ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഒരിക്കല്‍ കൂടി പര്‍ദ്ദ വിവാദക്കൊടുങ്കാറ്റ് തീര്‍ത്തു. ഇത്തവണ നിമിത്തമായത് കെ. വി. കലയുടെ “കറുത്ത പര്‍ദ്ദക്കുള്ളില്‍” എന്ന മാതൃഭൂമി ലേഖനമാണ്.
ലേഖനത്തിന്റെ പ്രസക്തഭാഗം ഇതാണ്:
“പര്‍ദ്ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോ ചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്. അതിനിയും തുടരട്ടെ. എന്നാല്‍, ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.
നിറങ്ങളുടെ ലോകത്തുനിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്താനെന്നവണ്ണം പര്‍ദ്ദയെന്നാല്‍ കറുപ്പ് എന്നും ആരൊക്കെയോ നിശ്ചയിച്ചിട്ടുണ്ട്. മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ്ദധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല….
പിന്നെ ചെയ്യാനുള്ളത് ഞങ്ങള്‍ക്കീ കറുപ്പ് വേണ്ടെന്ന സ്വയം തിരഞ്ഞെടുപ്പിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങുക എന്നതാണ്. പോളിസ്റ്റര്‍ പോലുള്ള തുണികള്‍ ഉപേക്ഷിച്ച് കോട്ടണ്‍ തുണിത്തരങ്ങളില്‍ ഏഴ് നിറങ്ങള്‍ വിരിയിച്ച് പൊള്ളുന്ന വേനല്‍ച്ചൂടിനെയെങ്കിലും പ്രതിരോധിക്കാം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ വര്‍ണപ്പര്‍ദ്ദകള്‍ വ്യാപകമാക്കി പര്‍ദ്ദക്കമ്പനികള്‍ നമ്മുടെ സ്ത്രീകളുടെ രക്ഷയ്‌ക്കെത്തട്ടെ. അതുവഴി അവരുടെ ലാഭം കുതിച്ചുയരട്ടെ.”
പ്രകോപനപരമായി ഒന്നുമില്ലാത്ത, ആരോഗ്യകരമായ ചര്‍ച്ചക്ക് വഴി വയ്‌ക്കേണ്ട ഒരു നിര്‍ദ്ദേശം ആണ് കലയുടേത്. പര്‍ദ്ദക്കെതിരെ മതേതരവേഷമായി സാരി മുന്നോട്ട് വയ്ക്കുന്നതിലെ അനൗചിത്യം അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. പര്‍ദ്ദ കൊണ്ട് സ്ത്രീകള്‍ക്കുള്ള ചില സൗകര്യങ്ങളും എടുത്ത് പറയുമ്പോള്‍ കേവലം പര്‍ദ്ദാ വിരുദ്ധതയല്ല അവരുടെ ഉന്നമെന്ന് അനുമാനിക്കാം. സാധാരണ മുസ്‌ലീം സ്ത്രീ ചര്‍ച്ചകളുടെ ഭാവമായ “ഡീമോറലൈസിംഗ്” ഘടനയല്ല ഇതിന്റെ ഉള്ളടക്കം. പര്‍ദ്ദ ധരിച്ച് കൊണ്ട് തന്നെ പൊതുരംഗത്ത് സജീവമാകുന്ന സ്ത്രീകളെക്കുറിച്ച് കല ആവേശം കൊള്ളുന്നുണ്ട്:
“വേഷം പര്‍ദ്ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതുഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ്ദധരിച്ച നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍വിട്ട് അരങ്ങിലേക്ക് എത്തുന്നുണ്ട്. പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ചകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.”
എന്നിട്ടും ഈ ലേഖനം തെറികളോടെയും വെല്ലുവിളികളോടെയുമാണ് എതിരേറ്റപ്പെട്ടത് എന്ന വസ്തുത പര്‍ദ്ദ എത്രമേല്‍ പുരുഷതാല്‍പര്യമാണ് എന്ന് വെളിവാക്കുന്നുണ്ട്. “ഞങ്ങളുടെ സ്ത്രീകള്‍ വെന്ത് പോയാല്‍ നിങ്ങക്കെന്താ “എന്നായിരുന്നു പ്രതികരിച്ച ആണ്‍കൂട്ടത്തില്‍ നല്ലൊരു പങ്കിന്റെയും നിലപാട്. ഒരു പെണ്ണ് “തങ്ങളുടെ അധികാരപരിധി”യില്‍ പെട്ട കാര്യത്തില്‍ കൈ കടത്തുന്നത് ഒരിക്കലും പൊറുക്കില്ല ശുജായികള്‍.
