‘ഒരുപാട് സ്വപ്നങ്ങളെ കൂടെ കൂട്ടിയാണ് തുടര്‍പഠനം എന്ന ലക്ഷ്യത്തോടെ വയനാടന്‍ മണ്ണില്‍ നിന്നും ചുരം കയറിയത്. ഹയര്‍സെക്കണ്ടറിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടി പാസായ ശേഷമാണ് എന്റെ ജീവിതത്തില്‍ അന്ന് വരെ കേട്ടിട്ട് പോലുമില്ലാത്ത സാമൂതിരി ഗുരുവായൂരപ്പന്‍ കോളെജില്‍ തുടര്‍പഠനത്തിനായി എത്തിയത്. കലാലയ ജീവിതം ഞങ്ങളില്‍ പലര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്തതാണെന്ന് പലരും പറഞ്ഞെങ്കിലും എന്റെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ കലാലയം എന്തെന്ന് തന്നെ അറിയാന്‍ തീരുമാനിച്ചു. എന്നാല്‍ അതൊരിക്കലും എന്റെ കൊഴിഞ്ഞുപോക്കിന് കാരണമാവുമെന്ന് കരുതിയിരുന്നില്ല.’
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളെജില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ ഒരു വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണിത്. വയനാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ബിരുദം നേടുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്ടെത്തിയ ഈ പെണ്‍കുട്ടിക്ക് ഇന്നും തന്റെ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആറാം സെമസ്റ്ററിലെ ഒരു പേപ്പര്‍ കൂടി എഴുതിയെടുക്കാനുണ്ട്.
ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നത് ഉന്നത വിദ്യഭ്യാസത്തിലെ ഇന്റേര്‍ണല്‍ അസെസ്‌മെന്റ് എന്ന പുതിയ സമ്പ്രദായം വിമര്‍ശിക്കപ്പെടുന്നതിനാലാണ്. ഒരു വിദ്യാര്‍ത്ഥിയുടെ പഠന നിലവാരത്തെ അളക്കാനും അവരുടെ ഭാവി നിര്‍ണ്ണയിക്കാനും ഇന്റേര്‍ണല്‍ മാര്‍ക്കിന് കൂടി പ്രസക്തിയുണ്ട് എന്ന കാലത്തെത്തി നില്‍ക്കുമ്പോഴാണ്. ഇന്റേര്‍ണല്‍ അസെസ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ ഇന്റേര്‍ണല്‍മാര്‍ക്കുമായി ബന്ധപ്പെട്ട് കോളെജില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നവരില്‍ ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിറങ്ങിയ വിദ്യാര്‍ത്ഥി
‘മൂന്ന് പേര്‍ക്കാണ് ഇന്റേര്‍ണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് എച്ച്.ഒ.ഡിയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. 2015-2017 ലെ പി.ജി എം.എസ്.സി അപ്ലൈഡ് ജിലോളജി ബാച്ച് ആയിരുന്നു ഞങ്ങളുടേത്. 11 പേരായിരുന്നു ക്ലാസില്‍. നാലാം സെമസ്റ്ററിന്റെ ഫലം വന്ന സമയത്ത് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് മാത്രം ഇന്റേര്‍ണല്‍മാര്‍ക്ക് ഇരുപതില്‍ അഞ്ച് വീതം. പത്ത് മാര്‍ക്ക് ഇന്റേര്‍ണല്‍ ഉള്ള വിഷയത്തിന് രണ്ട് മാര്‍ക്കും. അതേസമയം ബാക്കി കുട്ടികള്‍ക്ക് ഇതേ വിഷയത്തില്‍ പത്തില്‍ കൂടുതലോ പതിമൂന്നില്‍ കൂടുതലോ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് മാത്രമാണ് ഇത്രയും കുറഞ്ഞ ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കിയിട്ടുള്ളത്. സാധാരണഗതിയില്‍ ഒരു ഡിപ്പാര്‍പ്പ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ അത് പ്രസിദ്ധപ്പെടുത്തുകയും അതില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പ് വെക്കുകയും ചെയ്യും. എന്നാല്‍ അന്ന് അത് ചെയ്തിരുന്നില്ല. മുന്‍പ് ലഭിച്ച ഇന്റേര്‍ണല്‍ മാര്‍ക്ക് കൃത്യമായതിനാല്‍ തന്നെ അപ്പോള്‍ ഇത് ചോദ്യം ചെയ്തിരുന്നുമില്ല. സെമസ്റ്റര്‍ ഫലം വന്നപ്പോഴാണ് മൂന്ന് പേരുടെ മാത്രം ഇന്റേര്‍ണല്‍മാര്‍ക്കില്‍ ഇങ്ങനെയൊരു ക്രമക്കേട് നടന്നതായി മനസ്സിലാവുന്നത്.
