ദിലീപ് സിനിമാസ്‌കൂള്‍ ഒരുകാലത്ത് മലയാള സിനിമയുടെ ‘വിജയ’ ഫോര്‍മുലയായിരുന്നു. അത്ര കണ്ട് പൊളിറ്റിക്കല്‍ കറക്ട്‌നെസ് പരിശോധിക്കാത്ത കാലം ഇവരുടെ സിനിമകള്‍ വലിയ നേട്ടമുണ്ടാക്കി. സ്ഥിരം ഹിറ്റ് സ്റ്റാറ്റസ് നിലനിര്‍ത്തി. ഇത്തരം സിനിമകളില്‍ മാത്രം അധികവും അഭയം പ്രാപിക്കുകയായിരുന്നു നമ്മുടെ സിനിമ.
മുഖ്യധാരയില്‍ പരീക്ഷണങ്ങളും പുതിയ കഥാപരിസരവുമൊക്കെ കുറവായിരുന്നു. ഇത് മാത്രം കിട്ടിയിരുന്ന പ്രേക്ഷകന്‍ അതില്‍ തൃപ്തരാക്കേണ്ടി വന്നു. എന്നാല്‍ രാഷ്ട്രീയ ശരികേടുകളെ വിമര്‍ശിക്കാന്‍, മാറിയ മലയാള സിനിമയ്ക്കൊപ്പം പ്രേക്ഷകരും ഉണ്ടായി. ആ ഘട്ടത്തിലും തങ്ങളുടെ ഫോര്‍മുലയില്‍ തന്നെ സിനിമയെടുക്കുന്ന ദിലീപ് സ്‌കൂള്‍ തകരാന്‍ തുടങ്ങി.
ദ്വയാര്‍ഥവും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങും നിറയുന്ന അധിക്ഷേപങ്ങള്‍, തമാശയായവര്‍ സിനിമയില്‍ നിന്ന് സ്വയം പുറം തള്ളപ്പെട്ടു. അത്തരം സിനിമകള്‍ കാലാന്ത്യത്തില്‍ കുറഞ്ഞു. ഉള്ളവ ബോക്സോഫീസില്‍ ഡിസാസ്റ്ററായി. ദിലീപിന്റെ തകര്‍ച്ചയും മലയാള സിനിമയുടെ ന്യൂവേവിന്റെ തുടക്കവും ഒരുമിച്ചാണ് എന്നതാണ് യാഥാര്‍ഥ്യം. മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരു വിഭാഗവും ഈ ഘട്ടത്തില്‍ അപ്രത്യക്ഷമായും ഇതിന്റെ ഫലമാണ്.
സഹപ്രവര്‍ത്തകയ്ക്ക് റേപ്പ് ക്വട്ടേഷന്‍ കൊടുത്ത ക്രിമിനലായത് കൊണ്ട് മാത്രമല്ല സിനിമകള്‍ പൊളിഞ്ഞത് എന്നതാണ് യാഥാര്‍ഥ്യം. ദിലീപ് നടത്തിയ ക്രൈം ആളുകളില്‍ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മുകളില്‍ ആദ്യ ചോയ്സായി നിന്നതില്‍ നിന്ന് ഇടിവുണ്ടാക്കാന്‍ അത് കാരണമായി, എന്നാല്‍ നല്ല സിനിമയുടെ ഭാഗമല്ലാത്ത ഒരാള്‍ക്ക് സമീപ മലയാള സിനിമയില്‍ നേട്ടമുണ്ടായിട്ടില്ല. പ്രേക്ഷകന്റെ സമയം, പണം തുടങ്ങിയവയെ പരിഹസിക്കാത്ത വര്‍ക്കുകള്‍ക്ക് മാത്രമേ തിയറ്ററില്‍ ആള് കയറു. സമീപകാല കണക്കുകളാണ് അതിന് സാക്ഷ്യം.
അതേസമയം തന്റെ സോണിന് പുറത്ത് സിനിമ ചെയ്യാന്‍ ദിലീപിന് കഴിയില്ല. പുതിയ നിരയിലെ മേക്കേഴ്സിന് ദിലീപിനെ ആവശ്യവുമില്ല. അതിനാല്‍ തന്നെ ‘റീ ഇന്‍ട്രോഡ്യൂസിങ്’ ദിലീപ് സാധ്യമാകില്ല. ഉള്ളടക്കത്തില്‍ മാറ്റത്തിന് ശ്രമിച്ചാലും തന്റെ ഇന്‍ബില്‍ട്ട് ശൈലിയില്‍ നിന്ന് ദിലീപ് മാറില്ല.
ബാന്ദ്ര, തങ്കമണി സിനിമകളില്‍ പോലും ദിലീപ് സ്‌കൂള്‍ കയറി വരും. പ്രേക്ഷകര്‍ കണ്ടം വഴി ഓടിക്കും. ഇതാണ് കഴിഞ്ഞ കുറേ കൊല്ലമായി സംഭവിക്കുന്നത്. കുട്ടികള്‍, കുടുംബം എന്നിങ്ങനെ സേഫ് ബെല്‍റ്റ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സിനിമകള്‍ ചെയ്തു നോക്കി. അതെല്ലാം തന്നെയും പൊളിഞ്ഞു. പുതുമയില്ല എന്നതിനപ്പുറം നിലവാരമില്ലായ്മയാണ് പ്രധാന കാരണം.
