| Friday, 27th July 2012, 8:09 am

തമിഴ്‌നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത വെള്ളം കേരളത്തില്‍ വില്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത വെള്ളം കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ശുചിത്വമില്ലാത്തതിനാല്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് പൂട്ടിച്ച തേനിയിലെ പ്ലാന്റുകളില്‍ നിന്നുള്ള വെള്ളമാണ് പേര് മാറ്റി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സംശയം. []

ഇടുക്കിയിലെ പലയിടങ്ങളിലും ഇത്തരം കുപ്പിവെള്ളങ്ങളുടെ വില്‍പന വ്യാപകമായി നടക്കുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കുമളി ടൗണിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കുപ്പിവെള്ളം എത്തിക്കുന്നതിന്റെ സൂചന ലഭിച്ചത്.

വെള്ളംവാങ്ങിയ ബില്ലുകള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അത് ഇല്ലെന്നായിരുന്നു കട ഉടമയുടെ മറുപടി. ഇത് സംശയത്തിനിടയാക്കിയതിനെ തുടര്‍ന്ന് മൊത്തവില്‍പ്പന കേന്ദ്രത്തില്‍ പരിശോധന നടത്തി. എന്നാല്‍ അവിടെയും അടച്ച നികുതി രസീറ്റോ മറ്റ് രേഖകളോ കണ്ടെത്താനായില്ല.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച വെള്ളമാണിതെന്നും നികുതി വെട്ടിച്ചാണ് എത്തിച്ചതെന്നും സ്ഥിരീകരിച്ചത്. തേനിയിലെ സ്വകാര്യ കമ്പനിയുടെ ലേബലുണ്ടെങ്കിലും പായ്ക്ക്  ചെയ്ത തീയതിയുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല.

രണ്ടാഴ്ച മുന്‍പ് തേനിയിലെ കുപ്പിവെള്ള നിര്‍മാണ പ്ലാന്റുകളില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇവിടെ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്ലാന്റുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. ചെറിയ കുപ്പിക്ക് പുറമെ 20 ലിറ്ററിന്റെ വലിയ കുപ്പിയിലുള്ള വെള്ളവും ഇത്തരത്തിലെത്തിക്കുന്നുണ്ട്.

ഹൈറേഞ്ചിലെ മറ്റ് കടകളില്‍ പരിശോധന നടത്തിയപ്പോഴും ഇതേ വെള്ളം വില്‍ക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more