| Saturday, 11th April 2015, 5:31 pm

നിരപരാധികള്‍ക്കും അഴിയാക്കുരുക്ക് തീര്‍ക്കുന്ന ചില നിയമച്ചങ്ങലകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

1983ല്‍ പാര്‍ലിമെന്റ്പാസാക്കിയ ഐ.പി.സി 498A എന്ന സ്ത്രീധന പീഡന നിരോധന നിയമത്തിന്റെ ഏകപക്ഷീയതയെ കുറിച്ച് സമൂഹത്തില്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നടങ്കം എതിര്‍ത്തതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വരികയും ചെയ്ത ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളിലേതിനേക്കാള്‍ പതിന്മടങ്ങ് ദുരുപയോഗം ഇതില്‍ നടന്നിട്ടുണ്ട്.

ചെറിയ ദാമ്പത്യ തര്‍ക്കങ്ങളില്‍ പോലും പകപോക്കാനോ സമ്മര്‍ദ്ദതന്ത്രമായോ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഭാര്യയോ ബന്ധുക്കളോ വ്യാജ സ്ത്രീധനപീഡന പരാതികള്‍ നല്‍കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരുന്നത് ഈ നിയമത്തിന്റെ പഴുത് ഉപയോഗിച്ചാണ്. തെളിവോ സാക്ഷികളോ ആവശ്യമില്ല എന്നതാണ് ഈ വകുപ്പിന്റെ ദുരുപയോഗ സാധ്യത ഏറ്റുന്നത്. പോലീസ് ഉദ്യോഗസ്ഥന് മുന്‍പാകെ വധുവോ  ബന്ധുവോ വെള്ളപേപ്പറില്‍ എഴുതി നല്‍കുന്ന കേവല പരാതി മതിയാകും കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് നടത്താനും. പരാതി സത്യമോ വ്യാജമോ എന്ന് ഉദ്യോഗസ്ഥന് ആരായേണ്ടതില്ല. പോലീസിന് അമിതമായ അധികാരം നല്‍കുന്ന ഈ വകുപ്പ്, അഴിമതിക്കുള്ള പരമമായ സാധ്യതകളും തുറന്നിടുന്നുണ്ട്.

ലോ കമ്മിഷന്റെയും ജസ്റ്റിസ് മാലിമത്ത് കമ്മിഷന്റെയും ശുപാര്‍ശകളെ ആധാരമാക്കി,  കര്‍ക്കശമായ ഈ വകുപ്പില്‍ (498A) അയവ് വരുത്താന്‍ അരങ്ങൊരുങ്ങുകയാണ് ഇപ്പോള്‍. കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കിടയില്‍  ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ തടസ്സമില്ലാത്ത വിധം കോടതി അനുമതിയോടെ compoundable (പരാതി നല്‍കിയ ആളിന് പിന്‍വലിക്കാന്‍ അനുമതിയുള്ളത്) ആക്കി ഭേദഗതി വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് ആഭ്യന്തര മന്ത്രാലയം ഈയിടെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്കയച്ചു.  നിലവിലത് non-compoundable ആണ്. എന്ന് വെച്ചാല്‍ പരാതി കൈയീന്ന് പോയാല്‍ തീര്‍ന്നു, തൊടുത്ത് വിട്ട അസ്ത്രം പോലെ. വര്‍ഷങ്ങള്‍ എടുത്ത് കേസ് വിധിയാകുവോളം പരാതിക്കാരിയും ആരോപിതനും പിന്നാലെ നടന്നേ ഒക്കൂ, പിന്‍വലിക്കാന്‍ വകുപ്പില്ല!


സാധാരണ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതിയില്‍ ആരോപിക്കുന്നയാള്‍ക്കാണ് കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത. കുറ്റം തെളിയും വരെ ആരോപിതനെ നിയമം നിരപരാധിയായി പരിഗണിക്കുകയും ചെയ്യുന്നു. എന്നാല്‍, കുറ്റം ചെയ്തില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഈ വകുപ്പ് പ്രകാരം ആരോപിതനാണ്; അത് വരേയ്ക്കും അയാളെ കുറ്റവാളിയായി എണ്ണുകയും ചെയ്യുന്നു. ഇത് സ്വാഭാവികനീതി എന്ന സങ്കല്‍പത്തിന് വിരുദ്ധമാണ്. വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം (cognizable); അറസ്റ്റ് ചെയ്താലും കോടതിക്ക് മാത്രമേ ജാമ്യം നല്‍കാനാകൂ (non-bailable) ഇവയാണ് മറ്റ് സവിശേഷതകള്‍.

