വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. പുതുതായി നിയമിച്ച ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് യു.എസ് ഫെഡറല്‍ ജഡ്ജി താത്ക്കാലികമായി തടഞ്ഞു.
കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യു.എസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിന് അധികാരമില്ലെന്ന് ജഡ്ജി വില്യം അല്‍സപ്പ് വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹ അധ്യക്ഷനായ ഇലോണ്‍ മസ്‌കും ചേര്‍ന്നാണ് ഭരണത്തിലെ ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് കോടതിയുടെ ഉത്തരവ്.
ജനുവരി 20 ന് പുറപ്പെടുവിച്ച മെമ്മോയും ഫെബ്രുവരി 14 ന് പുറപ്പെടുവിച്ച ഇമെയിലും പിന്‍വലിക്കാന്‍ പേഴ്സണല്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. പ്രൊബേഷണറി ജീവനക്കാരെ തിരിച്ചറിഞ്ഞ് അവരെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടുന്നതായിരുന്നു ഈ മെയിലുകള്‍.
പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖകളിലെ 54000 ഓളം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനും ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത് ജീവനക്കാരുടെ യൂണിയനുകളുടെ കേസിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും ഇമെയിലും മെമ്മോയും അസാധുവായി കണക്കാക്കിയതായി പ്രതിരോധ വകുപ്പിനെ അറിയിക്കാന്‍ ജഡ്ജി സര്‍ക്കാരിനോട് നിര്‍ദശിച്ചിട്ടുണ്ട്.
ഫെഡറല്‍ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടല്‍ വ്യാപകമായ ദോഷം വരുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയുടെ നടപടി. ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് പുറമെ എനര്‍ജി, ഹെല്‍ത്ത് സര്‍വ്വീസ്, കാര്‍ഷികം തുടങ്ങിയ വകുപ്പുകളിലേയും ജീവനക്കാരേയും പിരിച്ച് വിട്ടിരുന്നു.
മസ്‌കിന്റേയും ട്രംപിന്റേയും നടപടികള്‍ക്കെതിരെ ഡെമോക്രാറ്റുകള്‍, യൂണിയനുകള്‍, ഫെഡറല്‍ തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
ഇതിനകം തന്നെ, നിര്‍ണായക സ്ഥാനങ്ങളിലുള്ള ചില ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായിട്ടുണ്ട്. എന്നാല്‍ ട്രംപ് മസ്‌കിനെ പൂര്‍ണമായി പിന്തുണക്കുകയാണ്. രാജ്യത്തിന്റെ 6.7 ട്രില്യണ്‍ ഡോളര്‍ ബജറ്റില്‍ നിന്ന് 1 ട്രില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം.
Content Highlight: Backlash to Trump; The court blocked the dismissal of the federal employees