തണ്ണീര്‍ മത്തന്‍ മുതല്‍ പ്രേമലു വരെയുള്ള ഗിരീഷ് എ.ഡി സിനിമകള്‍ വിജയിക്കുന്നത് പുതുമയിലല്ല, ക്രാഫ്റ്റിലാണ്. ഇതൊന്നുമില്ലാത്ത കാലഹരണപ്പെട്ട സിനിമാസ്‌കൂളാണ് ദിലീപിന്റേത്. അത് അര്‍ഹിക്കുന്ന പരാജയം പ്രേക്ഷകര്‍ ഉറപ്പ് വരുത്തുന്നുണ്ട്.
കേസില്‍പെട്ടത് കൊണ്ട് ഒരാള്‍ക്ക് തൊഴില്‍ നഷ്ടമാകരുതെന്ന കരുതലില്‍ ദിലീപിനെ വെച്ച് സിനിമ ചെയ്ത സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനൊന്നും ദിലീപിനെ രക്ഷിക്കാനാകില്ല. ഫീള്‍ഡ് ഔട്ടായ ഒരാള്‍ വീണ്ടും വീണ്ടും ഫീള്‍ഡ് ഔട്ടായികൊണ്ടിരിക്കും. പി.ആര്‍ വര്‍ക്കും വ്യാജ റിവ്യുകള്‍ കൊണ്ട് ഒന്നും രക്ഷിക്കാനാകില്ല എന്ന് ഉറപ്പാണ്.
തുടര്‍ച്ചയായ മൂന്നു അവധി ദിവസം കിട്ടിയിട്ടും പവി കെയര്‍ടേക്കറിന് കിട്ടിയത് ആകെ 3.5 കോടിയാണ്. ആവേശത്തിന് 18ാം ദിവസം മാത്രം 4.16 കോടി കിട്ടി. തന്റെ സിനിമകളുടെ നിലവാരം കൊണ്ട് പുറംതള്ളപ്പെട്ടയാളാണ് ദിലീപ്. അല്ലാതെ ക്രിമിനല്‍ പ്രവര്‍ത്തിയാല്‍ മാത്രമല്ല.
ഭാവനയുടെ ഒരു മലയാളസിനിമ കൂടി വരുകയാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന സ്വീകാര്യത നോക്കൂ. അതേസമയം, മറുവശത്ത് വ്യാജ ഇരവാദം ഇറക്കി, എന്റെ സിനിമ കാണണേ എന്ന് കരഞ്ഞ് വിളിക്കുന്ന ദിലീപ് ഉണ്ട്. പി.ആര്‍ വര്‍ക്കും പെയ്ഡ് ഇന്റര്‍വ്യുകളുമായി പരമാവധി ശ്രമിച്ചിട്ടും മലയാളി തള്ളി കളഞ്ഞ ദിലീപ്.
സോഷ്യല്‍ മീഡിയയിലെ ദിലീപേട്ടന്‍ പാവമാ എന്ന കമന്റും പോസ്റ്റും നിറച്ചിട്ടും കാലിയായ തിയറ്റര്‍ സീറ്റുകള്‍ മറുപടി പറയുന്നുണ്ട്. കാലം ഒന്നിനും മറുപടി പറയാതെ കടന്ന് പോകില്ലെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു കാലം.
ഞാന്‍ മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവന ചെയ്തതാണ്, എന്റെ സിനിമകളിലൂടെ നാടിന് നികുതി ലഭിച്ചു. നിങ്ങളെ ഒരുപാട് ഞാന്‍ ചിരിപ്പിച്ചു, ആ ഞാനിപ്പോള്‍ കരയുകയാണ്. നിങ്ങള്‍ എന്റെ സിനിമ കാണണം എന്ന് നിലവിളിക്കുന്ന ദിലീപ്. സ്വന്തം സിനിമയുടെ നിര്‍മാതാവായി, ഭാരവാഹിയായി ഇരിക്കുന്ന സംഘടനയെ കൊണ്ട് ആ സിനിമ വിതരണം ചെയ്യിപ്പിച്ച് നിലനില്‍ക്കാന്‍ ശ്രമിക്കുന്ന ദിലീപ്, മലയാള സിനിമയിലും സമുഹത്തിലും സ്ഥാനമില്ലെന്ന് മലയാളി ഉറപ്പിക്കുന്ന ഒരു ദിലീപ്.
മറുവശത്ത് ഇന്ന് ഭാവന സംസാരിക്കുന്ന വീഡിയോ ഫീഡില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിരിച്ച് സന്തോഷിച്ച്, അടിപൊളിയായി സന്തോഷം നിറഞ്ഞു നില്‍ക്കുന്ന ഭാവന.
മോങ്ങുന്ന ദിലീപും ചിരിക്കുന്ന ഭാവനയും ഒരു രാഷ്ട്രീയമാണ്. ഒരു പരിപാടിയില്‍ ഭാവന പറഞ്ഞത് ‘ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, എനിക്ക് ശേഷം വരുന്ന സ്ത്രീകള്‍ക്ക് വേണ്ടികൂടിയാണ്’ എന്നാണ്. ആ പോരാട്ടത്തിന്റെ വീര്യമാണ് ഇന്നീ കാണുന്ന ഭാവന.