രണ്ടാമതായി ഡെസറ്റേഷന്‍ വര്‍ക്ക് എണ്‍പത് മാര്‍ക്കിലാണ് നല്‍കുന്നത്. 40 മാര്‍ക്കാണ് ഒരു വിദ്യാര്‍ത്ഥിക്ക് മിനിമം ലഭിക്കേണ്ടത്. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് ഈ മിനിമം മാര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. അങ്ങനെ ഞങ്ങള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്കായി ആകെ നല്‍കിയത് നൂറില്‍ നാല്‍പ്പത്തഞ്ച് മാര്‍ക്കാണ്. ഈ സര്‍ട്ടിഫിക്കറ്റുമായി നമ്മള്‍ മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റിനെതിരെ പ്രവര്‍ത്തിച്ച അല്ലെങ്കില്‍ അക്കാദമിക്ക് ആക്ടിവിറ്റികള്‍ ഒന്നും ചെയ്യാത്ത ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇതേസമയം എഴുത്ത് പരീക്ഷയില്‍ ഞങ്ങള്‍ നല്ല മാര്‍ക്കും ലഭിച്ചിട്ടുണ്ട്.
ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് അനിവാര്യമായതിനാല്‍ തന്നെ ഞങ്ങള്‍ എച്ച്.ഒ.ഡിയോട് കാര്യം തിരക്കി. പക്ഷെ സംസാരിക്കാന്‍ താല്‍പ്പര്യമില്ലയെന്ന മറുപടിയാണ് ലഭിച്ചത്. ‘കൃത്യമായ മാര്‍ക്കാണ്, ഔദ്യോഗികമാണ്, നിങ്ങള്‍ ഇത് മാത്രമാണ് അര്‍ഹിക്കുന്നത്, ഇതില്‍ മാറ്റമൊന്നുമില്ല’ എന്നായിരുന്നു പ്രതികരണം. പിന്നീട് വൈസ് ചാന്‍സിലറേയും രജിസ്ട്രാറെയും കണ്ട് പരാതി നല്‍കി. പരാതിക്ക് ശേഷവും എച്ച്.ഒ.ഡിയെ കണ്ടപ്പോള്‍ ആദ്യം ലഭിച്ച അതേ പ്രതികരണമായിരുന്നു.
എന്നാല്‍ രണ്ടാമത്തെ ദിവസം അധ്യാപകന്‍ തന്നെ വിളിച്ച് സംഭവിച്ചത് ക്ലറിക്കല്‍ മിസ്റ്റെയ്ക്ക് ആണെന്ന് പറയുകയുണ്ടായി. അഞ്ച് എന്നുള്ളതൊക്കെ പതിനഞ്ച് എന്നാണ്. അതാണ് നിങ്ങളുടെ യഥാര്‍ത്ഥ മാര്‍ക്ക് എന്ന് പറഞ്ഞു. എന്നാല്‍ അതിനെ ചോദ്യം ചെയ്തപ്പോള്‍ വിഷയത്തെ മറ്റ് രീതിയിലേക്ക് കൊണ്ട് പോകേണ്ടതില്ല. നമുക്ക് ഇതിനെ ക്ലറിക്കല്‍ മിസ്റ്റെയിക്കായി നിലനിര്‍ത്താം, അതേ ഒരു മാര്‍ഗമുള്ളുവെന്നായിരുന്നു അവരുടെ പ്രതികരണം. നിങ്ങള്‍ക്ക് മാര്‍ക്ക് തരാന്‍ ഞങ്ങള്‍ തിരുമാനിച്ചെന്നും അവര്‍ പറയുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്തുകൊണ്ടായിരിക്കും മൂന്ന് പേര്‍ക്ക് മാത്രം ഇന്റേര്‍ണല്‍മാര്‍ക്ക് കുറഞ്ഞിട്ടുണ്ടാവുക?
