അടുപ്പിച്ച് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം വേണ്ടെന്ന തീരുമാനത്തിലാണ് ദൃശ്യം എന്ന ചിത്രം മമ്മൂട്ടി വേണ്ടെന്ന് വെച്ചതെന്ന് പ്രോഡക്‌ഷൻ കോൺട്രോളർ ബദറുദ്ദീന്‍. ദൃശ്യം ഒരിക്കലും വലിയൊരു ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യത്തിന്റെ വിജയത്തിന് കാരണം ആ സിനിമയുടെ ഘടനയാണ്. ദൃശ്യം റിലീസ് ആകുന്നതിന് മുൻപുള്ള രണ്ട് ദിവസവും ഞാൻ മോഹൻലാലിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് അവരൊന്നും വിചാരിച്ചില്ല പടം ഇത്രയും ഹിറ്റാകുമെന്ന്. ആളുകൾക്ക് ഇഷ്ട്ടമാകുമെന്ന് അറിയാമായിരുന്നു, പക്ഷെ ഇത്രയും വലിയ സംഭവമാകുമെന്ന് ആരും വിചാരിച്ചില്ല. അത് ആ സ്ക്രിപ്റ്റിന്റെ മിടുക്കാണ്. സിനിമയുടെ അടിസ്ഥാനം എന്ന്പറഞ്ഞാൽ സ്ക്രിപ്റ്റാണ്. അത് വൃത്തികേടായിട്ട് വേണമെങ്കിൽ ഒരാൾക്ക് ഉണ്ടാക്കിയെടുക്കാം. നല്ല ആർട്ടിസ്റ്റും സംവിധായകനും നിർമാതാവും വിചാരിച്ചാൽ നന്നായി സിനിമ എടുക്കാം,’ ബദറുദ്ദീന്‍ പറഞ്ഞു.
അഭിമുഖത്തിൽ ദൃശ്യത്തിൽ മമ്മൂട്ടി അഭിനയിക്കാതിരുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ദൃശ്യത്തിന്റെ കഥ കേൾക്കുമ്പോൾ മമ്മൂട്ടി ചെയ്ത്കൊണ്ടിരുന്നതും അതിന് മുൻപ് ചെയ്തതും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയതുകൊണ്ടാണ് ആ സിനിമയിൽ നിന്നും പിന്മാറിയതെന്ന് ബദറുദ്ദീന്‍ പറഞ്ഞു.
‘ദൃശ്യത്തിന്റെ കഥയുമായി സംവിധായകൻ, മമ്മൂട്ടിയെ സമീപിച്ചു. അപ്പോൾ മമ്മൂട്ടി ചെയ്തുകൊണ്ടിരുന്നത് ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയായിരുന്നു, അതിന് മുൻപ് അദ്ദേഹം ചെയ്ത് കഴിഞ്ഞതും ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമായിരുന്നു. മമ്മൂട്ടി നോക്കുമ്പോൾ ഈ വർഷം ചെയ്യുന്നതൊക്കെ ഇൻവെസ്റ്റിഗേഷൻ ആയിപോയി. അപ്പോൾ അദ്ദേഹം തീരുമാനിച്ചു ഈ വർഷം ഇനി പോലീസ് വേഷങ്ങളോ ഇൻവെസ്റ്റിഗേഷനോ വേണ്ട, കുടുംബ ചിത്രം മതിയെന്ന്. ചിലപ്പോൾ വെറൈറ്റി അഡാപ്റ്റ് ചെയ്യാൻ അവരിലേക്ക് വരുന്ന സിനിമകൾ മാറ്റിക്കളയും. ഇത് തന്നെ മോഹൻലാലിനും സംഭവിക്കും. ഉദാഹരണത്തിന്, ഈ വർഷം ഒരു മൂന്ന്പോലീസ് വേഷം ചെയ്തെന്ന് വിചാരിച്ചോ, അല്ലെങ്കിൽ വക്കീൽ വേഷം ആയിക്കൊള്ളട്ടെ, ഇനി ഈ വർഷം അതുപോലെത്തെ വേഷം പറ്റില്ല വേറെ എന്തെങ്കിലും നോക്കാം എന്ന് അദ്ദേഹം വിചാരിക്കും.
കസബ ചെയ്യുന്ന സമയത്ത് വീണ്ടും പോലീസ് വേഷം കൊണ്ടുവന്നു, ഇനി ഈ വർഷം പോലീസ് വേഷം ചെയ്യില്ല അടുത്ത വർഷം ചെയ്യാമെന്ന് അദ്ദേഹം വിചാരിച്ചു. ഈ ചിത്രങ്ങളുടെയൊക്കെ തിരക്കഥ മോശമായതുകൊണ്ടല്ല നിരസിക്കുന്നത്,’ബദറുദ്ദീന്‍ പറഞ്ഞു.