ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ ഈ അവസ്ഥയില്‍ കടുത്ത ആരാധകര്‍ക്ക് പോലും പ്രത്യേകിച്ച് ഒരു വികാരവും തോന്നിക്കാണില്ല. കാരണം കുറച്ചു നാളുകളായി ഇന്ത്യന്‍ ടീമിന്റെ അവസ്ഥയിങ്ങനെയാണ്.
മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളെ പരിഗണിക്കാതിരിക്കുകയും അഥവാ ടീമിലെടുത്താല്‍ തന്നെ ബെഞ്ചിലിരുത്തുകയും ചെയ്യുന്ന സെലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡും ഫേവററ്റിസം തന്നെയാണ് തങ്ങളുടെ പ്രഖ്യാപിത നയമെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും കഴിഞ്ഞപ്പോള്‍ തന്നെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളിയും വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ തറപറ്റിച്ചത്.
ധോണിയുടെ കാലത്തിന് ശേഷം ഇന്ത്യ ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിനോട് ബംഗ്ലാദേശില്‍ വെച്ച് പരമ്പര തോറ്റിരിക്കുകയാണ്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബംഗ്ലാദേശിന്റെ കളി മികവിനേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥയും പിടിപ്പുകേടും തന്നെയാണ്.
മികച്ച ഫോമിലുള്ള താരങ്ങളെ തഴഞ്ഞ്, ഫോമിന്റെ ഏഴയലത്ത് പോലുമില്ലാത്ത താരങ്ങളെ ടീമിലുള്‍പ്പെടുത്തി ഫേവറിറ്റിസം കളിച്ച ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖത്തേറ്റ അടിയാണ് ഈ പരമ്പര തോല്‍വി.
ഫോം മാത്രം അടിസ്ഥാനമാക്കി ടീം സെലക്ട് ചെയ്ത ഒരു ഭൂതകാലം ഇന്ത്യക്കുണ്ടായിരുന്നു. ഫോം ഔട്ടിന്റെ പേരില്‍ വിരേന്ദര്‍ സേവാഗിനെയടക്കം പുറത്തുനിര്‍ത്തിയ ഒരു ക്രിക്കറ്റ് ബോര്‍ഡ് നമ്മള്‍ക്കുണ്ടായിരുന്നു. ഇത്രത്തോളം രാഷ്ട്രീയം പിടിമുറുക്കാത്ത ബി.സി.സി.ഐ മുന്‍കാലങ്ങളിലുണ്ടായിരുന്നു. ആ ഭൂതകാലത്തിന്റെ ഓര്‍മകള്‍ മാത്രമേ പരമ്പരാഗത ഇന്ത്യന്‍ ആരാധകര്‍ക്കുള്ളൂ.
ഇത് വ്യക്തമാക്കുന്ന സംഭവങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ സാധിക്കുന്നതുമാണ്.
പരമ്പരക്ക് മുമ്പ് തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന റിഷബ് പന്തിന് പരിക്കേറ്റിരുന്നു. ഇക്കാര്യം ബി.സി.സി.ഐക്കും വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തിന് മിനിട്ടുകള്‍ മുമ്പ് മാത്രമായിരുന്നു പന്തിന് പരിക്കേറ്റതിനാല്‍ കളിക്കാന്‍ സാധിക്കില്ലെന്നും ആയതിനാല്‍ താരത്തെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കുകയാണെന്നും ബി.സി.സി.ഐ അറിയിച്ചത്.
ഇതിനൊപ്പം മറ്റാരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ബോര്‍ഡിന്റെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഹര്‍ഷ ഭോഗ്ലെയടക്കമുള്ളവര്‍ ബി.സി.സി.ഐയുടെ ഈ നയത്തിനെതിരെ രംഗത്തു വന്നിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ്‍ നാട്ടിലുണ്ടായിട്ടും എന്തുകൊണ്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നായിരുന്നു ഭോഗ്ലെയുടെ ചോദ്യം.
പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏല്‍പിച്ചതാകട്ടെ കെ.എല്‍. രാഹുലിനെയും. ആ തീരുമാനം എത്രത്തോളം അബദ്ധമായിരുന്നുവെന്ന് രാഹുല്‍ ആ മത്സരത്തില്‍ തന്നെ കാണിച്ചുതരികയും ചെയ്തിരുന്നു.
ബംഗ്ലാദേശിന് ജയിക്കാന്‍ 31 റണ്‍സ് വേണമെന്നിരിക്കെ അവസാന വിക്കറ്റായ മെഹിദി ഹസന്റെ സിമ്പിള്‍ ക്യാച്ച് രാഹുല്‍ താഴെയിടുകയായിരുന്നു. ആ ഡ്രോപ് ക്യാച്ചാണ് കളിയുടെ ഗതി തന്നെ മാറ്റി മറിച്ചത്. ഹസന്റെ വെടിക്കെട്ടില്‍ ബംഗ്ലാദേശ് ജയിച്ചുകയറിയപ്പോള്‍ തല താഴ്ത്തി നില്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യക്ക് കഴിഞ്ഞത്.
രണ്ടാം മത്സരത്തിലും അതേ ഫോര്‍മുലയുമായി ഇന്ത്യ കളത്തിലിറങ്ങിയപ്പോള്‍ മത്സരവും പരമ്പരയും തോറ്റു എന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല.
2022ല്‍ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര തോല്‍വിയാണിത്. ഈ വര്‍ഷത്തെ ആദ്യ ഏകദിന പരമ്പര തന്നെ തോറ്റുകൊണ്ടു തുടങ്ങിയ ഇന്ത്യ 2022ലെ അവസാന ഏകദിന പരമ്പരയും തോറ്റുകൊണ്ടാണ് 2022യോട് ഗുഡ് ബൈ പറയുന്നത്.
ദക്ഷിണാഫ്രിക്കയോട് തോറ്റായിരുന്നു ഇന്ത്യ 2022 ആരംഭിച്ചത്. 2021 ഡിസംബര്‍ 26നായിരുന്നു ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ പരാജയപ്പെടുകയും പരമ്പര നഷ്ടപ്പെടുത്തുകയുമായിരുന്നു.
ടെസ്റ്റ് പരമ്പരയിലെ പരാജയം മറികടക്കാനായിട്ടായിരുന്നു ഇന്ത്യ ജനുവരി 19ന് ബോളണ്ട് പാര്‍ക്കില്‍ വെച്ച് നടന്ന ആദ്യ ഏകദിനത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 296 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 265ല്‍ അവസാനിച്ചതോടെ പ്രോട്ടീസ് 31 റണ്‍സിന്റെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചു.
രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തില്‍ നാല് റണ്‍സിനും തോല്‍വിയടഞ്ഞു. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കക്കായി.
തുടര്‍ന്ന് നടന്ന പല പരമ്പരകളും പര്യടനങ്ങളും ജയിച്ചുകൊണ്ടായിരുന്നു ഇന്ത്യ മുന്നോട്ട് കുതിച്ചത്.. എന്നാല്‍ നവബംറില്‍ ന്യൂസിലാന്‍ഡ് ആ കുതിപ്പിന് തടയിട്ടു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും മഴ കൊണ്ടുപോയപ്പോള്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ അഡ്വാന്റേജില്‍ ന്യൂസിലാന്‍ഡ് 1-0ന് സീരീസ് സ്വന്തമാക്കുകയായിരുന്നു.
ഇപ്പോഴിതാ, ബംഗ്ലാദേശിനോടും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ടീം സെലക്ഷനില്‍ ഫോം എത്രത്തോളം പ്രധാനമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ബോധ്യം വന്നിട്ടുണ്ടാകാന്‍ ഇടയില്ല. ആ ബോധ്യം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന് ഈ അവസ്ഥ വരില്ലായിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെങ്കിലും ബി.സി.സി.ഐ ഫോം അടിസ്ഥാനമാക്കി ടീം സെലക്ട് ചെയ്യണം, അല്ലാത്തപക്ഷം സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെടേണ്ടി വരുമെന്നുറപ്പാണ്.
Content Highlight: Bad team selections by BCCI