മുമ്പ് പര്‍ദയെ കുറിച്ച് ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഫൗസിയ ബഷീര്‍ നിശിതമായ ഓണ്‍ലൈന്‍ ആക്രമണത്തിന് ഇരയായിരുന്നു.
ഈ അഭിപ്രായം പറയുന്ന ആദ്യത്തെ ആളൊന്നുമല്ല കല. “സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ, പ്രതിലോമകരമായ ഒരു സിംബല്‍. മാത്രമല്ല, കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടുമേ യോജിച്ചതുമല്ല ആ വസ്ത്രം. എ.സി. കാറില്‍ യാത്രചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്‌ലിം സ്ത്രീകള്‍ക്കുമാത്രമേ അത് അലോസരമില്ലാതെ ധരിക്കാന്‍ പറ്റൂ.” ഖദീജ മുംതാസ് രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമിയില്‍ തന്നെ എഴുതിയതാണ്. അന്ന് പൊട്ടാത്ത കരുക്കള്‍ ഇപ്പോള്‍ പൊട്ടുന്നത് എന്ത് കൊണ്ടാണാവോ? ഹനുമാന്‍ സേനകള്‍ അവിടെയെന്ന പോലെ ഇവിടെയും വളരുന്നുണ്ട്.
പര്‍ദ്ദക്ക് ഒരു രാഷ്ട്രീയമുണ്ട്. പര്‍ദ്ദ വിരുദ്ധതക്കും. പര്‍ദ്ദയുടെ രാഷ്ട്രീയം പാന്‍ ഇസ്‌ലാമിസത്തിന്റെതാണെങ്കില്‍ സവര്‍ണ്ണ ഹിന്ദുത്വത്തിന്റേതാണ് പര്‍ദ്ദ വിരുദ്ധതയുടെ രാഷ്ട്രീയം.
പര്‍ദ്ദ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ചില വാദഗതികള്‍ പരിശോധിക്കാം
(1) പെണ്ണിന് “ഹിജാബ്” ഇളവുകള്‍ ഇല്ലാത്ത മതശാസനയാണ്. ഹിജാബ്=പര്‍ദ്ദ = കറുത്തത് (കളര്‍ പര്‍ദ്ദകള്‍ പോലും ഹിജാബിന്റെ അന്ത:സത്തക്ക് വിരുദ്ധവും ഫാഷന്‍ ഭ്രമവുമൊക്കെയാണ് എന്ന് വരെ നീളുന്ന വ്യാഖ്യാനം).
യാഥാര്‍ത്ഥ്യം:
ഹിജാബ് എന്നാല്‍ പര്‍ദ്ദയല്ല; സ്ത്രീകള്‍ക്കുള്ള പ്രത്യേക വസ്ത്ര നിഷ്‌കര്‍ഷയുമല്ല. പര്‍ദ്ദയെ ഹിജാബ് ആക്കുന്നത് ഒരു പൊളിറ്റിക്കല്‍ കണ്‍സ്ട്രക്റ്റ് ആണ്. യൂണിഫോം വസ്ത്രധാരണരീതി സ്വീകരിക്കുന്ന സ്ത്രീകളിലൂടെ “ഏകീകരിക്കപ്പെട്ട ഇസ്‌ലാമിക സമൂഹം” എന്ന പാന്‍ ഇസ്‌ലാമിസ്റ്റ് ലക്ഷ്യം.
(2) പര്‍ദ്ദ ചര്‍ച്ചയാക്കുന്നത്, ചോദ്യമുയര്‍ത്തുന്നത് ഇസ്‌ലാമോഫോബിയയാണ്.
യാഥാര്‍ത്ഥ്യം:
പര്‍ദ്ദ “ഫ്രീ ചോയിസ്” ആകുന്നതിനപ്പുറം സാമൂഹ്യസമ്മര്‍ദ്ദം തീര്‍ക്കുന്നതിന് പിന്നിലെ രാഷ്ട്രീയത്തെ, അജണ്ടയെ അഡ്രസ് ചെയ്യുന്നത് മുഴുക്കെ ഇസ്‌ലാമോഫോബുകളോ മുസ്‌ലീം വിരുദ്ധരോ അല്ല. സക്രിയമായ ഇടപെടലുകളെപ്പോലും ലേബല്‍ ഒട്ടിച്ച് തമസ്‌ക്കരിക്കുന്നത് മറ്റൊരു അജന്‍ഡയാണ്.
