ഇസ്‌ലമാബാദ്: പണമില്ലാത്തതിനാല്‍ രാജ്യത്ത് വരാനിരിക്കുന്ന മോശം സാഹചര്യം മുന്‍നിര്‍ത്തി അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍ ധനകാര്യമന്ത്രി മിഫ്ത ഇസ്മയില്‍ പറഞ്ഞു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്ഥാന്‍ തെഹ്രിക്-ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണം ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷരിഫിന്റെ സര്‍ക്കാരാണ് ബുദ്ധിമുട്ടുന്നതെന്ന് ഇസ്മയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ ബജറ്റ് കമ്മി 1,600 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അത് 3500 ഡോളറായി ഉയര്‍ന്നിരുന്നുവെന്ന് ഇസ്മയില്‍ പറഞ്ഞു.
ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന് യാതൊരു തരത്തിലുള്ള വളര്‍ച്ചയും സ്ഥിരതയും കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് കമ്മി ഉര്‍ത്തുകയും വായ്പതുകയില്‍ 80 ശതമാനം വര്‍ധനവും വരുത്തുമ്പോള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അത് പ്രതികൂലമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൂന്നു മാസത്തേക്ക് രാജ്യത്ത് ഒരുതരത്തിലുള്ള ഇറക്കുമതിയും ഞാന്‍ അനുവദിക്കില്ല. ഞാന്‍ ഒരു നയം കൊണ്ടുവരും, വളര്‍ച്ചയില്‍ ചെറിയ ഒരു കുറവ് രേഖപ്പെടുത്തുമെങ്കിലും എനിക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ല.’ ധനകാര്യമന്ത്രിയെ ഉദ്ധരിച്ച് പ്രമുഖ മാദ്യമമായ ഡോണ്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്റെ ഇറക്കുമതി 80 ബില്ല്യണ്‍ ഡോളറായിരുന്നു. എന്നാല്‍ കയറ്റുമതി വെറും 31 ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
നിലവില്‍ ഭരണത്തിലുള്ള സര്‍ക്കാരിന് വീഴ്ച്ചയിലേക്ക് പോകുന്ന രാജ്യത്തെ രക്ഷിക്കേണ്ടതുണ്ടെന്നും, അതിനുവേണ്ടി അടിയന്തിരവും ഹ്രസ്വകാലത്തേക്കുള്ളതുമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മളിപ്പോള്‍ ശരിയായ പാതയിലാണ് എന്നാല്‍ തീര്‍ച്ചയായും ചില മോശം ദിവസങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടതായിവരും. മൂന്ന് മാസത്തേക്ക് ഇറക്കുമതി നിയന്ത്രിക്കുകയാണെങ്കില്‍ കയറ്റുമതി കൂട്ടാനായി നമുക്ക് സാധിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാണയപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും മുന്‍നിര്‍ത്തി പാകിസ്ഥാനെ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍, ‘സ്റ്റേബ്ള്‍’ എന്നതില്‍ നിന്നും ‘നെഗറ്റീവ്’ എന്നതിലേക്ക് മാറ്റിയിട്ടുണ്ട്.
Content highlight: Bad days are ahead for Pakistan; Finance Minister Mifta Ismail with a warning