കോഴിക്കോട്: ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ വകുപ്പുകളില്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സി.പി.ഐ.എം പാര്‍ട്ടി നിയമനങ്ങള്‍ നടത്തുകയാണെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസ്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പി.കെ ഫിറോസ് ഇക്കാര്യം പറഞ്ഞത്.
മലപ്പുറം ജില്ലയില്‍ മാത്രം ആരോഗ്യ വകുപ്പില്‍ 74 പാര്‍ട്ടി നിയമനങ്ങളും സംസ്ഥാനത്തൊട്ടാകെ തൊള്ളായിരത്തിലധികം നിയമനങ്ങളും നടന്നിട്ടുള്ളതായാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്നും പി.കെ ഫിറോസ് പറഞ്ഞു.
മലപ്പുറത്തെ എടക്കര ആശുപത്രിയിലെ നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്നും ഇവിടെ ആകെയുള്ള 28 ജീവനക്കാരില്‍ 15 പേരുടേതും പാര്‍ട്ടി നിയമനമാണെന്നും ഫിറോസ് ആരോപിച്ചു.
‘എടക്കര ഗവണ്‍മെന്റ് ആരോഗ്യ ആശുപത്രി, അവിടെ ആകെ 28 ജീവനക്കാരാണുള്ളത്. അതില്‍ മൂന്ന് ജീവനക്കാര്‍ സ്ഥിരം ജീവനക്കാരാണ്. അത് പാര്‍ട്ടി നിയമനമാണ്. പന്ത്രണ്ട് താത്കാലിക ജീവനക്കാരാണുള്ളത്, അതും പാര്‍ട്ടി നിയമനമാണ്. 28ല്‍ പതിനഞ്ചും പാര്‍ട്ടി നിയമനമാണ്. മലപ്പുറം ജില്ലയില്‍ മാത്രം 74 പാര്‍ട്ടി നിയമനങ്ങള്‍, സംസ്ഥാനത്താകെ തൊള്ളായിരത്തോളം പാര്‍ട്ടി നിയമനങ്ങള്‍, ഇതാണ് ഞങ്ങളുടെ പരിശോധനയില്‍, ചെറിയ അന്വേഷണം നടത്തിയപ്പോള്‍ കണ്ട് പിടിക്കാന്‍ സാധിച്ചത്,’ ഫിറോസ് പറഞ്ഞു.
പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിമാരുടെ ബന്ധുക്കളെ ആശുപത്രികളില്‍ താത്കാലികമായും സ്ഥിരമായും ജോലികളില്‍ നിയമിക്കുന്നു എന്നാണ് പി.കെ ഫിറോസ് ആരോപിക്കുന്നത്. നിയമനങ്ങളുമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ആദ്യം താത്കാലിക നിയമനങ്ങള്‍ നടത്തി പിന്നീടത് സ്ഥിര നിയമനങ്ങളാക്കുക എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ശൈലിയെന്നും ഈ താത്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവനും വിവിധ മേഖലകളില്‍ നിയമിക്കുക എന്ന തീരുമാനവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഫിറോസ് ആരോപിച്ചു.
ഇവ റദ്ദ് ചെയ്ത് ആരോഗ്യമേഖലയില്‍ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി. വിഷയത്തില്‍ ദേശീയ ആയുഷ് മിഷനും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പരാതികള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Back door recruitment in health department; Youth League against CPM