എന്നാല്‍ ഇസ്‌ലാമോഫോബുകളും പര്‍ദ്ദയെ ഉപയോഗിക്കാറുണ്ട്; പാന്‍ ഇസ്‌ലാമികളുടെ “ഇസ്‌ലാമിക നിഷ്‌കര്‍ഷ” എന്ന കണ്‍സ്ട്രക്റ്റ് തന്നെയാണ് അവരും ആധാരമാക്കുന്നത്.
(3) പര്‍ദ്ദ മുസ്‌ലീം ഐഡന്റിറ്റി ആണ്. പര്‍ദ്ദക്ക് നേരെ വരുന്ന ചോദ്യങ്ങള്‍ മുസ്‌ലീം ഐഡന്റിറ്റിക്ക് നേരെയുള്ള കൈകടത്തലാണ്
യാഥാര്‍ത്ഥ്യം:
പര്‍ദ്ദ ഒരിക്കലും ഇസ്‌ലാമിക് ഐഡന്റിറ്റി അല്ല. അങ്ങനെ സവിശേഷമായ വസ്ത്ര / ഐഡന്റിറ്റി നിഷ്‌കര്‍ഷയൊന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഇല്ല. മാത്രമല്ല അത്തരമൊരു സങ്കല്‍പത്തിന് മുന്‍കാലങ്ങളില്‍ പ്രചാരം കിട്ടിയിരുന്നുമില്ല. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസരിച്ച് മുസ്‌ലീം സ്ത്രീ പുരുഷന്മാര്‍ സൗകര്യപൂര്‍വ്വമുള്ള വസ്ത്രധാരണം സ്വീകരിച്ച് വരികയായിരുന്നു.
പാന്‍ ഇസ്‌ലാമിസ്റ്റുകള്‍, മൗലികവാദികള്‍ എന്നിവര്‍ മാത്രമല്ല ഉളളില്‍ നിന്നോ വെളിയില്‍ നിന്നോ ഇവര്‍ക്ക് പിന്തുണയേകുന്ന സ്വത്വവാദ രാഷ്ട്രീയ സിദ്ധാന്തക്കാരും പര്‍ദ്ദയെ “ഐഡന്റിറ്റി” ആയോ മതനിഷ്‌കര്‍ഷ ആയോ സ്ഥാപിച്ചിട്ടുണ്ട്. അണിയാത്ത ഒരുവള്‍ക്ക് മുസ്‌ലീം സ്ത്രീകളുടെ സദസ്സില്‍ ഒരു അന്യതാബോധം അനുഭവപ്പെടും.
മതശാസനാ ലംഘനം എന്ന അവളുടെ “ഗുരുതരമായ തെറ്റ്”, പ്രോപഗണ്ടയില്‍ വീണ് പോയ മുസ്‌ലീം പൊതുബോധം നേരിട്ടും പരോക്ഷമായും അവളോട് സംവദിക്കും. എളുപ്പത്തില്‍ അതിജീവിക്കുക സാധ്യമല്ലാത്ത മന:ശാസ്ത്ര സമ്മര്‍ദ്ദം. ആരെങ്കിലും സൗകര്യത്തിന് തെരഞ്ഞെടുത്താല്‍ പല വേഷങ്ങളില്‍ ഒന്ന് എന്ന നിലയില്‍ പര്‍ദ്ദയെ ഉള്‍ക്കൊള്ളാമെങ്കിലും അത് പ്രതിലോമകരമായി തീരുന്ന സാഹചര്യം അങ്ങനെയാണ് ഉണ്ടാകുന്നത്.
ഇനി പര്‍ദ്ദ വിരുദ്ധ രാഷ്ട്രീയത്തെ പരിശോധിക്കാം. കൃത്യമായ നിലപാട് തറയില്‍ അല്ലാതെ മറ്റ് ചില അജണ്ടകളില്‍ ഊന്നിയുള്ള എതിര്‍പ്പാണ്, സമ്മര്‍ദ്ദം ഇല്ലാത്ത വസ്ത്രധാരണം എന്ന ലക്ഷ്യമൊട്ടുമില്ലാതെയുള്ള പ്രശ്‌നവല്‍ക്കരണമാണ് അത് മുന്നോട്ട് വയ്ക്കുന്നത്.