പ്രായഭേദമന്യേ ഭര്‍തൃവീട്ടിലെ ഏതംഗത്തെയും പരാതിയില്‍ പ്രതി ചേര്‍ക്കാം. ഇങ്ങനെ നിയമപീഡനത്തിനിരയാകുന്നവരില്‍ കട്ടിലില്‍ കിടക്കുന്ന രോഗികളോ വൃദ്ധസ്ത്രീകളോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോ, എന്തിന് പിഞ്ചുകുട്ടികള്‍ വരെ ഉള്‍പ്പെടാം. അവര്‍ക്കൊക്കെയും കോടതിയില്‍ ഹാജരാക്കുവോളം ലോക്കപ്പില്‍ കഴിയേണ്ടി വന്നേക്കാം. പിന്നീടും, ജാമ്യം നല്‍കണോ റിമാന്‍ഡ് ചെയ്യണോ എന്നത് ജഡ്ജിയുടെ മനോധര്‍മ്മം അനുസരിച്ചുമിരിക്കും. സ്ത്രീ സംരക്ഷണ നിയമം സ്ത്രീ വിരുദ്ധമായി, മനുഷ്യ വിരുദ്ധമായി മാറുന്നതിന്റെ സാമ്പിള്‍.

ഇന്ത്യയൊട്ടുക്കും ഈ നിയമം വല്ലാതെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദാമ്പത്യ തര്‍ക്കത്തില്‍ സ്ത്രീക്ക് അനുകൂലമായി വിധിയോ ഒത്തുതീര്‍പ്പോ രൂപപ്പെടുത്താന്‍ സ്ത്രീപക്ഷത്തെ പ്രതിനിധീകരിക്കുന്ന വക്കീലന്മാരുടെ വജ്രാസ്ത്ര പ്രയോഗമായിട്ടാണ് ഈ വകുപ്പിന്റെ ദുരുപയോഗം വ്യാപകമായത്.

മുന്‍പൊരിക്കല്‍ ഈ വകുപ്പിനെ ലീഗല്‍ ടെററിസം എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി പലതവണ  ഈ നിയമത്തിന്റെ നൈതികതയെ ചോദ്യം ചെയ്തിട്ടുണ്ട്. 2010ലെ ഒരു സുപ്രധാന വിധി ന്യായത്തില്‍ “പരിരക്ഷ ആകുന്നതിന് പകരം, അസംതൃപ്ത വനിതകളുടെ കയ്യിലെ ആയുധമായി ഈ നിയമം മാറി”യതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ഉന്നത നീതിപീഠം ഇക്കാര്യത്തില്‍ ഗൗരവതരമായ പുനരാലോചന വേണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

പല പരാതികളിലും ഭാവനയും അതിഭാവുകത്വവും അതിശയോക്തികളും നിറയുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് റദ്ദ് ചെയ്യുകയോ പൊളിച്ചെഴുതുകയോ വേണമെന്ന് പാര്‍ലിമെന്റില്‍ തന്നെ പലകുറി ആവശ്യമുയര്‍ന്നെങ്കിലും സ്ത്രീ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആ വഴിയില്‍ മുന്നോട്ട് പോയില്ല..

കഴിഞ്ഞ മുപ്പത്തി രണ്ട് കൊല്ലമായി 498A ഉള്ളത് കൊണ്ട് സ്ത്രീപീഡനത്തില്‍ കുറവുണ്ടായില്ല; സ്ത്രീധന പീഡകരെ ശിക്ഷിക്കാന്‍ വേറെയും വകുപ്പുകള്‍ അന്നുമിന്നും നിലവിലുണ്ട് താനും. ഈ വകുപ്പ് ഏട്ടില്‍ കിടന്നിട്ടും ശരിക്കും ഉള്ളിലിടാന്‍ അര്‍ഹതയുള്ള എല്ലാപേരും ശിക്ഷിക്കപ്പെട്ടോ? ഇല്ല! പണവും സ്വാധീനവും ഉള്ളവന് ഏത് കര്‍ക്കശ നിയമത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെടാം. തങ്ങളുടെ ഈഗോയുടെ പുറത്ത് സംഭവിക്കുന്ന വഴക്കില്‍ പോലും ബ്ലാക്ക്‌മെയിലിംഗിനും “പാഠം പഠിപ്പിക്കാ”നുമായി ഈ നിയമത്തെ ദുരുപയോഗം ചെയ്തതിന്റെ നേര്‍കാഴ്ചകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ കണ്ടെടുക്കാന്‍ കഴിയും.

