| Wednesday, 6th May 2015, 5:15 pm

കൈവെട്ടിന്റെ കാണാപ്പുറങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഹമ്മദ് നബിയെ ജോസഫ് മാഷ് “നിന്ദിച്ച”തില്‍ വികാരം മൂത്ത കുറച്ച് മതഭ്രാന്തര്‍ പ്രതികാരബുദ്ധിയുടെ ആവേശബാധയാല്‍ ചെയ്തതാണ് കൈവെട്ട് എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരും ഈ ചോട്ടാ “പരിവാറി”നെ തെറ്റായി വായിക്കുന്നവരുമാണ്. കൃത്യമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒന്നാണ് ആ സംഭവം.

സംഘപരിവാര്‍ ഫാഷിസം മുസ്ലീംകളില്‍ സൃഷ്ടിക്കുന്ന ഭീതി ക്യാപിറ്റലൈസ് ചെയ്ത് അതിനെ ചെറുക്കാന്‍ എന്ന പ്രതീതി സൃഷ്ടിച്ച് രൂപീകരിക്കപ്പെട്ട സംഘമാണ് എന്‍.ഡി.എഫ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മഅദനി സൃഷ്ടിച്ച വൈകാരിക പരിസരം വളമാക്കിയും ബാബരി മസ്ജിദ് ധ്വംസനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയെന്ന വെളളമൊഴിച്ചുമാണ് ഇതിവിടെ വേര് പിടിച്ചത്.

ആര്‍.എസ്.എസ് ആണ് തങ്ങളുടെ ശത്രുവെന്ന് ഭാവിക്കുമ്പോഴും, ഘടനാപരമായി അതിനെ മുച്ചൂടും അനുകരിച്ചാണ് സംഘടനാ സ്ട്രക്ചറും അംബ്രലാ സംഘങ്ങളും എന്തിന് കവാത്ത്, ഡ്രില്‍ തുടങ്ങിയ പരിശീലന/ “അച്ചടക്ക ” മുറകളും വരെ സംവിധാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കൈവെട്ടിനെ വായിച്ചെടുക്കേണ്ടത്.

ഗുജറാത്തില്‍ ആര്‍.എസ്.എസ്. ആദ്യം ചെയ്തത് അവിടത്തെ ദുര്‍ബലരായ മുസ്ലിംകളില്‍ കിരാതനായ ഒരു ശത്രുവിനെ പ്രൊജക്റ്റ് ചെയ്ത് ജനമനസില്‍ ഭീതിദമായി കയറ്റി വിടുകയായിരുന്നു. പിന്നീട് 2002ല്‍ നടപ്പാക്കിയ വംശഹത്യയിലൂടെ ആ “ഭീകര” പ്രതിയോഗിയെ അതിജയിച്ച് “ഹിന്ദു പ്രൈഡ്” വീണ്ടെടുത്ത വീരാവതാരമായി മോദിയും പരിവാറും ഗുജറാത്തി ഹിന്ദുക്കളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടി.

പിന്നീട് രാജ്യത്തുടനീളം നല്ലൊരു പങ്ക് ഹിന്ദു മനസിലും “പ്രൈഡ് ഐക്കണ്‍” ആയി മോദി കുടിയേറിയത് ഈ പ്രൊജക്റ്റഡ് ശത്രുവിനെ കഠിനമായ പാഠം പഠിപ്പിച്ചവന്‍ എന്ന നിലയിലാണ്. നമുക്കിടയിലെ മോദി ആരാധകരുടെയും മന:ശാസ്ത്രം വ്യത്യസ്തമല്ല.

സംഘപരിവാര്‍ ഗുജറാത്തില്‍ വിജയകരമായി പരീക്ഷിച്ച സ്ട്രാറ്റജി ഇവിടെ മിനിയേച്ചര്‍ ആയി പരീക്ഷിച്ച് നോക്കിയതാണ് “കൈവെട്ട്”. വീണ് കിട്ടിയ ചാന്‍സ് ഉപയോഗിച്ച് ജോസഫ് എന്ന താരതമ്യേന ദുര്‍ബലനായ മനുഷ്യനില്‍ ഭീമാകാരനായ ഒരു മുസ്ലിം ശത്രുവിനെ “ഉണ്ടാക്കി”യെടുത്ത് മുസ്ലിം പൊതുബോധത്തിലേക്ക് കയറ്റി വിടുക.

