| Wednesday, 22nd December 2021, 3:18 pm

2016 ല്‍ നിങ്ങള്‍ അറസ്റ്റിലായപ്പോള്‍ ഷര്‍ജില്‍ ഇമാമും ഉമര്‍ ഖാലിദുമാണ് കൂടെ നിന്നത്, പിന്നില്‍ നിന്ന് കുത്തുന്നവനേ ആര്‍.എസ്.എസില്‍ ചേരൂ; കനയ്യയ്‌ക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കനയ്യയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നാണ് കനയ്യ ഒഴിഞ്ഞുമാറുന്നത്. ഇതിന് പിന്നാലെ നിരവധിപേരാണ് സോഷ്യല്‍മീഡിയയില്‍ കനയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഉമറിന് നിങ്ങളുടെ സൗഹൃദത്തിന്റെ ആവശ്യമില്ല, ദയവ് ചെയ്ത് ബി.ജെ.പിയിലോ ആര്‍.എസ്.എസിലോ ചേരൂ, അങ്ങനെയാണെങ്കില്‍ മതേതരനാണെന്ന് ഇനിയും നിങ്ങള്‍ക്ക് അഭിനയിക്കേണ്ടി വരില്ല, എന്നാണ് സഫൂറ സര്‍ഗാര്‍ പറഞ്ഞത്.

ഇത്തരം അവസരവാദിയായ, സ്വാര്‍ത്ഥനായ, ഭീരുവായ ഒരുത്തന്‍ ഉമര്‍ ഖാലിദിന്റെ സൗഹൃദം അര്‍ഹിക്കുന്നില്ലെന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം.

2016 ല്‍ ജെ.എന്‍.യുവില്‍ വെച്ച് കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഷര്‍ജില്‍ ഇമമാണ് കനയ്യയ്ക്ക് വേണ്ടി പ്രതിഷേധം നയിച്ചത്. ഉമര്‍ ഖാലിദാണ് കനയ്യയ്ക്ക് വേണ്ടി ക്യാംപെയ്ന്‍ നടത്തിയത്. ഇപ്പോള്‍ കനയ്യ സുഹൃത്തായിരുന്ന ഉമര്‍ ഖാലിദിനെ ഓര്‍ക്കുന്നുപോവുമില്ല, മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു.

ഇത്തരത്തില്‍ നിരവധിപേരാണ് കനയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ബീഹാറിലെ ശിവനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഉമറിനെക്കുറിച്ചും മീരാനെക്കുറിച്ചും പ്രതികരിക്കാനുള്ള അനിഷ്ടം കനയ്യ പ്രകടപ്പിച്ചത്.

ഇരുവരേയും കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘മീരാന്‍ ഹൈദര്‍ എന്റെ പാര്‍ട്ടിക്കാരനാണോ?’
എന്നാണ് കനയ്യ ചോദിക്കുന്നത്. രാഷ്ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോര്‍ട്ടര്‍ കനയ്യ കുമാറിനോട് പറഞ്ഞപ്പോള്‍ ‘പിന്നെ എന്തിനാണ് നിങ്ങള്‍ അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?’ എന്ന് കനയ്യ ചോദിക്കുന്നുണ്ട്.

ഉമര്‍ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?’ എന്നായിരുന്നു കനയ്യ തിരിച്ചുചോദിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ വാഗ്ദാനങ്ങള്‍ കിട്ടയതിന് പിന്നാലെയാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്ന ആരോപണവും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Back-Stabber’: Kanhaiya Kumar Slammed for Disowning Umar Khalid in Viral Video

We use cookies to give you the best possible experience. Learn more