മറ്റൊരു വര്‍ഷവും കൂടി കടന്നുപോവുകയാണ്. പല ഴോണറുകളില്‍ മികച്ച കണ്ടന്റുകളുള്ള ഒരുപിടി സിനിമകള്‍ ഈ വര്‍ഷം പിറവിയെടുത്തു. ഭാഷാവ്യത്യാസമില്ലാതെ പല സിനിമകളും സ്വീകരിക്കുകയും ചെയ്തു. ചില സിനിമകള്‍ കണ്ടുകഴിഞ്ഞിട്ടും മനസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കി നിലനിന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്ന് തോന്നിപ്പിച്ച സിനിമകളും ഈ വര്‍ഷം കാണാന്‍ സാധിച്ചു. അത്തരത്തില്‍ തിയേറ്ററില്‍ നിന്ന് കഷ്ടപ്പെട്ട് കണ്ടുതീര്‍ത്ത ചില സിനിമകള്‍ നോക്കാം.
ലാല്‍ സലാം
സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലെത്തുന്ന സിനിമ എന്നായിരുന്നു ലാല്‍ സലാമിന്റെ പ്രധാന പരസ്യവാചകം. സ്‌ക്രീനില്‍ രജിനികാന്ത് ആണെങ്കില്‍ എത്രനേരം വേണമെങ്കിലും അയാളെ കണ്ടിരിക്കാം എന്ന് ചിന്തിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ലാല്‍ സലാം അതിന് ഒരു അപവാദമായി മാറി. രജിനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിനെ എങ്ങനെ അവതരിപ്പിക്കരുത് എന്നതിന് ഒരു മാതൃകയായി ലാല്‍ സലാം മാറി.
എ.ആര്‍. റഹ്‌മാന്റെ പാട്ടുകള്‍ പോലും ചിത്രത്തെ രക്ഷിച്ചില്ല. ഇമോഷണല്‍ സീനുകളില്‍ രജിനികാന്തിന്റെ പ്രകടനം ട്രോള്‍ മെറ്റീരിയലായി മാറുന്നതിനും ലാല്‍ സലാം വഴിയൊരുക്കി. കരിയറില്‍ ആദ്യമായി ഒരു രജിനികാന്ത് ചിത്രം 50 കോടി പോലും നേടാതെ തിയേറ്റര്‍ വിടുകയും പല ഒ.ടി.ടി പ്ലാറ്റഫോമുകളും ചിത്രത്തെ തള്ളിക്കളഞ്ഞതും വലിയ വാര്‍ത്തയായി മാറി. സിനിമ തീര്‍ന്നിട്ടും ടൈറ്റിലും ചിത്രത്തിന്റെ കഥയും തമ്മിലുള്ള ബന്ധം ആലോചിച്ച് ഒരുപാട് സമയം പാഴാക്കേണ്ടി വന്നു.
ഓസ്‌ലര്‍
ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ ആദ്യ ചോയ്‌സായിരുന്ന ജയറാം തുടര്‍പരാജയങ്ങള്‍ക്ക് ശേഷം നായകനായ ചിത്രമായിരുന്നു ഓസ്‌ലര്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം കാലങ്ങളായി ത്രില്ലര്‍ സിനിമകള്‍ പിന്തുടരുന്ന അതേ പാറ്റേണില്‍ തന്നെയാണ് ഒരുങ്ങിയത്. മമ്മൂട്ടിയുടെ അതിഥിവേഷവും മിഥുന്‍ മുകുന്ദന്റ സംഗീതവും അതിനോടൊപ്പം മിഥുന്‍ മാനുവലിന്റെ മേക്കിങ്ങും ഒരു പരിധിവരെ രക്ഷപ്പെടുത്തി. എന്നിരുന്നാലും അമച്വര്‍ സംഭാഷണങ്ങളും ക്ലീഷേ കഥയും ചിത്രത്തെ പിന്നോട്ടുവലിച്ചു. തിയേറ്ററില്‍ നിന്ന് 40 കോടിയിലധികം കളക്ഷന്‍ ലഭിച്ച് വിജയമാകാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
തങ്കമണി
ഈ വര്‍ഷത്തെ ഏറ്റവും മോശം തിയേറ്റര്‍ അനുഭവമെന്ന് തങ്കമണിയെ വിശേഷിപ്പിക്കാം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ എന്ന ലേബലിലെത്തിയ ചിത്രം വലിയ ക്രൂരതയാണ് പ്രേക്ഷകരോട് കാണിച്ചത്. അഭിനയം, സംവിധാനം, മേക്കിങ് തുടങ്ങി സകലമേഖലകളിലും പരാജയമായ ഈ വര്‍ഷത്തെ ചുരുക്കം സിനിമകളിലൊന്ന് തങ്കമണിയാണ്.
മലയാളസിനിമ മാറിയതറിയാതെ ഇപ്പോഴും പഴയകാലത്തെ രീതിയില്‍ സിനിമകള്‍ ചെയ്യുന്ന ദിലീപ് ഇതുപോലുള്ള സിനിമകളാണ് ചെയ്യുന്നതെങ്കില്‍ അധികം വൈകാതെ ഫീല്‍ഡ് ഔട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ 2
60 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു മോശം സിനിമ പോലുമില്ലാതിരുന്ന കമല്‍ ഹാസന്റെ ഏറ്റവും മോശം ചിത്രമായി ഇന്ത്യന്‍ 2 മാറി. എന്തിരന് ശേഷം കൈയിലെ മരുന്ന് തീര്‍ന്ന ഷങ്കര്‍ കോടികള്‍ പൊടിപൊടിക്കുന്ന സിനിമയാണ് ബ്രഹ്‌മാണ്ഡമെന്ന ചിന്തയിലാണ് ഇപ്പോഴും കഴിയുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൡലൊന്നായ സേനാപതിയെ വെറും ട്രോള്‍ മെറ്റീരിയലാക്കി ഇന്ത്യന്‍ 2 മാറ്റി.