അതിന് “പ്രവാചകനിന്ദ” എന്നതിനെക്കാള്‍ മികച്ച വൈകാരിക ഇന്ധനം കിട്ടാനില്ല.  പിന്നീട് അയാള്‍ക്ക് “കനത്ത പാഠം” നല്‍കി “മുസ്ലിം പ്രൈഡ്”ന്റെ മൊത്തക്കച്ചവടക്കാര്‍ ആയി സ്വയം അവരോധിക്കുക. അങ്ങനെ സപ്പോര്‍ട്ട് ബേസ് വിപുലപ്പെടുത്തുക. ഇതായിരുന്നു ആ ആസൂത്രണത്തിന്റെ ഉന്നം. അത് വിജയം കണ്ടോ? എത്രത്തോളം അഥവാ പാളിയോ എന്നൊക്കെ പറയാന്‍ അവരുടെ വളര്‍ച്ചാ ഗ്രാഫിനെ കുറിച്ച് ധാരണ ഇല്ലാത്തതിനാല്‍ സാധിക്കുന്നില്ല.

എന്‍.ഡി.എഫ് / PFI / SDPI തുടങ്ങി പലപേരുകളില്‍ പ്രത്യക്ഷമാകാറുള്ള ഈ സംഘത്തെ പൊതുസമൂഹം വിശിഷ്യാ അവര്‍ തങ്ങളുടെ പ്രവര്‍ത്തനബേസ് ആയി തെരഞ്ഞെടുത്ത മുസ്ലിം സമുദായം തന്നെയും വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കസേരബുദ്ധിജീവികള്‍ ഒഴുക്കന്‍ മട്ടില്‍ ലീഗും ജമാഅത്തും എന്‍.ഡി.എഫ് പരിവാരവും എല്ലാം ഒന്ന് എന്ന മട്ടില്‍ സാമാന്യവല്ക്കരിക്കുമ്പോള്‍ സംഭവിക്കുന്നത് യഥാര്‍ത്ഥ ഭീഷണിയെ വിലകുറച്ച് കാണുകയാണ്. സങ്കുചിതമായ മതരാഷ്ട്രവാദം ചോക്കലേറ്റ് പൊതിയില്‍ കൊണ്ട് നടക്കുന്ന ജമാഅത്തെ ഇസ്ലാമി പോലും സുതാര്യമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒട്ടും സുതാര്യമല്ലാത്ത / ഒരു സാദാ പ്രവര്‍ത്തകന് പോലും കൃത്യമായ അജണ്ട കണ്ടെത്താനാകാത്തത്ര ദുരൂഹമായ ഒരു പ്രവര്‍ത്തന രീതിയാണ് എന്‍.ഡി.എഫ് പരിവാരത്തിന്റെത്. ഇത് മതേതര സമൂഹത്തിനെന്നല്ല, മുസ്ലിം സമുദായത്തിന് തന്നെ വലിയൊരു ആഭ്യന്തര ഭീഷണിയായി തീരും എന്നത് അവിതര്‍ക്കിതം.

ഫാഷിസ്റ്റ് വിരുദ്ധത എന്ന പഴുതിലൂടെ നുഴഞ്ഞുകയറുകയും തന്ത്രപരമായ വൈകാരികതയിലൂടെ സാമാന്യ ചെറുപ്പക്കാര്‍ക്കിടയിലും ബൗദ്ധിക നാട്യത്തിലൂടെ അല്പം ഉയര്‍ന്നു ചിന്തിക്കുന്നവരില്‍ അടക്കം സ്വാധീനവല വ്യാപിപ്പിക്കുന്ന ഈ ഭീഷണിയെ മുസ്ലിം സമുദായം തന്നെയും അര്‍ഹിക്കും വിധം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് സംശയകരമാണ്.

