ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 72 റണ്‍സിനായിരുന്നു രാജസ്ഥാന്‍ ഓറഞ്ച് ആര്‍മിയെ പരാജയപ്പെടുത്തിയത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മോശം തീരുമാനത്തിന്റെ പുറത്താണ് രാജസ്ഥാന്റെ വിന്നിങ് മാര്‍ജിന്‍ കുറഞ്ഞതെന്നാണ് ഒരു കോണില്‍ നിന്നും ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നത്.
ഇംപാക്ട് പ്ലെയറായി നവ്ദീപ് സെയ്‌നിയെ കളത്തിലിറക്കിയതാണ് 90+ റണ്‍സിന് വിജയിക്കേണ്ട മത്സരത്തിന്റെ വിജയമാര്‍ജിന്‍ കുറച്ചതെന്നാണ് ആരാധകരുടെ വാദം.
രണ്ട് ഓവര്‍ പന്തെറിഞ്ഞ സെയ്‌നി ആകെ വിട്ടുനല്‍കിയത് 34 റണ്‍സാണ്. അതുവരെ ഒരു നോ ബോള്‍ പോലും ഇല്ലാതിരുന്ന മത്സരത്തില്‍ മൂന്ന് നോ ബോള്‍ ആണ് സെയ്‌നി എറിഞ്ഞത്. മത്സരത്തില്‍ നോ ബോള്‍ എറിഞ്ഞ ഏക താരവും സെയ്‌നി തന്നെ.
എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വാരിക്കോരി റണ്‍സ് വിട്ടുനല്‍കിയ സെയ്‌നിയെ വീണ്ടും പന്തേല്‍പിച്ചു എന്നതാണ് ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നാണ് ആരാധകര്‍ പറയുന്നത്.
രാജസ്ഥാന് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞതില്‍ ഏറ്റവും മോശം പ്രകടനം നടത്തിയതും സെയ്‌നി തന്നെയാണ്. ഏഴിന് മേലെ എക്കോണമി റേറ്റില്‍ പന്തെറിഞ്ഞതും നവ്ദീപ് സെയ്‌നി മാത്രമായിരുന്നു.
യൂസ്വേന്ദ്ര ചഹല്‍ – 4.25
കെ.എം. ആസിഫ് – 5.00
ട്രെന്റ് ബോള്‍ട്ട് – 5.25
ജേസണ്‍ ഹോള്‍ഡര്‍ – 5.33
ആര്‍. അശ്വിന്‍ – 6.75
നവ്ദീപ് സെയ്‌നി – 17.00, എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാന്‍ ബൗളര്‍മാരുടെ എക്കോണമി.
ഐ.പി.എല്ലില്‍ ഇതുവരെ നടന്ന അഞ്ച് മത്സരത്തിലും ഇംപാക്ട് പ്ലെയറെക്കൊണ്ട് ഒരു ടീമിനും ഇതുവരെ ഗുണമുണ്ടായിട്ടില്ല. പല ടീമിനും ഈ താരത്തെ കൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണ് വന്നിട്ടുള്ളതും.
ചെന്നൈ സൂപ്പര്‍ കിങ്‌സിലെ തുഷാര്‍ ദേശ്പാണ്ഡേയും മുംബൈ ഇന്ത്യന്‍സിലെ ബ്രെഹ്രന്‍ഡോര്‍ഫും രാജസ്ഥാനായി കളത്തിലിറങ്ങിയ നവ്ദീപ് സെയ്‌നിയും ഇത്തരത്തില്‍ ടീമിന് നഷ്ടങ്ങള്‍ മാത്രം വരുത്തി വെച്ച ഇംപാക്ട് പ്ലെയേഴ്‌സാണ്.
Content Highlight: Bad performance of Navdeep Saini against Sunrisers Hyderabad