| Wednesday, 29th March 2023, 11:03 pm

ബി.ജെ.പി ഭരണം മോശം; കര്‍ണാടക കോണ്‍ഗ്രസിനെന്ന് അഭിപ്രായ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ ഫലം. എ.ബി.പി-സി.വി നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന ഫലങ്ങള്‍ വന്നിരിക്കുന്നത്.

സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 115 മുതല്‍ 127 വരെ സീറ്റും ലഭിക്കുമെന്നും ബി.ജെ.പിക്ക് 68 മുതല്‍ 80 സീറ്റും ലഭിക്കുമെന്ന് പറയുന്നു. ജനദാതള്‍ 23 മുതല്‍ 35 വരെ സീറ്റുകളില്‍ വിജയിക്കും.

നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് 50.5 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. 27.7 ശതമാനം പേരെ ഭരണത്തില്‍ സംതൃപ്തരായിട്ടുള്ളൂവെന്നും സര്‍വേയില്‍ പറയുന്നു.

അതേസമയം 57.1 ശതമാനം പേര്‍ ഇപ്പോഴത്തെ സര്‍ക്കാരിനോട് ദേഷ്യമാണുള്ളതെന്നും പ്രതികരിച്ചു.

സര്‍വേയില്‍ മുഖ്യമന്ത്രി ബസുവരാജ ബൊമ്മൈയുടെ ഭരണത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. അതില്‍ 46.9 ശതമാനം പേര്‍ ഭരണം മോശമാണെന്നും 26.8 ശതമാനം പേര്‍ നന്നായിരുന്നുവെന്നും രേഖപ്പെടുത്തി.

കര്‍ണാടകയില്‍ നിലവിലുള്ള പ്രശ്‌നങ്ങളെയും വോട്ടര്‍മാര്‍ സര്‍വേയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടുത്തെ പ്രധാന പ്രശ്‌നമായി ഉയരുന്നത് തെഴിലില്ലായ്മയാണ്. 29.1 ശതമാനം പേരാണ് തൊഴിലില്ലായ്മക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്.

വൈദ്യുതി, വെള്ളം, റോഡ് മുതലായവയാണ് വലിയ പ്രശ്‌നമായി 21.5 ശതമാനം പേര്‍ പറഞ്ഞിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമായി മാറാന്‍ പോകുന്നത് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാടുകളും ലിംഗായത്തുകളുടെ ന്യൂനപക്ഷ പദവിയുമാണെന്ന് 30.8 ശതമാനം പേര്‍ വ്യക്തമാക്കി.

എന്നാല്‍ 24.6 ശതമാനം പേര്‍ പറയുന്നത് മതദ്രുവീകരണമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായി മാറാന്‍ പോകുന്നതെന്നാണ്.

അടുത്ത മുഖ്യമന്ത്രിയായി കര്‍ണാടക ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയെയാണെന്നും സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 39.1 ശതമാനം പേരാണ് സിദ്ധരാമയ്യക്ക് വേണ്ടി വോട്ട് ചെയ്തത്. എന്നാല്‍ 31.1 ശതമാനം പേര്‍ ബൊമ്മൈയെയും ആഗ്രഹിക്കുന്നുണ്ട്.

ജെ.ഡി.എസിലെ എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ, ശിവകുമാര്‍ എന്നിവര്‍ക്ക് വേണ്ടി യഥാക്രമം 21.4 പേരും 3.2 പേരും വോട്ട് രേഖപ്പെടുത്തി.

മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടണ്ണല്‍  13നായിരിക്കും. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് 124 പേരുടെ പട്ടികയും ജെ.ഡി.എസ് 93 പേരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു.

content highlight: Bad governance by BJP; Opinion Survey Karnataka Congress

We use cookies to give you the best possible experience. Learn more