| Friday, 17th March 2023, 2:09 pm

ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി; കെ.ടി.യു സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വി.സിയെ നിയന്ത്രിക്കാന്‍ കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സിന്‍ഡിക്കേറ്റിന് വേണ്ടി ഐ.ബി സതീഷ് എം.എല്‍.എ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാനാണ് ഗവര്‍ണറുടെ നടപടി റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

ജനുവരി ഒന്നിനും ഫെബ്രുവരി പതിനേഴിനുമാണ് സിന്‍ഡിക്കേറ്റും ഗവേണിങ് ബോഡിയും കേരള സാങ്കേതിക സര്‍വകലാശാല വി.സി സിസ തോമസിനെ നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങളെടുത്തത്. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുക, ജീവനക്കാരെ മാറ്റിയ വി.സിയുടെ നടപടി പരിശോധിക്കാന്‍ സമിതി രൂപീകരിക്കുക തുടങ്ങിയ തീരുമാനങ്ങളായിരുന്നു സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. വി.സി ഗവര്‍ണര്‍ക്ക് അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും തീരുമാനമുണ്ടായിരുന്നു.

കേരള സാങ്കേതിക സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങളില്‍ വി.സി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെന്നും, എതിര്‍പ്പ് വകവെക്കാതെയെടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നുമാണ് രാജ്ഭവന്റെ നിലപാട്.

നേരത്തെ, സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വി.സിയായി നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍ക്ക് വി.സി പദവിയില്‍ സ്ഥിരനിയമനം നടത്താന്‍ അധികാരമില്ലെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഗവര്‍ണര്‍ നിയമിച്ച സിസ തോമസും സിന്‍ഡിക്കേറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ വി.സി സ്ഥാനത്തേക്ക് പുതുതായി പരിഗണിക്കേണ്ട മൂന്ന് പേരുകള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.

Content Highlights: Backlash to the governor; High Court Quashed Governer’s move to Suspend KTU Syndicate decision

We use cookies to give you the best possible experience. Learn more