പാട്രിയാര്‍ക്കിയുടെയും സോഷ്യല്‍ ഹയറാര്‍ക്കിയുടെയും ഭാരം പേറേണ്ടി വരുന്ന നമ്മുടെ സ്ത്രീകളില്‍ ഒരു വിഭാഗം മാത്രമാണ് മുസ്‌ലീം സ്ത്രീകള്‍ എന്നത് വിസ്മരിച്ച് “അദര്‍” പരികല്‍പനയുളള പ്രാകൃതഗോത്രത്തിലെ, തങ്ങള്‍ ചെന്ന് രക്ഷിച്ചെടുക്കേണ്ട (തട്ടത്തിന്‍ മറയത്തെ) നിസ്സഹായരായ ഇരകള്‍ എന്ന പ്രതീതിയിലാണ് അത് മുസ്‌ലീം സ്ത്രീയെ വരച്ചിടുന്നത്.
ചിലര്‍ക്കെങ്കിലും സ്വാഭീഷ്ട ചോയിസ് ആകാനുള്ള സാധ്യതകളെ മുച്ചൂടും നിരാകരിച്ച്, പര്‍ദ്ദ എന്ന വേഷത്തെ തന്നെയാണ് അവര്‍ ശത്രുപക്ഷത്ത് നിറുത്തുന്നത്. ഒപ്പം, മറ്റു ചില വസ്ത്രധാരണങ്ങളെ കേരളീയം, മലയാളിത്തനിമ എന്നിങ്ങനെ ഗ്ലോറിഫൈ ചെയ്യുകയും ചെയ്യും. പര്‍ദ്ദയെ പോലെ തന്നെ ഹയറാര്‍ക്കിയുടെ താല്‍പര്യമായി മാറാറുള്ള താലി, സിന്ദൂരം, സാരി തുടങ്ങിയ നിഷ്‌കര്‍ഷകളെ സ്വാഭാവികമെന്ന് അംഗീകരിക്കും; “കുലീനം” എന്ന് അടയാളപ്പെടുത്തും.
ബ്ലാക്ക് & വൈറ്റ് ആയി മാത്രം സമീപിക്കുമ്പോള്‍, രണ്ടാലൊരു എക്‌സ്ട്രീമില്‍ എത്തും. ഗ്രേ ലൈന്‍സുമുണ്ട് ഇടക്ക്. അത് വിശാലാര്‍ത്ഥത്തിലുള്ള ആഹാര, വസ്ത്രധാരണ, സഞ്ചാര സ്വാതന്ത്ര്യം, സ്ത്രീയുടെ കൈകാര്യ കര്‍തൃത്വം അവള്‍ക്ക് തന്നെയാകണം എന്നീ നിലപാട് തറയില്‍ ഊന്നിക്കൊണ്ടുള്ള ഇടപെടലുകള്‍ ആണ്.
അത് ഒരു വിഭാഗത്തെയും അപരവല്‍ക്കരിക്കുകയോ പ്രത്യേകസമുദായത്തിലെ സ്ത്രീകളില്‍ രക്ഷകര്‍തൃത്വം സ്ഥാപിക്കുകയോ ചെയ്യുന്നില്ല. എല്ലാ വിഭാഗത്തിലും പെട്ട, ആണധികാരത്തിന്റെ താല്‍പര്യങ്ങള്‍ രൂപപ്പെടുത്തുന്ന സമൂഹ്യസമ്മര്‍ദ്ദങ്ങളുടെ ഭാരം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുക്കുക എന്നതാണ് ഇത് രണ്ടിന്റെയുമല്ലാത്ത പൊളിറ്റിക്‌സ്.