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള മനോഭാവവും തിരിച്ചുണ്ടാവുന്ന പ്രതികരണവും പോലും ഇന്ന് ഇന്റേര്‍ണല്‍ മാര്‍ക്കിനെ ബാധിക്കുന്നുണ്ട്.
പല അധ്യാപകരും തമിഴ്നാട്, മദ്രാസ് യൂണിവേഴ്സിറ്റികളില്‍ പഠിച്ച് വന്നവരാണ്. അവരുടെ പൊതുധാരണയില്‍ ഇപ്പോഴും വിദ്യഭ്യാസം എന്നത് ഗുരുകുല സമ്പ്രദായത്തിലാണെന്നതാണ്. അധ്യാപകര്‍ പറയുന്നത് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ കേള്‍ക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനോ സ്വാതന്ത്രമായി നടക്കാനോ പാടില്ലെന്ന ധാരണയാണ്. സ്വാാഭാവികമായും ഇത് വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ മനോഭാവത്തില്‍ മാറ്റം വരികയും അത് ഇന്റേര്‍ണല്‍ മാര്‍ക്കില്‍ പ്രതിഫലിക്കുകയും ചെയ്യും.
ഞാന്‍ മനസിലാക്കിയിടത്തോളം എനിക്ക് ഇന്റേര്‍ണല്‍മാര്‍ക്ക് കുറയാന്‍ കാരണം അധ്യാപകന് എന്നോടുള്ള വ്യക്തിപരമായ വിരോധമായിരുന്നു. അധ്യാപകരുടെ പോരായ്മകള്‍ ചോദ്യം ചെയ്തയായിരുന്നു അതിനുള്ള കാരണം. രണ്ടാമതൊരു കാര്യം രാഷ്ട്രീയമാണ്. അധ്യാപകന്റേയും വിദ്യാര്‍ത്ഥിയുടേയും വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ വരെ ഇന്റേര്‍ണല്‍ മാര്‍ക്കിനെ ബാധിക്കുന്നുണ്ട്. സ്വാശ്രയ കോളെജ് ആയത് കൊണ്ട് തന്നെ അധ്യാപകരുടെ കയ്യിലും നിരവധി കണ്‍ട്രോളുകള്‍ ഉണ്ട്. ചിലപ്പോഴൊക്കെ എക്‌സ്റ്റേര്‍ണല്‍ മാര്‍ക്കിലും അധ്യാപകരുടെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തന്നെ പറയാം.
വിദ്യാര്‍ത്ഥികളെ വരച്ചവരയില്‍ നിര്‍ത്താന്‍ അവരുടെ കയ്യിലുള്ള ഒരു ആയുധമായി മാറികൊണ്ടിരിക്കുകയാണ് ഇന്റേര്‍ണല്‍മാര്‍ക്ക്. ഒന്നുകില്‍ ഇന്റേണല്‍ മാര്‍ക്ക് ഇടുന്ന രീതി മാറ്റണം. അല്ലെങ്കില്‍ മൊത്തം സിസ്റ്റം മാറ്റിയിട്ട് പുതിയൊരു സിസ്റ്റം ഡെവലപ്പ് ചെയ്ത് കൊണ്ടുവരണം.
