ഫ്ലൈ ഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 225 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര മുന്‍ പൊതുമരാമത്തു മന്ത്രിയുമായ ബാദല്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ എംഎല്‍എയായ ബാദല്‍ ചൗധരി ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചൗധരിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങും കേസില്‍ പ്രതിയാണ്.
638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടു എന്നതാണ് പ്രധാന ആരോപണം.
2008-09 ല്‍, ഫ്ലൈ ഓവര്‍ നിര്‍മാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മില്‍ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷന്‍സ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.
പിന്നീടതു റദ്ദാക്കി. തുടര്‍ന്ന്, പാര്‍ട്ടി ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായണ്‍ കറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യമനുവദിച്ചു.
ഇതിനിടെ, ബാദലിനെ അറസ്റ്റ് ചെയ്യാത്തതിനു ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 8 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് വൈദ്യസഹായം തേടിയ ബാദലിന്റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് വെസ്റ്റ് ത്രിപുര ജില്ലാ പോലീസ് സൂപ്രണ്ട് മണിക് ദാസ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും സി.പി.എം. സംസ്ഥാന സെക്രട്ടറി ഗൗതം ദാസും ആശുപത്രിയിലെത്തി ബാദലിനെ കണ്ടു. സംസ്ഥാനത്ത് നാലുതവണ പൊതുമരാമത്ത് മന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവായ ചൗധരി.
അതേസമയം ബാദലിന്റെ അറസ്റ്റ് പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ തെളിവാണെന്ന് സി.പി.ഐ.എം പ്രതികരിച്ചു. ഫ്ലൈ ഓവര്‍ പദ്ധതിയെക്കുറിച്ചു പൊതു മരാമത്ത് വകുപ്പ് തൃപ്തികരമായ വിശദീകരണം നല്‍കിയതോടെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ഒഴിവാക്കിയിരുന്നു. എന്നാല്‍, സിഎജിക്കു പ്രശ്നമില്ലെങ്കിലും ഞങ്ങള്‍ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് പ്രതിപക്ഷത്തെ വേട്ടയാടലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവാണ് ബാദല്‍ ചൗധരി. ഗുരുതരകുറ്റങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്നതാണ് ബിജെപി സര്‍ക്കാരുകളുടെ രീതിയെന്നും യെച്ചൂരി പറഞ്ഞു.