കിളിനക്കോട്“വെസര്‍പ്പിന്റെ ചൊയ”ക്കാരുടെ പ്രതികരണ വീഡിയോയിലെ മുഖ്യവിഭവം, ആ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള സ്ലട്ട് ഷെയിമിംഗ് ആയിരുന്നു. സന്തോഷത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ കല്യാണം കൂടാന്‍ പോയി തിരിച്ചുവരുമ്പോള്‍, വളരെ അപ്രതീക്ഷിതമായ അപമാനവും ദുരനുഭവവും നേരിട്ട പെണ്‍കുട്ടികള്‍ അവരുടെ രോഷവും സങ്കടവും അപമാനബോധവുമൊക്കെ കൂട്ടുകാരോട് സ്വകാര്യമായി പങ്കുവയ്ക്കുമ്പോള്‍, ആ പറച്ചില്‍, അവധാനതയോടെ ആലോചിച്ചുറപ്പിച്ച് ഇറക്കുന്ന പത്രക്കുറിപ്പ് പോലെ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് ശഠിക്കാന്‍ ഒക്കില്ലല്ലോ.
ഒരു പ്രദേശത്തെയാകെ അങ്ങനെ ചിത്രീകരിക്കണോ എന്ന് ചോദിച്ചാല്‍, അതൊരു പബ്ലിക് പോസ്റ്റ് ആയിരുന്നെങ്കില്‍ ചില്ലറ അനൗചിത്യമുണ്ടായേനെ; എങ്കില്‍പ്പോലും അവരുടെ ആ സമയത്തെ വികാരം മനസ്സിലാക്കി അവഗണിക്കാവുന്നതേയുള്ളു. ഇതവര്‍ പബ്ലിക് പോസ്റ്റായി ഇട്ടതല്ല എന്ന് വരുമ്പോള്‍ അത്തരം ഓഡിറ്റ് തന്നെ തീര്‍ത്തും അസംഗതമാകുന്നു. അതൊന്നും മനസ്സിലാക്കാന്‍ ശ്രമിച്ചോ ശ്രമിക്കാതെയോ വീണ്ടുമവരെ ക്രൂശിച്ചത് ശുദ്ധതോന്ന്യവാസമാണ്. എങ്ങനെയോ കൈമറിഞ്ഞ് കിട്ടുന്ന വീഡിയോകള്‍ അന്യന്റെ സ്വകാര്യതയെക്കുറിച്ച യാതൊരു പരിഗണനയും ഇല്ലാതെ അപ്പടി ഷെയര്‍ ചെയ്തുവിടുന്ന രോഗാതുരതക്ക് അടിയന്തിര ചികിത്സ കണ്ടേ മതിയാകൂ. അല്ലെങ്കില്‍ ആ സൂക്കേട് അനേകമനേകം ജീവിതങ്ങള്‍ തകര്‍ത്തെറിയും.
ആ “വെസര്‍പ്പ് പ്രതികരണം” കേട്ടാല്‍ തോന്നുക അവര്‍ പരസ്യമായി എന്തോ ലൈംഗികകൃത്യം നടത്തിയിട്ടുണ്ട് എന്നാണ്. ആ പെണ്‍കുട്ടികള്‍ ഒന്നിച്ച് വഴിയരികില്‍ സെല്‍ഫി എടുത്തതാണ്, വല്ലപ്പോഴും വരുന്ന ബസ്സിന് അനന്തമായി കാത്തുനില്‍ക്കുമ്പോള്‍ ചിരിച്ചുകളിച്ച് ഉല്ലസിച്ചതാണ് അവരുന്നയിച്ച ആഗോള സദാചാര കുറ്റകൃത്യം എന്ന് മൊത്തം കഹാനിയും തപ്പിപ്പിടിച്ചാല്‍ മാത്രമാണ് മനസ്സിലാകുക. കുറച്ചു പെണ്‍കുട്ടികളെ ഒരുമിച്ചു കണ്ടപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു സ്വയംകൃത ആങ്ങളക്ക് അവര്‍ എന്തിനാ അവിടവിടെ ചുറ്റിപ്പറ്റി നിക്കണത് എന്നറിയണം.