കേരളത്തിലാകട്ടെ പര്‍ദ്ദ വ്യാപകമാക്കിയ ഒട്ടേറെ കാര്യങ്ങളുണ്ട്. ബോധപൂര്‍വ്വമായ പാന്‍ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ അജണ്ട, ഗള്‍ഫ് അനുകരണം, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ശക്തിപ്പെട്ട സാമുദായിക ധ്രുവീകരണം, ചിഹ്നബദ്ധമായ മത സംസ്‌കാരം, ഒപ്പം സ്ത്രീകളെ ആകര്‍ഷിക്കുന്ന ചില ചില്ലറ സൗകര്യങ്ങളും: പെട്ടെന്ന് ഒരുങ്ങിക്കെട്ടാം, അടിയില്‍ വില കൂടിയതോ കുറഞ്ഞതോ പുതിയതോ പിഞ്ഞിയതോ എന്തും ധരിക്കാം ഇത്യാദി.
കൊടുംചൂടില്‍ കറുത്ത പര്‍ദ്ദ എന്നത് ഭാവനക്കും അപ്പുറത്തെ കാര്യമാണ്. ആ മാരണം സ്ത്രീകള്‍ സ്വമേധയാ കയൊഴിക്കട്ടെ എന്ന് ആശിക്കുന്നു. പര്‍ദ്ദ ധരിക്കണോ സാരിയോ ചൂരിദാറോ ധരിക്കണോ വെളളയോ കറുപ്പോ എന്നതുമൊക്കെ സ്ത്രീകള്‍ തന്നെയാണ് നിശ്ചയിക്കേണ്ടത്. മത / സാമൂഹ്യ നിഷ്‌കര്‍ഷകളോ പുരുഷ കല്പനകളോ ആകരുത്! ആഹ്ലാദത്തോടെ സ്വതന്ത്ര തീരുമാനം എടുക്കുന്ന വിതാനത്തിലേക്ക് എല്ലാ സ്ത്രീകളും ശാക്തീകരിക്കപ്പെടട്ടെ!
സമകാലിക മലയാളം (23/12/ 2012 ലക്കം) പ്രസിദ്ധീകരിച്ച എന്റെയൊരു ലേഖനത്തില്‍ നിന്നുളള ചില ഭാഗങ്ങള്‍ ഇവിടെ പ്രസക്തമാകുമെന്ന് കരുതുന്നു:
സ്ത്രീ വസ്ത്രധാരണത്തെ സംബന്ധിച്ച്, മുഖവും മുന്‍ കയ്യുമൊഴികെയുള്ളവ മറക്കണം എന്നാണ് ഭൂരിഭാഗം മതമീംസാകാരന്മാര്‍ മുന്നോട്ട് വയ്ക്കുന്ന നിഷ്‌കര്‍ഷ. എന്നാല്‍ അത്തരം നിയതമായ ശാസനയൊന്നും ഖുര്‍ആനിലോ പ്രമാണ ഗ്രന്ഥങ്ങളിലോ കാണില്ല. ഹിജാബ് എന്നാല്‍ modesty എന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നും കാലദേശ വ്യതിയാനം അനുസരിച്ച് വസ്ത്രരീതി മാറാവുന്നതാണെന്നും വ്യാഖ്യാനിച്ച മതമീംസാകാരന്‍മാരും ഉണ്ട്.
സ്ത്രീകള്‍ക്കുളള വസ്ത്ര നിഷ്‌കര്‍ഷ കഠിനമായി ഉദ്‌ബോധിപ്പിക്കുന്നവര്‍ പക്ഷേ സത്യസന്ധത, വാഗ്ദാനപാലനം, പട്ടിണിയകറ്റല്‍, പലിശനിരോധം, നിര്‍ബന്ധദാനം തുടങ്ങി മതത്തിന്റെ സാമൂഹ്യപ്രസക്തങ്ങളായ പാഠഭാഗങ്ങള്‍ കണിശമായി പാലിക്കണമെന്ന് ഏറെയൊന്നും ശഠിച്ചു കാണാറില്ല. ബാക്കിയെന്തൊക്കെ ലംഘിച്ചാലും, സ്ത്രീയുടെ തലമുടി വെളിയില്‍ കണ്ടാല്‍ പുരുഷവര്‍ഗ്ഗമാകെ സ്ഖലിച്ചു ലോകമാകെ അരാജകത്വം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഉല്‍ബോധകര്‍ ഭയക്കുന്നതായി തോന്നും ഈ വല്ലാത്ത ശുഷ്‌കാന്തി കാണുമ്പോള്‍. ഇന്നാകട്ടെ മുഖം മറക്കാനുള്ള ഉല്‍ബോധനം ഏറി വരുന്നുണ്ടോ എന്ന് ശങ്കിക്കണം. പ്രവാചകചര്യ പ്രചരിപ്പിക്കുന്നു എന്ന ഭാവേന! “വേഷാധിഷ്ഠിത ഇസ്‌ലാം” പ്രൊമോട്ട് ചെയ്യുകയാണ് ചിലര്‍.
