നാലു സംസ്ഥാനങ്ങളിലായി ബി.ജെ.പിക്ക് ലഭിച്ചത് വെറും നാലു സീറ്റുകള്‍
Daily News
നാലു സംസ്ഥാനങ്ങളിലായി ബി.ജെ.പിക്ക് ലഭിച്ചത് വെറും നാലു സീറ്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2016, 10:26 am

modi

കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലായി ബി.ജെ.പി മത്സരിച്ച 585 സീറ്റുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായത് 4 സീറ്റുകളില്‍ മാത്രം. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ കേരളത്തിലും ബംഗാളിലും നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.  ബംഗാളില്‍ മൂന്നും കേരളത്തില്‍ ഒരു സീറ്റുമാണ് ബി.ജെ.പിക്ക് കിട്ടിയത്.

ബംഗാളില്‍ മൂന്നു സീറ്റുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബി.ജെ.പി പ്രചരണം ആരംഭിച്ചിരുന്നു. ബംഗാളില്‍ ജയിക്കാനായി സി.ബി.ഐയെ വരെ ഉപയോഗിച്ച് മമത ബാനര്‍ജിയെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായ മറ്റൊരു സംസ്ഥാനം കേരളമാണ്. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ കൊണ്ടാണ് നേമത്ത് രാജഗോപാല്‍ ജയിച്ചതെന്ന് വ്യക്തമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കിട്ടിയ വോട്ടിന്റെ പകുതി പോലും ഇത്തവണ നേമത്ത് സുരേന്ദ്രന്‍ പിള്ളയ്ക്ക് കിട്ടിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 32639 വോട്ടുകള്‍ യു.ഡി.എഫ് പിടിച്ചപ്പോള്‍ ഇപ്പോഴത് 13860 ആയി കുറഞ്ഞു.

2011ലെ തെരഞ്ഞെടുപ്പിലും ഇത്തവണത്തേക്കാള്‍ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടായിരുന്നു. അതേ സമയം 9066 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ഉണ്ടായത്.

നേമത്തെ വിജയത്തില്‍ പാര്‍ട്ടിക്ക് ആഹ്ലാദിക്കാമെങ്കിലും വിചാരിച്ച നേട്ടം ബി.ജെ.പിക്ക് ഉണ്ടായിട്ടില്ല. ബി.ഡി.ജെ.എസ് പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പള്ളിയുമായ കൂട്ടുകെട്ടും പാര്‍ട്ടിക്ക് ഉപകാരപ്പെട്ടില്ല. വലിയ തോതില്‍ പണം ചെലവഴിച്ചുള്ള പ്രചരണമായിരുന്നു ബി.ജെ.പി നടത്തിയത്. പ്രധാനമന്ത്രി നേരന്ദ്രമോദി തന്നെ നിരവധി തവണ കേരളത്തില്‍ വന്നു. കേന്ദ്രമന്ത്രിമാരെ ഇറക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹെലികോപ്റ്ററുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ പ്രചരണ രംഗത്ത് സജീവമായ തമിഴ്‌നാട്ടില്‍ ബി.ജെ.പി സംപൂജ്യരാണ്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തമിലിസൈ സുന്ദരരാജന്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, മുതിര്‍ന്ന നേതാക്കളായ വനതി ശ്രീനിവാസന്‍, എം. ചക്രവര്‍ത്തി എന്നിവരെല്ലാം പരാജയം രുചിച്ചു. കന്യാകുമാരി ജില്ലയിലെ ചില മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വന്നതൊഴിച്ചാല്‍ മറ്റിടങ്ങളില്ലെല്ലാം കനത്ത തോല്‍വിയാണ് ബി.ജെ.പി നേരിട്ടത്. ഒറ്റയ്ക്ക് മത്സരിച്ച പുതുച്ചേരിയിലും ബി.ജെ.പിക്ക് ഒറ്റ സീറ്റു പോലും നേടാനായിട്ടില്ല.

അഞ്ചിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായത് അസമില്‍ മാത്രമാണ്. 86  സീറ്റുകളിലാണ് ബി.ജെ.പി സഖ്യം ഇവിടെ ജയിച്ചത്. 60 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.