപാളി പോകും,’ബദറുദ്ദീന്‍ പറഞ്ഞു.

മോഹൻലാൽ അങ്ങനെ ഇപ്പോഴും മദ്യപിക്കില്ല. എന്തെങ്കിലും കാരണം വേണം അദ്ദേഹത്തിന് മദ്യപിക്കാൻ. എന്തെങ്കിലും ആഘോഷങ്ങൾ ഒക്കെ വരുമ്പോഴാണ് അദ്ദേഹം മദ്യപിക്കുന്നത്. എപ്പോഴും നാട്ടുകാർക്ക് വേണ്ടി നാട്യം നടത്താൻ പറ്റുമോ, പുളിക്കും ഇടക്ക് ആഘോഷിക്കണ്ടേ. അദ്ദേഹം കഴിക്കുന്നത് ആർക്കും അറിയില്ല. അത് ആരെയും അറിയാൻ അനുവദിച്ചിട്ടില്ല,’ബദറുദ്ദീന്‍ പറഞ്ഞു.

Content Highlights: Badarudheen on Mohanlal

We use cookies to give you the best possible experience. Learn more