വേഷത്തെ കുറിച്ചുളള തീവ്രത, കച്ചവടം തുടങ്ങിയ കാര്യങ്ങളില്‍ മതശാസനകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ കച്ചവട സംസ്‌കാരമേ മാറിയേനെ!
തല മറക്കാത്ത പെണ്ണിനെ മതശാസന തൃണവല്‍ഗണിച്ചവളായി പരിഗണിക്കുന്നവര്‍, കച്ചവടത്തില്‍ ഒട്ടും ധാര്‍മ്മികത കാട്ടാത്ത ഒരുവനെ, മായം ചേര്‍ത്തതും അനാരോഗ്യകരവുമായ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുടമയെ, അല്ലെങ്കില്‍ അണ്‍എത്തിക്കല്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ, ആശുപത്രി ഉടമയെ (ഒരു വേള ഇവരുടെയൊക്കെ ആര്‍ത്തി മനുഷ്യജീവനുകള്‍ പൊലിയാന്‍ കാരണമാണെങ്കില്‍ പോലും) മതവിരുദ്ധനായി പ്രഖ്യാപിക്കുമോ?! ഇത്തരം ചിലരെങ്കിലും മതപ്രബോധകരായും മതത്തിന്റെ സേവകരായും സമൂഹത്തില്‍ സര്‍വാംഗീകൃതരായി വിലസുന്നതും കാണാം. ഒരു കുറ്റവാളിയോട് കാട്ടുന്ന നിസ്സംഗതയെങ്കിലും “തലമറക്കാതെ, തലതെറിച്ച” പെണ്ണിനോട് കാട്ടിക്കൂടെ?!
അടിസ്ഥാന മതനിഷ്ഠകള്‍ പാലിക്കുമ്പോഴും, പുറം മാതൃകകള്‍ സ്വീകരിക്കാതെയും, പ്രാദേശികമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്തുമുള്ള ഒരു സവിശേഷ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയായിരുന്നു കേരള മുസ്‌ലീംകള്‍ ഗതകാലങ്ങളില്‍ ചെയ്തത്. ഇടക്കാലത്ത് സാമൂഹ്യപരമായി വലിയ ഉള്‍വലിയല്‍ സംഭവിക്കുകയും കാലികവിദ്യാഭ്യാസത്തോട് മുഖം തിരിക്കുക വഴി കടുത്ത യാഥാസ്ഥിതികത്വത്തില്‍ അതഃപതിക്കുകയും ചെയ്തുവെങ്കില്‍ കൂടി, പരസ്പരവിനിമയത്താല്‍ വികസ്വരമായ, സമ്പന്നമായ ഒരു സാംസ്‌കാരികസ്വത്വം അവര്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നു.
അന്നൊക്കെ പര്‍ദ്ദ പോലുള്ള വേഷവിധാനങ്ങള്‍ മുസ്‌ലീം സ്ത്രീകള്‍ക്ക് തീര്‍ത്തും അന്യമായിരുന്നു എന്ന് തന്നെ പറയാം. പില്‍ക്കാലത്ത് സമൂഹത്തെ കുറിച്ചോ ചുറ്റുലോകത്തെ കുറിച്ചോ യാതൊരു ധാരണയുമില്ലാതെ പുതുതായി കാണുന്നതിനെയെല്ലാം മതവിരുദ്ധവും നിഷിദ്ധവുമായി എണ്ണാന്‍ മാത്രമറിയുന്ന ഒരു മതനേതൃത്വം ഉയര്‍ന്നു വന്നു. സ്ത്രീവിദ്യാഭ്യാസം നിഷിദ്ധമായി കരുതുകയും സ്ത്രീകള്‍ പുറത്തിറങ്ങുന്നത് പോലും വിലക്കുകയും ചെയ്ത ഇവരാല്‍ ഇസ്‌ലാമികസമൂഹം നിയന്ത്രിക്കപ്പെടുന്ന ദുരവസ്ഥ.