നിയമ മേഖലയിലുള്ളവരും നിരത്തും അത്തരം അസംഖ്യം അനുഭവങ്ങള്‍. ദുരുപയോഗത്തിന്റെ ആയിരക്കണക്കായ ഉദാഹരണങ്ങള്‍ വാര്‍ത്തകളിലും ഇന്റര്‍നെറ്റിലും നിറയാറുമുണ്ട്. പ്രവാസികള്‍ ആണ് വ്യാജ കേസുകളുടെ വലിയൊരു ശതമാനം ഇരകള്‍ എന്നതിനാല്‍ ലോകവ്യാപകമായി ഈ വകുപ്പിനെതിരെ ആക്ടിവിസം നടക്കുന്നുണ്ട്.

ഇന്ത്യയിലെ സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളുടെയും ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. പക്ഷേ, യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്നത് നിയമങ്ങളുടെ അഭാവം കൊണ്ടല്ല; വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ്. അഴിമതിയില്‍ ആണ്ടു മുങ്ങിയ, രാഷ്ട്രീയ സ്വാധീനത്തിനും പ്രമാണിത്തത്തിനും വഴങ്ങുന്ന വ്യവസ്ഥക്കാണ് മാറ്റം വരേണ്ടത്. അതോടൊപ്പം, നിയമ ദുരുപയോഗം വഴി നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥക്ക് തടയിടണ തീര്‍ക്കുകയും വേണം.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ ആപ്തവാക്യം. ലഘുവോ കഠിനമോ ആയ ശാരീരിക മര്‍ദ്ദനം മാത്രമല്ല, മാനസിക പീഡനവും 498A വകുപ്പിന്റെ പരിധിയില്‍ വരുന്നു. വ്യാജപരാതികള്‍ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും മാനസികപീഡനം എന്നത് ആപേക്ഷികമായ സംഗതിയാണ്. ഒരുമിച്ചുള്ള ജീവിതത്തില്‍, ഓരോ വാക്കും നോക്കും നിയമപരിരക്ഷയുടെ / സാങ്കേതികതയുടെ കണ്ണാല്‍ അളക്കപ്പെടുന്ന അവസ്ഥ തല്ലിക്കെടുത്തുന്നത്, ദാമ്പത്യത്തിലെ സ്ഥായിയായ ആനന്ദം എന്ന ഭാവത്തെയായിരിക്കും.

ദാമ്പത്യ അസ്വാരസ്യങ്ങള്‍ ബന്ധം വഷളാക്കുമ്പോള്‍ വിവാഹമോചനത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടി സമര്‍പ്പിക്കുന്ന സിവില്‍ കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് മിക്ക വക്കീലന്മാരും ഈ ക്രിമിനല്‍ കേസ് കൂടി ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത്. എതിരാളിയുടെ ഭാഗത്ത് പൂര്‍ണ്ണന്യായം ഉണ്ടെങ്കിലും ഈ “ദിവ്യാസ്ത്രം” തൊടുത്ത് വിട്ടാല്‍ അയാള്‍ക്ക് സാഷ്ടാംഗം കീഴടങ്ങുക മാത്രമേ വഴിയുള്ളൂ.

പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് തെളിയാതെയും പ്രാഥമികാന്വേഷണം പോലും നടത്താതെയും കേവല പരാതിയില്‍ ഒരാളെ കുറ്റവാളിയെന്ന് കണക്കാക്കുന്നത് കടുത്ത മനുഷ്യാവകാശ പ്രശ്‌നവും, “കുറ്റം തെളിയുവോളം പ്രതിക്ക് / ആരോപിതന് നിയമത്തിനു മുന്നില്‍ നിരപരാധിയെന്ന പരിഗണന അര്‍ഹിക്കുന്നു”വെന്ന അടിസ്ഥാന പ്രമാണത്തിന്റെ ലംഘനവുമാണ്. ഇന്നോളം ഒരു കരിനിയമവും ഒരു കുറ്റകൃത്യവും കുറച്ചതായി അനുഭവമില്ല; മറിച്ച് വ്യാപകമായ ദുരുപയോഗങ്ങള്‍ക്ക് ഒടുക്കം പിന്‍വലിക്കപ്പെട്ടതായാണ് ചരിത്രം.


