ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; 20 ദിവസത്തിനകം വിസ ലഭിക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്‌കീം കാനഡ പിന്‍വലിച്ചു
World News
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; 20 ദിവസത്തിനകം വിസ ലഭിക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്‌കീം കാനഡ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2024, 8:56 pm

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ വിസ നയം. വിസയ്ക്ക് അപേക്ഷിച്ച് 20 ദിവസത്തിനുള്ളില്‍ ലഭ്യമാകുന്ന സ്റ്റുഡന്റ് ഡയറക്ട് സ്‌കീം (എസ്.ഡി.എസ്) പദ്ധതി കാനഡ നിര്‍ത്തലാക്കി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിന് അവസരം നല്‍കിയിരുന്ന പ്രോഗ്രാമായിരുന്നു ഇത്.

2018ല്‍ ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി)യുടെ കീഴില്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിസ പ്രക്രിയ എളുപ്പമാക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ചിരുന്ന പ്രോഗ്രാമാണ് നിലവില്‍ റദ്ദാക്കപ്പെട്ടത്.

ഈ പ്രോഗ്രാം വഴി വിസ ലഭ്യമാകാന്‍ 20,635 കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റും (ജി.ഐ.സി) ഇംഗ്ലീഷ്/ ഫ്രഞ്ച് ഭാഷാ ടെസ്റ്റ് സ്‌കോറുകളും ആവശ്യമായിരുന്നു.

എന്നാല്‍ എസ്.ഡി.എസ് പ്രോഗ്രാമിന് കീഴില്‍ കേവലം 20 ദിവസത്തിനുള്ളില്‍ ലഭ്യമായിരുന്ന സ്റ്റുഡന്റ് വിസകള്‍ പുതിയ നയപ്രകാരം സ്റ്റാന്‍ഡേര്‍ഡ് റൂട്ടിന് കീഴിലേക്ക് വരുമ്പോള്‍ വിസ ലഭിക്കാനുള്ള സമയം എട്ട് ആഴ്ച വരെ നീളാനാണ് സാധ്യത. ഇവയ്ക്ക് പുറമെ സ്റ്റുഡന്റ് വിസ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാനും സാധ്യതകളുണ്ട്.

‘കാനഡയിലെ പ്രോഗ്രാമുകളുടെ സമഗ്രത ശക്തിപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പ് വരുത്തുക, കൂടാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷാ പ്രക്രിയയില്‍ തുല്യവും ന്യായവുമായ രീതിയില്‍ പ്രവേശനം നല്‍കുക, നല്ല അക്കാദമിക് സാഹചര്യം ഒരുക്കുക എന്നിവയാണ് കാനഡയുടെ ലക്ഷ്യമിടുന്നത്,’ ഐ.ആര്‍.സി.സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കുടിയേറ്റം നിയന്ത്രിക്കാനുള്ള കാനഡയുടെ പുതിയ നയത്തിന്റെ ഭാഗമാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ മാസം (ഒക്ടോബര്‍) അടുത്ത വര്‍ഷം മുതല്‍ കുടിയേറ്റ നിയന്ത്രണം നടപ്പിലാക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. 2025 മുതല്‍ പി.ആര്‍ നല്‍കുന്നവരുടെ എണ്ണം 18 ശതമാനത്തിലധികം കുറവ് വരുത്തുമെന്നാണ് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചത്. ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ തീരുമാന പ്രകാരം പി.ആര്‍ നല്‍കുന്ന ആളുകളുടെ എണ്ണം 2025ല്‍ 50,0000 ത്തില്‍ നിന്ന് 395,000 ആയികുറയ്ക്കുമെന്നും 2026 ല്‍ ഇത് 380,000 ആയും 2027 ല്‍ 365,000 ആവുമെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.

Content Highlight: Backlash for Indian students; Canada has withdrawn the Student Direct scheme, which provides visa for students within 20 days