കൊച്ചി: ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ടുള്ള വി.സിമാരുടെ ഹരജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. വൈസ് ചാന്‍സലര്‍മാരുടെ പരാതികള്‍ ഗവര്‍ണര്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതികള്‍ പരിശോധിച്ച് ആറ് ആഴ്ചക്കുള്ളില്‍ ഗവര്‍ണര്‍ വിഷയത്തില്‍ തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
വി.സിമാര്‍ ഉന്നയിച്ച നിയമപ്രശ്‌നങ്ങളും യു.ജി.സിയുടെ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ തീരുമാനം വൈസ് ചാന്‍സലര്‍മാര്‍ക്ക് എതിരാണെങ്കില്‍ നടപടികള്‍ 10 ദിവസത്തേക്ക് നടപ്പിലാക്കരുതെന്നും കോടതി വ്യക്തമാക്കി.
തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള സമയം വി.സിമാര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.
കെ.ടി.യുവിലെ വൈസ് ചാന്‍സലര്‍ നിയമനം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. വി.സിയുടെ പുനര്‍നിയമനം ചോദ്യം ചെയ്ത ഹരജിയിലായിരുന്നു കോടതി വിധി.
വി.സിമാര്‍ക്ക് അവരുടെ സ്ഥാനത്ത് തുടരാനുള്ള എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലര്‍ നോട്ടീസ് അയച്ചത്. തുടര്‍ന്ന് കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കോടതി ഈ വിഷയത്തില്‍ വിധി പ്രഖ്യാപിക്കുന്നത്.
Content Highlight: Backlash to the governor Arif Muhammed khan