വാര്‍പ്പ് മാതൃകയിലെ പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവും പാലിച്ച് പാദപതനം പോലും കേള്‍പ്പിക്കാതെ വേണമല്ലോ വീടിന് വെളിയില്‍ പെരുമാറേണ്ടത്. ഇക്കാര്യങ്ങള്‍ കുറച്ചു തമാശയുടെ അകമ്പടിയോടെ അവര്‍ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെച്ചതാണ് ആ സെല്‍ഫി വീഡിയോ. അതങ്ങനെയോ ലീക്കായപ്പോള്‍ വെസര്‍പ്പുകാര്‍ക്ക് അവര്‍ “ലോഡ്ജില്‍ നടത്തേണ്ട” എന്തോ തേടിയിറങ്ങിയതാണ് എന്ന വെളിപാടും ഉണ്ടായി!
ആ വിഡിയോയും പ്രതികരണവുമൊക്കെ ചേര്‍ത്ത് കിളിനക്കോട് ദേശാഭിമാനികള്‍ വൈറല്‍ ആക്കി രോഷം പതപ്പിച്ചുകൊണ്ടിരുന്നു. കണ്ടവര്‍ കണ്ടവര്‍ ആ കുട്ടികള്‍ക്കെതിരെ സ്ലട്ട് ഷെയിമിങ്ങിന്റെ പാരമ്യത തീര്‍ത്തു. പുരുഷുവിന്റെ ഉള്ളിലെ അടക്കിനിര്‍ത്തിയ പലതും ഒഴുക്കിവിടാന്‍ ഏതെങ്കിലും ബലിമൃഗത്തെ കിട്ടണമല്ലോ. നാടിനെ അപമാനിച്ച “ദേശദ്രോഹ”ത്തിന് ഒരു കിളിനക്കിയവന്‍ കേസുകൊടുത്തെന്നും ആ പരാതിയിന്‍ പ്രകാരം അവരെ രാത്രിക്ക് രാത്രി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നും ചില വാര്‍ത്തകളില്‍ കാണുന്നു. അക്കാര്യം സത്യമാണെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കേണ്ട, ഗുരുതരമായ ഒഫെന്‍സ് ആണ് ആ പോലീസ് ഏമാന്മാരുടെ ഭാഗത്ത് നിന്നുണ്ടായത്.
ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത്, ഒരു വണ്ടിയില്‍ യാത്ര ചെയ്യുന്നത്, ചിരിക്കുന്നതോ ഫോട്ടം പിടിക്കുന്നതോ ഒക്കെ കണ്ടാല്‍പിന്നെ മനസ്സില്‍ പോണ്‍ വീഡിയോ സങ്കല്പിക്കുന്ന ദുരാചാര പോലീസിംഗ് കേരളത്തില്‍ എല്ലായിടത്തുമുണ്ട്; എല്ലാ ജാതി-മത-സമുദായ വിഭാഗങ്ങളിലും ഉണ്ട്. ആണ്+പെണ്ണ്=പോണ്‍ എന്നതാണ് ലളിതസമവാക്യം. ഇങ്ങനെ ഇരയാകുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതം അപ്പോള്‍ മാത്രമായിരിക്കാം. ചിലപ്പോള്‍ അതിന്റെ ഷോക്ക് കുറച്ചേറെ ദിവസം, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ, നീണ്ടുന്നേക്കാം. കേവല ദുര്‍ബല ഹൃദയര്‍ ആണെങ്കില്‍, ആണായാലും പെണ്ണായാലും, ചിലപ്പോള്‍ സ്വയംഹത്യ തന്നെ തെരഞ്ഞെടുത്തു എന്നും വരാം.
ഇതരവിഭാഗക്കാര്‍ക്ക് സാധാരണമല്ലാത്ത ഒന്ന് മുസ്‌ലിം സ്ത്രീകള്‍ക്ക് / പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ സവിശേഷമായി നേരിടേണ്ടി വരുന്നുണ്ട്. സാമ്പ്രദായിക വഴക്കങ്ങള്‍ക്ക് അപ്പുറം പോകുന്ന സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ പിഴച്ചുപോകുകയാണ് എന്നും പിഴക്കുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് തങ്ങളുടെ ബാധ്യത ആണെന്നുമുള്ള അബോധം പേറുന്ന ചിലരുടെ “ഇടപെടല്‍” ആണ് ആ പ്രത്യേകമായ സംഗതി. തങ്ങള്‍ ചെയ്യുന്നത് സമുദായസേവനം എന്നോ മതസേവനം എന്നോ ഉള്ള മൂഢസ്വര്‍ഗ്ഗത്തില്‍ ആണവര്‍. ചില മതപ്രാസംഗിക തൊഴിലാളികള്‍ ആണ് ഇത്തരം ധാരണകള്‍ നട്ടുവളര്‍ത്തി, വെള്ളവും വളവും നല്കുന്നത്. അവരുടെ ഉദ്‌ബോധനങ്ങളില്‍ സിംഹഭാഗവും സ്ത്രീകള്‍ക്കുള്ള സദാചാര സംഹിത ആണല്ലോ.
