കോഴിക്കോട്: വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി നല്‍കില്ലെന്ന് കോഴിക്കോടുള്ള സ്വകാര്യ ഹോട്ടല്‍. ഭാര്യയുമായി ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കാലിക്കറ്റ് ഇന്‍ എന്ന ഹോട്ടലില്‍ നിന്നാണ് യുവാവിനും ഭാര്യക്കും ദുരനുഭവമുണ്ടായത്.
മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് ഫേസ്ബുക്കിലൂടെയാണ് തനിക്കും ഭാര്യക്കും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നപ്പോള്‍ കൂടെയുള്ളത് ഭാര്യയാണെന്ന് തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഹോട്ടലുകാരുടെ ആവശ്യം.
ഒന്നര മാസം മുമ്പ് കല്യാണം കഴിഞ്ഞ യുവാവ് ഓണ്‍ലൈന്‍ വഴിയാണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ മുറി തരാനാകില്ലെന്ന് ഹോട്ടലുകാര്‍ പറയുകയായിരുന്നു. ഹോട്ടലുകാര്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോഴിക്കോട് ഹോട്ടലുകളില്‍ റൂം എടുക്കുന്നത് ഒരു സ്ത്രീയും പുരുഷനും ആണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. അല്ലെങ്കില്‍ വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കണം. കഴിഞ്ഞ ദിവസം ഞാനും വൈഫും കൂടി കോഴിക്കോട് ഉള്ള Calicut inn എന്ന ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ പറഞ്ഞതാണ് ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കാന്‍മ്മാര്‍ ആണെന്ന് കാണിക്കാനുള്ള തെളിവുകള്‍ അവര്‍ക്ക് വേണമെന്ന്.
അല്ലാത്ത പക്ഷം അവിടെ റൂം എടുക്കാന്‍ മാനേജ്മെന്റ് സമ്മതിക്കില്ലെന്ന്. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കേണ്ടി വന്നു.
ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹേദര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ വിധി വന്നിട്ട് അധികം ദിവസമായിട്ടില്ല. പക്ഷെ കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകള്‍ക്കും അത് കുറ്റകൃത്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടര്‍ക്ക് ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനാണ് തീരുമാനം.