തൃശൂര്‍: ഭരണഘടനാ അവകാശങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കൊടുങ്ങല്ലൂരില്‍ പിന്നാക്ക-ദളിത് സമുദായ സംഗമം. ദളിത് സമുദായ മുന്നണിയും ശ്രീനാരായണ ദര്‍ശനവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി, കൊടുങ്ങല്ലൂര്‍ വടക്കേ നടയില്‍ ജനുവരി 20ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും.
ഹിന്ദുത്വ തീവ്രവാദികള്‍ പണിത അയോധ്യ രാമക്ഷേത്രം തങ്ങളുടേതല്ലെന്നും ഭരണഘടനാപരമായ പ്രാതിനിധ്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ദളിത് സമുദായ മുന്നണിയും ശ്രീനാരായണ ദര്‍ശനവേദിയും ചൂണ്ടിക്കാട്ടി.
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പിള്ളി നടേശന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധ സദസ് കൂടിയാണ് പിന്നാക്ക-ദളിത് സമുദായ സംഗമമെന്ന് സംഘാടകർ പറഞ്ഞു. പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവും സംഘടനകള്‍ ഉയര്‍ത്തുന്നു.
ദളിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി അംഗം കെ. സന്തോഷ് കുമാര്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. മാധ്യമപ്രവര്‍ത്തകനായ ബാബുരാജ് ഭഗവതി, നോവലിസ്റ്റ് ടി.കെ. ഗംഗാധരന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുക്കും.
പൗരന്മാരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെ മൗനം പാലിക്കുന്നത് ശരിയായ പ്രവണതയാണെന്ന് തോന്നുന്നില്ലെന്നും സാധാരണക്കാരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായുള്ള പോരാട്ടത്തിനാണ് തങ്ങള്‍ നേതൃത്വം നല്‍കുന്നതെന്നും പൗരാവകാശ പ്രവര്‍ത്തകനായ വി.എം. ഗഫൂര്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.
ശ്രീനാരായണ ദര്‍ശനവേദിയുടെ കണ്‍വീനര്‍ എന്‍.ബി. അജിതന്‍ മറ്റ് അംഗങ്ങളായ എം.പി. പ്രശാന്ത്, മോഹന്‍ കുമാര്‍, മുരുകന്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. ദളിത് സമുദായ മുന്നണിയുടെ പ്രവര്‍ത്തകരായ ശിവരാമന്‍, അജയന്‍, സുഗുണ പ്രസാദ് തുടങ്ങിയവരും പിന്നാക്ക-ദളിത് സമുദായ സംഗമത്തിന് നേതൃത്വം നല്‍കും.
Content Highlight: Backward-Dalit community meeting in Kodungallur against encroachment of constitutional rights