ഓണ്‍ലൈനിലും ഓഫ്ലൈനിലും സ്വയംകൃത മുഫ്തിമാരായും ഉത്തരവാദപ്പെട്ട ആങ്ങളമാരായും വേഷമണിയാന്‍ അവരുടെ പതിനായിരക്കണക്കായ അനുവാചകവൃന്ദം തയ്യാറാകുന്ന സാധ്യതയെ സങ്കല്പിച്ചുനോക്കൂ. മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് സമുദായത്തിലെ ആണ്‍കുട്ടികളെയും ചവിട്ടിക്കടന്ന് മുന്നോട്ട് പോകുന്നു. ശാസ്ത്രപഠനത്തിലും മാനവികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള ഗവേഷണങ്ങളിലും സ്വദേശത്തും വിദേശത്തും വെന്നിക്കൊടി പാറിക്കുന്നുമുണ്ട്. അതൊടൊപ്പം തന്നെയാണ് ഇങ്ങനെ ചില “പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന് ബസ്സ് കിട്ടാത്തവര്‍” ഫൂട്‌ബോര്‍ഡില്‍ കേറിയെങ്കിലും അവരെ മിനക്കെടുത്താന്‍ പറ്റുമോ എന്ന് നോക്കുന്നത്.
നാലഞ്ച് വര്‍ഷം മുന്‍പ്, കണ്ണൂര്‍ ലോകോളേജിലെ പഠിതാക്കളായ മൂന്ന് (മുസ്‌ലിം) പെണ്‍കുട്ടികള്‍ പാടി വാട്ട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്ത “മാഹീത്തെ പെണ്‍പിള്ളേരെ കണ്ട്ക്കാ” എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വജനത്തിനുമിടയില്‍ വൈറല്‍ ഹിറ്റ് തീര്‍ത്തിരുന്നു. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ കീഴ്മറിഞ്ഞു. “മുസ്‌ലിം പെണ്ണിനെ നേര്‍വഴി നടത്തലും, നരകത്തീയില്‍ നിന്ന് രക്ഷിക്കലും” തങ്ങളുടെ ദൈവപ്രോക്ത ചുമതലയായി കരുതുന്ന ചില മതഭാഷണ തൊഴിലാളികള്‍ക്ക് അത് കേട്ട് സദാചാരക്കുരു പൊട്ടി.
“മാഹീത്തെ പെണ്‍പിള്ളേരെ കണ്ട്ക്കാ, കണ്ടിക്കില്ലേല്‍ വാ” എന്ന ആദ്യവരികള്‍ കേട്ടപ്പോഴേക്കും ചില മുസ്ല്യാക്കളും മൗലവിമാരും, ആ പെണ്‍കുട്ട്യോള്‍ “എന്തൊക്കെയോ” കാട്ടിത്തരാമെന്നും “വേറെന്തോ” ഇടപാടിന് വിളിക്കയാണെന്നും ഉറപ്പിച്ചു! “മതപ്രഭാഷണം” തൊഴിലാക്കിയെടുത്ത് സുഭിക്ഷ മൃഷ്ടാന്നഭോജനവും കനത്ത പണക്കിഴിയുമായി പലതും വിജൃംഭിച്ച് നടക്കുന്ന അവന്മാര്‍ക്ക് വിഷയാസക്ത ഭാവനയുടെ കടിഞ്ഞാണ്‍ പൊട്ടാന്‍ ആ പാട്ടിന്റെ ആദ്യവരികള്‍ മതിയായിരുന്നിരിക്കണം!
അതിലൊരു കുട്ടി ആ മൊയ്ല്യാര്‍ ഒരുത്തനെ വിളിച്ച് ഞങ്ങള്‍ ഒരു പാട്ട് പാടിയതല്ലേ, അതിലെന്താണ് ഇത്ര പ്രശ്‌നം, മുഹമ്മദ് നബി മദീനത്തേക്ക് ആദ്യമായി വരുമ്പോള്‍ അവിടത്തെ പെണ്‍കുട്ടികള്‍ നബിയെ പാട്ടുപാടി എതിരേറ്റു എന്നാണല്ലോ നബിചരിതത്തില്‍ പറയുന്നത് എന്ന് ഫോണ്‍ ചെയ്ത് ചോദിച്ചു. അതിന് അയാളുടെ മറുപടി, എല്ലാ സ്റ്റേജിലും നിനക്കെതിരെ പ്രസംഗിച്ചു നിന്നെ ഞാന്‍ പാഠം പഠിപ്പിക്കും എന്നായിരുന്നു. ആ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്നല്ലേ? ചിലര്‍ ആത്മഹത്യാ മുനമ്പ് വരെ എത്തി. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു; ഒരാള്‍ പഠനം മുഴുമിക്കാന്‍ കേരളത്തിന് വെളിയിലേക്ക് പോയി.
