| Tuesday, 25th September 2018, 10:33 am

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം ; പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ പിന്നാക്ക വിഭാഗ സംഘടനകള്‍ ദേശീയ തലത്തില്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് 2006-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. 2014 വരെയുള്ള കാലയളവില്‍ ഈ സമിതി ഏഴു തവണ യോഗം ചേര്‍ന്നിരുന്നു.

Also Read : ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതിന് കേസ്: കേസ് ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനെതിരെ

എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഈ സര്‍ക്കാരിന്റെ ആദ്യത്തെ ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്.

വ്യവസായ മേഖലയില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്നതാണ് സമിതി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ കൂടുതലുള്ള 22,000 ഗ്രാമങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുകയും യോഗത്തില്‍ വെക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഗ്രാമങ്ങളെ ദത്തെടുക്കുകയും തൊഴില്‍ പരിശീലനം നല്‍കി പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലവസരം നല്‍കുകയും ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.

We use cookies to give you the best possible experience. Learn more