| Wednesday, 21st June 2023, 11:37 am

മോഹൻലാലിനേക്കാൾ വലിയ നടൻ ആയിരുന്ന ശങ്കറിന് എന്താണിപ്പോൾ സിനിമ ഇല്ലാത്തത് ?; ഇനി മലയാളത്തിൽ സൂപ്പർ സ്റ്റാർ ഉണ്ടാകില്ല: ബദറുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാള സിനിമയിലെ റൊമാന്റിക് ഹീറോ ആയിരുന്ന നടൻ ശങ്കർ ഇപ്പോൾ സിനിമയിൽ അത്രകണ്ട് ആക്റ്റീവ് അല്ല. മുൻകാല നടന്മാരെക്കുറിച്ചും അവരുമൊത്തുള്ള ഓർമകളും പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബദറുദ്ദീന്‍.

മുൻകാലങ്ങളിൽ മോഹൻലാലിനേക്കാൾ വലിയ നടനായിരുന്നു ശങ്കറെന്നും ഇപ്പോൾ അദ്ദേഹത്തിന് സിനിമകൾ കുറയാൻ കാരണം അദ്ദേഹത്തിന്റെ ശൈലികൾ ആളുകൾക്ക് ഇഷ്ടപ്പെടാത്തതാവാം എന്നും ബദറുദ്ദീന്‍ പറഞ്ഞു. മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുകാലത്ത് മോഹൻലാലിനേക്കാൾ വലിയ നടനായിരുന്നു ശങ്കർ. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇപ്പോൾ സിനിമകൾ ഇല്ലാത്തത്? അതിന് കാരണം നമുക്ക് എല്ലാവർക്കും അറിയാം, ശങ്കറിനും അറിയാം. അദ്ദേഹത്തിന്റെ ശൈലികൾ ആർക്കും ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ പ്രൊഡ്യൂസർമാർ അദ്ദേഹത്തെ വിളിക്കുന്നില്ല. അതുപോലെ തന്നെ റഹ്‌മാനെയും ആരും വിളിക്കുന്നില്ലല്ലോ. അതിനുള്ള ഉത്തരം ശരിക്കും എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഇങ്ങനെ ഒരു പ്രതിഭാസം സിനിമയിൽ ഉണ്ട്,’ ബദറുദ്ദീന്‍ പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം മമ്മൂട്ടിയെപ്പറ്റിയും സുരേഷ് ഗോപിയെപ്പറ്റിയും സംസാരിച്ചു. മമ്മൂട്ടി ആളുകളുടെ ബുദ്ധിയും ഡിപ്ലോമസിയും ശ്രദ്ധിക്കുമെന്നും സുരേഷ് ഗോപി ഉള്ളത് മുഖത്തു നോക്കി പറയുന്ന തരത്തിലുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടി വളരെ പെട്ടെന്ന് റെസ്പോണ്ട് ചെയ്യുന്ന ആളാണ്. ആളുകളുടെ ബുദ്ധിയും ഡിപ്ലോമസിയൊക്കെ അദ്ദേഹം നോക്കും. സുരേഷ് ഗോപി മറ്റൊരു പ്രകൃതം ആണ്. ഇഷ്ടമുള്ളത് ഇഷ്ടമാണെന്നും അല്ലാത്തവ ഇഷ്ടമല്ലെന്ന് തുറന്ന് പറയുകയും ചെയ്യും. അദ്ദേഹം ഉള്ളത് മുഖത്ത് നോക്കി പറയുന്ന ആളാണ്. ഇവരൊന്നും ഇത് മനഃപൂർവം ചെയ്യുന്നതല്ല. അതൊക്കെ അവരുടെ സ്വാഭാവിക സ്വഭാവമാണ്. എത്രനാൾ ഇതൊക്കെ ഒതുക്കിവെച്ച് നടക്കും.

ഇനി എന്തായാലും മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാറും വരില്ല. മൂന്നാല് വർഷം കൊണ്ട് ആർട്ടിസ്റ്റുകൾ മാറിക്കൊണ്ടിരിക്കും. കാരണം അഭിനയിക്കാൻ ഇനിയും പിള്ളേർ നിൽക്കുന്നുണ്ടല്ലോ. പണ്ട് മദ്രാസിൽ പോയി കഷ്ടപ്പെടണം. അതുകൊണ്ട് വളരെ ട്രെയിൻഡ് ആയവർ മാത്രമാണ് ഈ ഫീൽഡിലേക്ക് വരികയുള്ളു. ഇപ്പോൾ ആർക്കും നടനാകാം,’ബദറുദ്ദീന്‍ പറഞ്ഞു.

Content Highlights: Badarudeen on Shankar and Mohanlal

We use cookies to give you the best possible experience. Learn more