സംഘപരിവാറിന്റെ അക്രമോത്സുകമായ ഹിന്ദുത്വ ഫാഷിസം പ്രഥമമായി ടാര്‍ഗറ്റ് ചെയ്യുന്നത് തങ്ങളെയാണ് എന്ന വസ്തുത, മുസ്ലിംകളില്‍ അരക്ഷിത ബോധം ഉണര്‍ത്തുന്നത് സ്വാഭാവികമാണ്. മുഖ്യധാരാ “മതേതര” കക്ഷികള്‍ ഫാഷിസത്തോട് പലപ്പോഴും പുലര്‍ത്തുന്ന മൃദുസമീപനം ഒരു വശത്ത് ഹിന്ദുത്വ ഫാഷിസത്തെയും മറുപുറം അതിനെ പ്രതിരോധിക്കാന്‍ എന്ന വണ്ണം രൂപം കൊള്ളുന്ന ആത്യന്തികവാദികളെയും വളര്‍ത്തുന്നു എന്ന വൈപരീത്യമാണ് സംഭവിക്കുന്നത്.

ഗുജറാത്തിലെ ആസൂത്രിത വംശഹത്യയില്‍ തങ്ങളുടെ എം.പി പോലും വെന്തു വെണ്ണീര്‍ ആയിട്ടു കൂടി, ഒരിക്കല്‍ പോലും കോണ്‍ഗ്രസ് വംശഹത്യ വിഷയം വലുതായി ഉയര്‍ത്തിയില്ല എന്നും അതില്‍ പിന്നീട് 10 വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടും നീതി ഉറപ്പാക്കാനായി യാതൊന്നും ചെയ്തില്ല എന്നതും പ്രസ്താവ്യമാണ്.

ഭരണകൂടത്തിന്റെ പക്ഷപാതപരമായ നിലപാടുകളും സാമുദായികവിവേചനങ്ങളും ഒരുവശത്തും, അത്തരം അരുതായ്മകളോട് പൊതുസമൂഹം / മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പാലിക്കുന്ന മൗനം / നിസ്സംഗത മറുവശത്തും കേരളത്തിലും ഇത്തരം ആത്യന്തിക ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുന്നു.

ബീമാപള്ളി വെടിവെയ്പ് ഉദാഹരണം. പറയാന്‍ മാത്രം സംഘര്‍ഷമോ, ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണമെന്ന നടപടിക്രമം പാലിക്കുകയോ ചെയ്യാതെ അഞ്ചെട്ടു പേരെ വെടിവെച്ചു കൊന്ന നടപടി കേരള ചരിത്രത്തില്‍ അഭൂതപൂര്‍വമായിരുന്നിട്ടും ഉത്തരവാദികളായവരെ കുറ്റവിമുക്തരാക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. എങ്കിലും അന്നുമിന്നും അവ ഒരിക്കലും നമ്മുടെ ചര്‍ച്ചകളില്‍ പോലും കടന്നുവരുന്നില്ല.

അതേസമയം, തികച്ചും രാഷ്ട്രീയമായ വിലപേശലില്‍ ഒരു പ്രമുഖ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഒന്ന് കൂടിയാല്‍ അത് കേരളത്തിന്റെ സാമൂഹികഘടനയെ എങ്ങനെ തകിടം മറിച്ചുകളയും എന്ന ഗവേഷണമാകട്ടെ മുറക്ക് നടക്കുകയും ചെയ്തു! നമ്മുടെ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും സവര്‍ണ്ണ പ്രതിലോമ മനസ്സായത് കൊണ്ടാണ് ഇരകളാക്കപ്പെടുന്നവര്‍ അതര്‍ഹിച്ചിരുന്നു എന്ന സമാധാനത്തിലേക്ക് / അല്ലെങ്കില്‍ ഭരണകൂട ന്യായങ്ങള്‍ അതേപടി വിഴുങ്ങുന്നതിലേക്ക് പൊതുസമൂഹം ചെന്നെത്തുന്നത്.