ഇതിനെതിരെ മുസ്‌ലിം പണ്ഡിതരില്‍ നിന്ന് തന്നെ എതിര്‍പ്പുകളും പരിഷ്‌കരണശ്രമങ്ങളും ഉയര്‍ന്നു വന്നു. ദൗര്‍ഭാഗ്യവശാല്‍ ആ “നവോത്ഥാന”വാദികളില്‍ മിക്കവരും ഊര്‍ജ്ജം സ്വീകരിച്ചത് ഇവിടത്തെ “നിഷ്‌കളങ്ക യാഥാസ്ഥിതിക”രേക്കാള്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിലോമകതയും ഉള്ളിലേറിയ ചില അറേബ്യന്‍ ആശയപ്രസ്ഥാനങ്ങളില്‍ നിന്നോ രാഷ്ട്രീയ ഇസ്‌ലാം / ആഗോള ഇസ്‌ലാം എന്ന “നവജാഗരണം” പ്രൊമോട്ട് ചെയ്തവരില്‍ നിന്നോ ആയിരുന്നു.
കേരള മുസ്‌ലീംകളില്‍ വലിയ ആള്‍ബലം സൃഷ്ടിക്കാന്‍ ഇന്നും ഇവര്‍ക്കായിട്ടില്ലെങ്കിലും മുസ്‌ലീം സ്ത്രീയുടെ സിംബല്‍ ആയി പര്‍ദ്ദ ഇവിടെ വേരോടിയതില്‍ വിദ്യാസമ്പന്നരിലും മറ്റും ഇവരുണ്ടാക്കിയ സ്വാധീനം വലിയൊരു ഘടകമാണ്. മാപ്പിളത്തനിമക്ക് മേലുള്ള “ആഗോള ഇസ്‌ലാം” അധിനിവേശം വേഷത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല; കേരളീയ മുസ്‌ലീങ്ങളുടെ തന്നെ സാംസ്‌കാരിക ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണത്.
ഗള്‍ഫ് കുടിയേറ്റമാണ് കേരളത്തില്‍ പര്‍ദ്ദ വ്യാപകമാക്കിയ മറ്റൊരു ഘടകം. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു “ഫാഷന്‍” ട്രെന്‍ഡ് ആക്കിയെടുത്തിട്ടുമുണ്ട്. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത അരക്ഷിതബോധത്തിന്റെ പ്രതിഫലനമെന്നോണം കൂടുതല്‍ മതാത്മകസ്വത്വത്തിലേക്ക് മടങ്ങിയതിന്റെ അടയാളമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യനിരീക്ഷകരും ഉണ്ട്.
ചിലര്‍ പര്‍ദ്ദയെ ഇസ്‌ലാമിക ചിഹ്നമായി പ്രൊമോട്ട് ചെയ്യുമ്പോള്‍ അക്കാരണം കൊണ്ട് മാത്രം പര്‍ദ്ദയോട് വിരോധം പുലര്‍ത്തുന്ന മറ്റു ചിലരുമുണ്ട്. വിദ്യാലയങ്ങളില്‍ സ്‌കാര്‍ഫ് ധരിക്കലും മറ്റും നിരോധിച്ച് കൊണ്ട് ഇടയ്ക്കും തലക്കും ഉണ്ടാകുന്ന വിവാദങ്ങള്‍ ചുഴിഞ്ഞു ചെന്നാല്‍ ചില അസഹിഷ്ണുതകള്‍ അവയ്ക്ക് പിന്നിലും കണ്ടെത്തിയേക്കാം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ ആണുണ്ടാക്കുന്നത്.
വേഷം എന്നത് ആത്യന്തികമായി വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. അനുയോജ്യമോ സൗകര്യപ്രദമോ ആയ വേഷം ധരിക്കാന്‍ ആണിനും പെണ്ണിനും തുല്യ അവകാശമുണ്ട്. മതശാസനയെന്നു ധരിച്ചോ അല്ലാതെയോ സ്വമേധയാ പര്‍ദ്ദയുള്‍പ്പെടെയുള്ള ഏതും ധരിക്കാനോ നിരാകരിക്കാനോ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്.