ഒരു കുട്ടിയെ കണ്‍ട്രോള്‍ ചെയ്യാനും അവന്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നതിനും ഇന്റേര്‍ണല്‍ മാര്‍ക്ക് ഉപകാരപ്പെടും എന്നുള്ള ധാരണ രൂപപ്പെട്ടിട്ടുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം പാസായ മറ്റൊരു വിദ്യാര്‍ത്ഥി തനിക്ക് നേരിട്ട അനുഭവം ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു
എനിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചിടാന്‍ കാരണം എന്റെ രാഷ്ട്രീയമായിരുന്നു. കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ മാര്‍ക്കാണ് കുറച്ചിട്ടുള്ളത്. അവിടുത്തെ എച്ച്. ഒ.ഡിക്ക് അത് താല്‍പര്യമില്ലായിരുന്നു. പല തവണ അത് വിലക്കിട്ടുള്ളതുമാണ്. അതിനെ ഗൗനിക്കാതെ മുന്നോട്ട് പോയതാണ് മാര്‍ക്ക് കുറച്ചിടാന്‍ കാരണം. പക്ഷെ ഈ കാര്യത്തില്‍ എല്ലാ അധ്യാപകരേയും കുറ്റം പറയില്ല. പി.ജി. പഠിക്കുന്ന സമയത്താണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുള്ളത്. മുന്‍പ് പഠിച്ച കോളേജുകളിലെ അധ്യാപകര്‍ കുട്ടികള്‍ രാഷ്ട്രീയമായി ഇടപെടണമെന്നും പൊളിറ്റിക്കലി സെന്‍സിറ്റീവ് ആയ ഒരു കാമ്പസ് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരായിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ഒരു കോളെജില്‍ നിന്നും ബിരുദം പാസായ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്നത്
ഞാന്‍ ബി.എ ഇക്കണോമിക്‌സ് ആയിരുന്നു പഠിച്ചത്. എനിക്ക് മൂന്നാമത്തെ സെമസ്റ്ററില്‍ ഒരു പേപ്പര്‍ കിട്ടാനുണ്ടായിരുന്നു. ഒരു പേപ്പര്‍ മാത്രമായതിനാല്‍ തന്നെ മോഡറേഷന് കൊടുക്കാമെന്ന് കരുതി യൂണിവേഴ്‌സിറ്റിയില്‍ പോയപ്പോഴാണ് ആറാം സെമസ്റ്ററിന് അധ്യാപകന്‍ തനിക്ക് ഇന്റേണലിന് ഒരു മാര്‍ക്ക് നല്‍കിയ കാര്യം അറിഞ്ഞത്. എന്തായാലും ഒരു മാര്‍ക്കൊന്നും എനിക്ക് കിട്ടാന്‍ സാധ്യതയില്ല. ഏറ്റവും കുറഞ്ഞ മാര്‍ക്കാണിത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആ ബാച്ചിലെ ഞാനടക്കമുള്ള നിരവധി കുട്ടികള്‍ക്ക് പൂജ്യം, ഒന്ന് എന്നിങ്ങനെയാണ് ഇന്റേര്‍ണല്‍മാര്‍ക്ക് ഇട്ടത്. ആര്‍ക്കും അഞ്ചിന്റെ മുകളിലോട്ട് മാര്‍ക്ക് ഇട്ടിട്ടില്ല. അഞ്ചാം സെമസ്റ്ററിലും ഇന്റേര്‍ണലിന്റെ അവസ്ഥ ഇത് തന്നെയായിരുന്നു. പക്ഷെ പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടിയത് കൊണ്ട് പരീക്ഷ പാസാവുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇന്റേര്‍ണല്‍മാര്‍ക്ക് കുറച്ചുവെന്നതിന് വ്യക്തമായ കാരണമൊന്നുമില്ല. അധ്യാപകന്‍ പറഞ്ഞത് എനിക്ക് ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷെ എനിക്ക് 87 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നു. പല വിദ്യാര്‍ത്ഥികളും പഠനം നിര്‍ത്തി പോയിട്ടുമുണ്ട്. ചിലര്‍ക്ക് പ്രതികരിക്കാനും കഴിഞ്ഞില്ല. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.