ഈ നിയമത്തെ അന്ധമായി പിന്തുണക്കുന്നവര്‍ ഉന്നത നീതിപീഠത്തില്‍ നിന്നുള്ള എതിര്‍ പരാമര്‍ശങ്ങളെ ജഡ്ജിമാരുടെ പുരുഷാധിപത്യ മനസ്സായി ചുരുക്കിക്കെട്ടാറുണ്ട്. “ഭീകരത തടയാന്‍” കൊണ്ട് വന്ന ടാഡ എന്ന കരിനിയമം ആയിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ വര്‍ഷങ്ങളോളം വിചാരണ കൂടാതെ ഉള്ളിലിടുകയും ഒടുക്കം കോടതി വെറുതെ വിടുകയും തത്തുല്യമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത്, ജഡ്ജിമാര്‍ മുസ്‌ലിം അനുകൂലികള്‍ ആയത് കൊണ്ടോ ഭീകരവാദത്തെ തുണയ്ക്കുന്നത് കൊണ്ടോ ആയിരുന്നില്ല.

തത്തുല്യമായ ഘടനാപരമായ പിഴവുകള്‍ ഈ നിയമത്തിനും ഉണ്ട് എന്നത് കൊണ്ടാണ് ദുരുപയോഗങ്ങള്‍ വ്യാപകമായതും സുപ്രീം കോടതി തന്നെ പുനഃപരിശോധനക്കായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും. സ്ത്രീയനുകൂലം എന്ന നാട്യമുള്ള ഈ നിയമം നിരപരാധികളായ സ്ത്രീകളെ ഉള്‍പ്പെടെ അകാരണമായി പീഡിപ്പിക്കാന്‍ പഴുതുള്ളതാകുമ്പോള്‍ അത് തുടരണമെന്ന വാദം ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്?

ഈ നിയമം ഇതേ രൂപത്തില്‍ നിലനിറുത്തണം എന്ന് ശഠിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണ, ഇത് ഇല്ലാതായാല്‍ പിന്നെ സ്ത്രീധന പീഡനത്തെ കൈകാര്യം ചെയ്യാന്‍ നമ്മുടെ നീതിന്യായത്തില്‍ വകുപ്പുകള്‍ ഉണ്ടാകില്ല എന്നാണ്. സ്ത്രീധനം, സ്ത്രീധന പീഡനം ഇവ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകള്‍: 1961ലെ സ്ത്രീധന നിരോധന നിയമം,  IPC 406, IPC 304-B, എല്ലാതരം ഗാര്‍ഹികപീഡനങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളുന്ന 2005ലെ Protection of Women from Domestic Violence Atc ഇവയാണ്.

പുരുഷാധിപത്യമൂല്യങ്ങളില്‍ അടിമുടി ആണ്ട് കിടക്കുമ്പോഴും ഒരു സ്ത്രീ പുരുഷനെതിരെ പരാതിയുമായി വരുമ്പോള്‍, ശരിതെറ്റുകള്‍ വിലയിരുത്താതെ തന്നെയും പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റു ആരോപിതനെ കല്ലെറിയുന്ന സമൂഹത്തിന്റെ കാപട്യം ഈ നിയമത്തെ പ്രതിയുള്ള ചര്‍ച്ചകളിലും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീയെ ഇരയായും പുരുഷനെ വേട്ടക്കാരനായും സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പൊതുബോധവും അതനുസരിച്ച് ധൃതിയില്‍ ചുട്ടെടുക്കുന്ന നിയമങ്ങളും അവയുടെ ദുരുപയോഗവും സ്ത്രീയവസ്ഥകളില്‍ ഗുണപരമായ ഒരു മാറ്റവും കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല “ഡീമോറലൈസിംഗ്” വഴി സ്ത്രീ ശാക്തീകരണത്തെ തന്നെ പിറകോട്ടടിപ്പിക്കുകയും ചെയ്യുന്നു.

We use cookies to give you the best possible experience. Learn more