Also read: കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍; ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
അവന്മാരുടെയൊക്കെ ഉള്ളിലെ അടക്കാനാകാത്ത വികൃത ലൈംഗികതയെ സദാചാരത്തിന്റെയും മതഭക്തിയുടെയും കുപ്പായം ഇടീച്ച് പൊതുസ്റ്റേജില്‍ നൂറുകണക്കിന് ആളുകള്‍ക്കു മുന്നില്‍ (സിഡിയും ഇന്റര്‍നെറ്റും വഴി പതിനായിരക്കണക്കോ ലക്ഷക്കണക്കോ പേര്‍ക്ക് മുന്നിലും) ആ കുട്ടികള്‍ക്ക് നേരെയുള്ള ആക്ഷേപമായി ചൊരിയുമ്പോള്‍, അതിലെ ഹിംസയെ തിരിച്ചറിയാനും സ്റ്റേജിലേക്ക് കൂര്‍ത്ത കല്ലുകള്‍ പായിക്കാനും ആ കേട്ട് കൊണ്ടിരുന്ന ഏതെങ്കിലും മുസ്‌ലിം ചെറുപ്പക്കാര്‍ തന്നെ മുന്നോട്ട് വന്നിരുന്നെങ്കില്‍…
സമുദായത്തിന്റെ / മതത്തിന്റെ മൊത്തം ഏജന്‍സി കയ്യാളിക്കൊണ്ട് ഈ ഞരമ്പ് രോഗികള്‍ കടന്ന് കയറുന്നത് തങ്ങളുടെ തന്നെ പെങ്ങമ്മാരുടെ നിഷ്‌കളങ്കതയിലേക്കും ജീവിതത്തിന്റെ ചെറിയ കൗതുകങ്ങള്‍ പോലും സ്വായത്തമാക്കാനുമുള്ള അവകാശങ്ങളിലെക്കുമാണ് എന്നത് അവര്‍ എന്നാകും തിരിച്ചറിയുന്നത്?!. മൊല്ലയുടെ ആയാലും വഴിയരികിലെ ഞരമ്പന്‍ ആങ്ങളയുടെ ആയാലും സദാചാരവിചാരണക്ക് വിധേയമാകുന്ന പെണ്‍കുട്ടികള്‍ക്ക് അതിലേറെ ദുരന്തമാകുക വീട്ടുകാരുടെ, കുടുംബക്കാരുടെ കുറ്റപ്പെടുത്തലും കൂടെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ്. സത്യത്തില്‍ നിങ്ങള്‍ക്കിതില്‍ കാര്യമില്ല; ഞങ്ങള്‍ അവരെ പിന്തണക്കുന്നു എന്ന നിലപാടാണ് വീട്ടുകാര്‍ എടുക്കേണ്ടത്. നിങ്ങളുടെ രക്തത്തിന്റെ അംശങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ഏകേണ്ടത്, അവരെ വിഷാദത്തിലേക്ക് എടുത്തെറിയാതിരിക്കേണ്ടത്, രക്ഷിതാക്കളെ, നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.
