ഡബ്ബ് ചെയ്തതിന്റെ തുക കുറഞ്ഞെന്നപേരിൽ നടൻ ശ്രീനിവാസൻ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് പ്രോഡക്‌ഷൻ കൺട്രോളർ ബദറുദ്ദീന്‍. ആദ്യകാലങ്ങളിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അത്തരത്തിൽ പണം ചോദിച്ച് വാങ്ങിയതെന്നും അന്ന് ഡബ്ബ് ചെയ്തത് നെടുമുടി വേണുവിന്റെ ഊമയായ കഥാപാത്രത്തിന് വേണ്ടിയായിരുന്നെനും അദ്ദേഹം പറഞ്ഞു. മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യകാലങ്ങളിൽ ശ്രീനിവാസൻ ഒക്കെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. ഞാൻ ഡബ്ബിങ്ങിനൊക്കെ വിളിച്ചിട്ട് പണം പോരെന്ന് പറഞ്ഞ് വഴക്കൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് പണം ഇല്ല, അതുകൊണ്ടാണ്. ഒരു ജോലി കിട്ടിയപ്പോൾ പരമാവധി പണം വാങ്ങിക്കാമെന്ന് ചിലപ്പോൾ ഓർത്ത് കാണും.
ഞങ്ങളുടെ ഇറങ്ങാത്ത ചിത്രമുണ്ട്. നെടുമുടി വേണു അതിൽ ഊമയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. തമാശ എന്തെന്നാൽ നെടുമുടി വേണു ആ ചിത്രത്തിൽ വേറൊരാൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. വേണുവിന് ഡബ്ബ് ചെയ്തേക്കുന്നത് ശ്രീനിവാസനും. അത് 1981ൽ ആയിരുന്നു.
ശ്രീനിവാസൻ പറയുന്നത് പ്രധാന കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് താനാണെന്നും, ഞങ്ങൾ പറയുന്നത് ഊമകൾക്ക് എന്ത് ശബ്‌ദമാണ് കൊടുക്കാൻ ഉള്ളതെന്നുമാണ്. ഒരു പടത്തിലെ ഹീറോക്ക് ഡബ്ബ് ചെയ്തത്തിനുള്ള പണം താ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അന്ന് പുള്ളി ചോദിച്ച് പണം വാങ്ങി. ചോദിച്ച് പണം വാങ്ങുക എന്നുള്ളതാണ് ഒരാളെ സിനിമാക്കാരൻ ആക്കുന്നത്. അല്ലെങ്കിൽ അവർ എങ്ങും എത്തില്ല ,’ ബദറുദ്ദീന്‍ പറഞ്ഞു.
മോഹൻലാലിന് നടൻ പ്രേംനസീറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്ന ശ്രീനിവാസന്റെ വിവാദ പരാമർശത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ശ്രീനിവാസന്റെ പരാമർശം അസ്ഥാനത്തായിരുന്നെനും ശ്രീനിവാസൻ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പറഞ്ഞതാകുമെന്നും ബദറുദ്ദീന്‍ പറഞ്ഞു.
‘ശ്രീനിവാസൻ അങ്ങനെ ഒരു കമന്റ് പറയേണ്ടിയിരുന്നില്ല. നസീർ സാർ ജീവിച്ചിരുപ്പുണ്ടായിരുന്നേൽ ആ പ്രോജക്ട് നടന്നേനെ. ശ്രീനിവാസന്റെ സംസാരം അസ്ഥാനത്തായി പോയി. പക്ഷെ അതൊക്കെ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സംഭവിച്ചതാകാനേ ചാൻസ് ഒള്ളു. ദാസൻ ഒരിക്കലും വിജയനെക്കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല,’ ബദറുദ്ദീന്‍ പറഞ്ഞു.