സമൂഹത്തിലെ ഒട്ടുവളരെപ്പേര്‍ പര്‍ദ്ദയെ ഒരു വേഷമായി തെരഞ്ഞെടുത്തിരിക്കുന്നിടത്തോളം അതിനെതിരെ അസഹിഷ്ണുത വളര്‍ത്തുന്നതും അഭികാമ്യമല്ല. കാരണം, ആള്‍കൂട്ട ഫാഷിസം എങ്ങനെയൊക്കെ തിരിയാം എന്നുറപ്പില്ലാത്ത ഒരു കാലഘട്ടത്തില്‍, നാളെ പര്‍ദ്ദധാരികള്‍ക്കെതിരെയുള്ള ഏതൊരു മോബ് വയലന്‍സും ന്യായീകരിക്കപ്പെടുകയോ, കുറഞ്ഞപക്ഷം നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയോ ചെയ്‌തേക്കാം.
“പുറത്തേക്കെടുക്കല്‍” അനിവാര്യമാകുമ്പോള്‍ മുഖമുള്‍പ്പെടെ ദേഹമാകെ മൂടി പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കേണ്ട, തങ്ങളുടെ അധീനതയില്‍ പെട്ട “സാധന”മായി പെണ്ണിനെ ട്രീറ്റ് ചെയ്യലാണ് മതം എന്ന് പ്രചണ്ടപ്രചാരം നടത്തുന്ന, കേവല ചിഹ്നബദ്ധമായ സ്വത്വസംരക്ഷണം മാത്രമായി മതത്തെ ചുരുട്ടിക്കെട്ടുന്ന “മതബോധി”കളുടെ ഉപരിപ്ലവത തുറന്നു കാണിക്കുകയും അവരുടെ സേവനം നിഷേധാത്മകത മാത്രമാണ് എന്ന് തിരിച്ചറിയുകയും വേണം. ഇതര മതസമൂഹങ്ങളിലും ഇങ്ങനെ പ്രകടനാത്മക മതചിഹ്നങ്ങളില്‍ അഭിരമിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്.
പടിഞ്ഞാറന്‍ “ഇസ്‌ലാം വൈരി”കളും ഇന്ത്യന്‍ സവര്‍ണ്ണ ഫാസിസ്റ്റുകളുമൊക്കെ താടി, തൊപ്പി, പര്‍ദ്ദ എന്നിവയെ തീവ്രവാദ ചിഹ്നങ്ങളായി പൊതുബോധത്തിലേക്ക് നിരന്തരം കടത്തിവിടുമ്പോള്‍, കൂടുതല്‍ തീക്ഷ്ണതയോടെ അവയെ എടുത്തണിഞ്ഞു കൊണ്ട് അത്തരം വിദ്വേഷപ്രചരണങ്ങളെ ചെറുക്കുക എന്നൊരു നിലപാടിലേക്ക് ഒരുവിഭാഗം ചെന്നെത്തുന്നുമുണ്ട്.
വേഷത്തെ കുറിച്ച ഏതൊരു ചര്‍ച്ചയെയും വൈകാരികമായും സിനിക്കല്‍ ആയും സമീപിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതും അത്തരം വിദ്വേഷാധിഷ്ഠിത പ്രചരണങ്ങള്‍ ആകാം. എന്നാല്‍, എത്രകാലം ഇങ്ങനെ അപരഭീതി കാരണം സ്വയം പണിത തോടിനുള്ളില്‍ സുരക്ഷിതത്വം കണ്ടെത്തും?!
വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാത്ത, സ്വയം നവീകരണത്തിന് സന്നദ്ധമാകാത്ത, ചലനാത്മകതയെ അണകെട്ടി നിര്‍ത്തുന്ന ഒരു സമൂഹവും ചരിത്രം വിരചിക്കുന്നില്ല. ന്റുപ്പുപ്പാക്കൊരാനെണ്ടാര്‍ന്നു എന്ന് നിരന്തരം ഉരുവിടുന്നത് സ്വയം പരിഹാസ്യരാക്കുകയേ ഉള്ളൂ! അവിടെയാണ് മതതത്വങ്ങളെയും മുന്‍ഗണനാക്രമങ്ങളെയും കാലോചിതം പുനര്‍വായന നടത്താന്‍ കഴിവുള്ള പണ്ഡിതരും ദര്‍ശനികരും മുന്നോട്ട് വരേണ്ടതിന്റെയും അവര്‍ ബഹുജനസ്വീകാര്യത കൈവരിക്കേണ്ടതിന്റെയും പ്രസക്തി.