മൂന്ന് മണിക്കൂര്‍ തിയേറ്ററിനകത്തിരുന്ന് ഇന്ത്യന്‍ 2 കണ്ടപ്പോള്‍ എന്തെങ്കിലും വര്‍മവിദ്യ ഉപയോഗിച്ച് പ്രേക്ഷകനെയും മയക്കിക്കിടത്തിക്കൂടെ എന്ന് സംവിധായകനോട് ചോദിക്കാന്‍ തോന്നി. എടുത്ത് പറയാന്‍ ഒരു പോസിറ്റീവ് പോലുമില്ലാത്ത ബിഗ് ബജറ്റ് ചിത്രമായി ഇന്ത്യന്‍ 2 ലിസ്റ്റില്‍ ഇടംപിടിച്ചു.
ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം
അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ട് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷം തിയേറ്ററുകളിലെത്തിയ സിനിമ. തരം കിട്ടുമ്പോഴെല്ലാം നായകന്‍ ഗോട്ട് ആണെന്നും തലവനാണെന്നും പറഞ്ഞുകൊണ്ടേയിരുന്ന സിനിമയായിരുന്നു ഗോട്ട്. വിജയ്‌യുടെ ഇതുവരെയുള്ള സിനിമകളിലെ ചേഷ്ടകളം ഡയലോഗുകളും മാഷപ്പ് പോലെ ചേര്‍ത്തുവെച്ച സിനിമ ആരാധകര്‍ക്ക് പോലും നിരാശ സമ്മാനിച്ചു. 400 കോടി കളക്ഷന്‍ നേടി അണിയറപ്രവര്‍ത്തകര്‍ സേഫ് ആയെങ്കിലും പ്രേക്ഷകര്‍ക്ക് ചിത്രം കണ്ടുതീര്‍ക്കുക എന്നത് കഠിനാനുഭവമായി മാറി.
കങ്കുവ
രണ്ടരവര്‍ഷത്തെ മേക്കിങ്, നാടുനീളെയുള്ള പ്രൊമോഷന്‍, ഇതെല്ലാം കണ്ട് പുലര്‍ച്ചെ സിനിമ കാണാന്‍ പോയവരെ ടോര്‍ച്ചര്‍ ചെയ്ത സിനിമയായിരുന്നു കങ്കുവ. കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ ഒരുങ്ങിയ കങ്കുവ കണ്ടിറങ്ങിയപ്പോള്‍ ചെവിക്കകത്ത് മൂളലും തലയില്‍ പെരുപ്പും മാത്രമേ അവശേഷിച്ചുള്ളൂ. ചെവിയുടെ ഡയഫ്രം അടിച്ചുപോകുന്ന തരത്തില്‍ സൗണ്ട് മിക്‌സ് ചെയ്ത കങ്കുവ ഈ വര്‍ഷത്തെ മോശം സിനിമക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ 2വിന് ഒത്ത എതിരാളിയായി മാറി.
പുഷ്പ 2
മൂന്ന് വര്‍ഷത്തിന് ശേഷം കാടിളക്കിയുള്ള ഹൈപ്പില്‍ പുറത്തുവന്ന സിനിമ. ആദ്യഭാഗത്തില്‍ തീര്‍ക്കേണ്ട കാര്യം വലിച്ചുനീട്ടി രണ്ടാം ഭാഗത്തിലേക്കും അവിടന്ന് മൂന്നാം ഭാഗത്തിലേക്കും റബ്ബര്‍ ബാന്‍ഡ് നീട്ടുന്നതുപോലെ നീട്ടി വെച്ചിട്ടുണ്ട്. മൂന്നേകാല്‍ മണിക്കൂര്‍ ചിത്രത്തില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ വരെ കടിച്ചുപിടിച്ച് കണ്ടിരുന്നെങ്കിലും അവസാന അരമണിക്കൂര്‍ അസഹനീയമായി മാറി. ആദ്യമായി ഒരു സിനിമയുടെ ക്ലൈമാക്‌സിന് തിയേറ്റര്‍ മുഴുവന്‍ കൂവുന്നത് പുഷ്പ 2വിലൂടെ കണ്ടു.
പാന്‍ ഇന്‍ഡ്യന്‍ എന്ന പേരില്‍ എന്ത് കാണിച്ചാലും പ്രേക്ഷകര്‍ കാണുമെന്ന ചിന്തയില്‍ എന്ത് അബദ്ധവും എടുത്തുവെക്കുന്ന സംവിധായകര്‍ പ്രേക്ഷകരെ വിലകുറച്ചുകാണുന്നതിനുള്ള മറുപടിയാണ് പല സിനിമകളുടെയും പരാജയകാരണം. വരും വര്‍ഷങ്ങളില്‍ ഇത്തരം അസഹനീയസിനിമകളുടെ എണ്ണം കുറയുമെന്ന് കരുതുന്നു.
Content Highlight: Bad theatre experience movies of 2024