| Saturday, 13th July 2024, 2:43 pm

ദുരന്ത നായകനായി അക്ഷയ് കുമാര്‍; റീമേക്ക് ഇറക്കിയിട്ടും പരാജയം, സിനിമ കാണാന്‍ തിയേറ്ററില്‍ ആളില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒടുവിലിറങ്ങിയ ചിത്രങ്ങളെല്ലാം നിരത്തി പരാജയപ്പെട്ട അക്ഷയ് കുമാറിന് ഏറെ പ്രതീക്ഷ നല്‍കിയ സിനിമയാണ് സര്‍ഫിറാ. തമിഴ് ചിത്രമായ സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് 2020ലായിരുന്നു റിലീസ് ചെയ്തത്.

ഡെക്കാണ്‍ എയറിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതകഥയായ സിംപ്ലി ഫ്ളൈ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയുടെ കഥ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമക്ക് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്.

ചിത്രത്തിലെ പ്രകടനത്തിന് സൂര്യക്ക് മികച്ച നടനും അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. സുധാ കൊങ്കര തന്നെയാണ് സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കായ സര്‍ഫിറായും ഒരുക്കിയിരുന്നത്. സ്ഥിരമായി ഹിറ്റ് സിനിമകള്‍ റീമേക്ക് ചെയ്യുന്ന അക്ഷയ് കുമാറിന് സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കില്‍ വലിയ പ്രതീക്ഷയായിരുന്നു ഉള്ളത്.

ജൂലൈ 12ന് റിലീസ് ചെയ്ത സര്‍ഫിറാക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടിയാണ് സിനിമക്ക് നേടാനായത്. താരത്തിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഈയിടെയിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ വന്‍പരാജയമായിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി തുടങ്ങിയ സിനിമകളൊക്കെ പരാജയമായിരുന്നു.

2022ലായിരുന്നു സര്‍ഫിറായുടെ ചിത്രീകരണം ആരംഭിച്ചത്. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ അബുന്ദനിറ്റ എന്റര്‍ടൈമെന്റ്‌സും സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സര്‍ഫിറാ നിര്‍മിക്കുന്നത്.

തമിഴില്‍ വില്ലന്‍ വേഷത്തിലെത്തിയ പരേഷ് റാവല്‍ തന്നെയാണ് ഹിന്ദിയിലും വില്ലന്‍. നെടുമാരന്‍ രാജാങ്കമായി വിസ്മയിപ്പിച്ച സൂര്യയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. രാധിക മദന്‍, സീമാ ബിശ്വാസ്, ശരത് കുമാര്‍, സൗരഭ് ഗോയല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജി.വി. പ്രകാശ്, തനിഷ്‌ക് ബാഗ്ചി, സുഹിത് അഭയങ്കാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Bad Response For Akshay Kumar’s Sarfira Movie

We use cookies to give you the best possible experience. Learn more