പാര്‍ശ്വവല്‍കൃതരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കുകയും സാര്‍വത്രികനീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തുകൊണ്ട് മാത്രമേ ഇത്തരം വിടവിലേക്ക് പ്രതിലോമകാരികള്‍ നുഴഞ്ഞു കയറുന്നത് ചെറുക്കാനാകൂ.

പോപ്പുലര്‍ ഫ്രണ്ട് “ക്രിയാത്മക ഇടപെടല്‍” നടത്തിയ മറ്റൊരു സംഭവമാണ് “വിശ്വരൂപം” സിനിമ. അത് ന്യായമായും ചില സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. സംഘപരിവാറിയന്‍ നിലപാട് തറയില്‍ നിന്ന് കൊണ്ട് ഇസ്ലാം വിരുദ്ധതയും മുസ്ലിം വിരുദ്ധതയും ഉല്‍പാദിപ്പിച്ച, ഒരു സമൂഹത്തെ തന്നെ ടാര്‍ഗറ്റ് ചെയ്ത് വിഷലിപ്തമായ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച അനവധി സിനിമകള്‍ തൊണ്ണൂറുകള്‍ മുതല്‍ മലയാളത്തില്‍ ഉള്‍പ്പെടെ നിര്‍ലോഭം ഇറങ്ങിയിട്ടുണ്ട്.

കൃതഹസ്തരായ നിരൂപകര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഉണ്ട്. എന്തിനധികം, പോപ്പുലര്‍ ഫ്രണ്ടുകാരെ തന്നെ തീവ്രവാദികളായി ചിത്രീകരിച്ചു കൊണ്ടുള്ള സിനിമകളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും “വ്രണപ്പെടാത്ത” വികാരം വിശ്വരൂപത്തില്‍ കുത്തിയൊലിച്ചതില്‍ പുറമേ പറയുന്നതിനപ്പുറം ലക്ഷ്യങ്ങള്‍ ഉണ്ടെന്നു തന്നെയാണ് വായിക്കേണ്ടത്.

ഇത്തരം ഇടപെടലുകളും അത് സാമൂഹ്യ ഘടനയില്‍ ഉണ്ടാക്കിയ പരിക്കും, അവരെ മുന്‍നിര്‍ത്തി ആസൂത്രിതമായ മുസ്ലിം വിരുദ്ധത ഉല്‍പാദിപ്പിക്കാന്‍ നടത്തിയ ശ്രമവുമൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഈ സംഘം  അവകാശപ്പെടുംപോലെ ഫാസിസ്റ്റ് വിരുദ്ധമല്ല; ഫാസിസ്റ്റു രീതികള്‍ അനുകരിക്കുന്ന ഒറ്റുകാരോ ഫാസിസത്തിന്റെ തന്നെ ചാരന്മാരോ ആണെന്ന് ചിന്തിപ്പിക്കുന്നു.

ഭീതിയിലൂടെ സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുകയും മറ്റു വിഭാഗങ്ങളെ മുസ്ലിം വിരുദ്ധമാക്കുകയും അത് മുസ്ലിംകളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഉപയോഗിച്ച് സമുദായത്തെ മൊത്തം തങ്ങളുടെ കുടക്കീഴിലേക്ക് ആട്ടിത്തെളിയിക്കുക എന്നതും അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകണം.

ഇത്തരക്കാരെ കൃത്യമായി വേര്‍തിരിക്കുന്നതിന് പകരം, ഒരു സമൂഹത്തെയോ വിശ്വാസത്തെയോ മൊത്തത്തില്‍ പ്രതിചേര്‍ത്തു കൊണ്ടുള്ള ഇടപെടലുകള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുന്നത് എങ്കില്‍ ഫലത്തില്‍ ഈ ശക്തികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കാണ് അത് തുണയായി ഭവിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more