| Tuesday, 7th February 2023, 9:10 am

അവിടെ പറയാന്‍ കപ്പിന്റെ കണക്കോ ഹിസ്റ്ററിയോ പോലുമില്ലല്ലോ ക്രിക്കറ്റ് ദൈവമേ... തോല്‍വി അവിടെയാണെങ്കിലും കരച്ചില്‍ ഇങ്ങ് 'ധാരാവി'യില്‍ അടക്കമാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫ്രാഞ്ചൈസിക്ക് തോല്‍വിയൊഴിയുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനോട് 76 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് എം.ഐ കേപ്ടൗണിന് നേരിടേണ്ടി വന്നത്. ഇത് ടീമിന്റെ തുടര്‍ച്ചയായ നാലാം പരാജയമാണ്.

അവസാനം കളിച്ച അഞ്ച് കളിയില്‍ നാലിലും തോറ്റാണ് എം.ഐ കേപ്ടൗണ്‍ പോയിന്റ് പട്ടികയിലെ അവസാനക്കാരായി തുടരുന്നത്. 2022 ഐ.പി.എല്ലിനെ അനുസ്മരിപ്പിക്കുന്നത് പോലെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും കരകയറാന്‍ സാധിക്കാത്ത ദൈവത്തിന്റെ പോരാളികളാണ് എസ്.എ 20യിലെയും കാഴ്ച.

കളിച്ച പത്ത് മത്സരത്തില്‍ വറും മൂന്നെണ്ണത്തില്‍ മാത്രമാണ് എം.ഐ കേപ്ടൗണിന് ജയിക്കാന്‍ സാധിച്ചത്. നെറ്റ് റണ്‍ റേറ്റാകട്ടെ -0.500ഉം. ചില മത്സരങ്ങളില്‍ ലഭിച്ച ബോണസ് പോയിന്റടക്കം പത്ത് മത്സരത്തില്‍ നിന്നും 13 പോയിന്റാണ് കേപ്ടൗണിന്റെ അക്കൗണ്ടിലുള്ളത്.

എം.ഐ കേപ്ടൗണിന്റെ പരാജയം അങ്ങ് സൗത്ത് ആഫ്രിക്കന്‍ മണ്ണിലാണെങ്കിലും ആ പരാജയച്ചൂട് ഇവിടുത്തെ ആരാധകര്‍ക്ക് തന്നെയാണ്.

കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ എം.ഐ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എം.ഐ നായകന്‍ റാഷിദ് ഖാന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ പുറത്തെടുത്തതും.

സൂപ്പര്‍ കിങ്‌സിന്റെ രണ്ട് ഓപ്പണര്‍മാരെയും പൂജ്യത്തിന് പുറത്താക്കിയ എം.ഐ 34ാം റണ്‍സില്‍ മൂന്നാം വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ വണ്‍ ഡൗണ്‍ ബാറ്ററായി എത്തിയ ഡു പൂളിയുടെ വെടിക്കെട്ടിന് എം.ഐ ബൗളര്‍മാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

48 പന്തില്‍ നിന്നും 11 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 81 റണ്‍സാണ് ഡു പൂളി നേടിയത്. അഞ്ചാമന്‍ മാത്യു വേഡും കട്ടക്ക് നിന്നതോടെ ജോബെര്‍ഗ് സ്‌കോര്‍ ഉയര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ജോബെര്‍ഗ് നേടിയത്.

ഒരു ഓവറില്‍ ഒമ്പത് എന്ന റിക്വയേര്‍ഡ് റണ്‍ റേറ്റുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.ഐ ആദ്യ ഓവറുകളില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചിരുന്നു. റാസി വാന്‍ ഡെര്‍ ഡസന്റെയും മൂന്നാമന്‍ ഗ്രാന്റ് റോയ്‌ലോഫ്‌സന്റെയും ഇന്നിങ്‌സ് ടീം സ്‌കോറിന് അടിത്തറയിട്ടു. എന്നാല്‍ ടീം സ്‌കോര്‍ 50ലെത്തും മുമ്പ് ഇരുവരും പുറത്തായത് കേപ്ടൗണിനെ ഞെട്ടിച്ചു. നാലാമനായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രെവിസും ചെറുത്ത് നിന്നെങ്കിലും വിജയത്തിന് അതൊന്നും പോരാതെ വരികയായിരുന്നു.

തുടര്‍ന്ന് ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ നിലം പൊത്തിയതോടെ എം.ഐയുടെ ചെറുത്ത് നില്‍പ് 17.5 ഓവറില്‍ 113ന് അവസാനിച്ചു.

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ഐ.ഐ കേപ്ടൗണിന് ഇനി ലീഗില്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. എന്നാല്‍ ഐ.എല്‍ ടി-20യില്‍ എം.ഐ എമിറേറ്റ്‌സ് തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കെയ്‌റോണ്‍ പോള്ളാര്‍ഡിന്റെ നേതൃത്വത്തിലിറങ്ങിയ ടീം പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്.

Content Highlight: Bad performance of MI Cape Town in SA20

Latest Stories

We use cookies to give you the best possible experience. Learn more