വട്ടിപ്പലിശയും ഗുണ്ടായിസവും വിഷയാസക്തിയുമൊക്കെ ചേരുംപടി ചേരുന്ന സ്ഥലത്തെ പുരുഷുപ്രമാണിമാരെ, പൊതുസ്റ്റേജില്‍ പേരെടുത്ത് പറഞ്ഞു “നേര്‍വഴി” നടത്താനോ “സ്വര്‍ഗ്ഗപാത” കാട്ടാനോ ഈ മൊല്ലമാര്‍ ധൈര്യപ്പെടുമായിരുന്നോ?! ഇല്ലെന്ന് മൂന്നരത്തരം. ചാഞ്ഞമരമായ പെണ്‍കുട്ടികളുടെ മേല്‍ പാഞ്ഞുകേറുന്നത് മേല്‍നോവില്ലെന്ന ധൈര്യത്തില്‍ മാത്രമാണ്. അതിനനുവദിക്കുന്നിടത്തോളം ഈ സമുദായം സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കരുതേണ്ടിവരും. ലിംഗസമത്വമോ അവകാശബോധമോ നിക്കട്ടെ. “സ്ത്രീകളുടെ മേല്‍ തെളിവില്ലാത്ത ദുരാരോപണമുന്നയിക്കുന്നവര്‍ക്ക് എണ്‍പത് അടി നല്‍കുക. അവരുടെ സാക്ഷ്യം അസ്വീകാര്യമാണ്; അവര്‍ അധര്‍മ്മകാരികള്‍ തന്നെയാണ്” എന്ന ഖുര്‍ആനികവചനം എങ്കിലും ആ പ്രസംഗത്തൊഴിലാളികള്‍ക്ക് നേരെ ആയുധമാക്കാത്തതെന്ത്?
മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും മുഖ്യധാരാ രാഷ്ട്രീയത്തെയും പോലും ഉപയോഗിച്ച് കേരളത്തില്‍ ആസൂത്രിതമായി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനും, ഏതൊരു വിഷയത്തെയും അതിന്റെ മെരിറ്റില്‍ നോക്കിക്കാണുന്നതിനു പകരം സമുദായത്തെ ഒന്നാകെ കുറ്റവാളി / പ്രാകൃത ഗോത്രമാക്കി “വിച്ച് ഹണ്ട്” നടത്താനുമുള്ള ഫാഷിസ്റ്റ് ഹിഡന്‍ അജന്‍ഡ വളരെ വിജയകരമായി അണിയറയില്‍ ലക്ഷ്യം കാണുന്ന സമകാലിക കേരള അവസ്ഥ, ഏറ്റവും പ്രതികൂലമായി ഭവിച്ചിരിക്കുന്നത് ഇത്തരം നഗ്‌നമായ അവകാശക്കയ്യേറ്റങ്ങള്‍ക്ക് എളുപ്പം ശരവ്യമാകുന്ന മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളെയാണ്.
നിരന്തരമായ ബാഹ്യ ആക്രമണം, സമുദായത്തിനകത്തെ ആഭ്യന്തര ജനാധിപത്യവല്‍ക്കരണത്തെയും സ്ത്രീശാക്തീകരണങ്ങളെയും പിറകോട്ട് വലിപ്പിക്കുകയും, പ്രതിലോമശക്തികള്‍ക്ക് മതത്തിന്റെ / സമുദായത്തിന്റെ മൊത്ത ഏജന്‍സി അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ അകതാരിലെ സ്ത്രീവിരുദ്ധതയെ എളുപ്പം ആധികാരികമാക്കാനും വിറ്റഴിക്കാനും തരപ്പെടുകയും ചെയ്യുന്നു. സദുദ്ദേശപ്രേരിതമായ സ്ത്രീ അവകാശ ഇടപെടലുകളെയും തങ്ങളെ അപരവല്‍ക്കരിക്കുന്നവരുടെ രക്ഷാകര്‍തൃപരമായ ഇടപെടലുകളെയും പലപ്പോഴും വേര്‍തിരിച്ചറിയാനാകാതെ, “സിനിക്കല്‍” ആയ സമീപനത്തിലേക്ക് സമുദായം ഒന്നടങ്കം കൂപ്പുകുത്തുന്ന നിസ്സഹായവസ്ഥയും കനപ്പെട്ടു വരുന്നുണ്ട്.
അപ്പോള്‍ ഇടപെടല്‍ പ്രഥമമായും സമുദായത്തിനുള്ളില്‍ നിന്ന് തന്നെ രൂപപ്പെടണം. കുഞ്ഞുപെങ്ങമ്മാര്‍ വിടന്മാരായ വെട്ടുകിളിക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ കരിഞ്ഞുണങ്ങിപ്പോകാന്‍ പാടില്ലെന്ന് നിങ്ങള്‍ തീരുമാനമെടുക്കണം. ബാലുശ്ശേരി ആയാലും ബാഖവി ആയാലും ബല്യ ഉസ്താദ് ആയാലും പറച്ചിലിനും ഉദ്‌ബോധനത്തിനും ബൗണ്ടറി വരക്കണം. വെളിയില്‍ കാണുന്ന ഏതൊരു മുസ്ലിം പെണ്ണിന്റെ മേലും തനിക്ക് / തങ്ങള്‍ക്ക് രക്ഷാധികാരി ചമയാന്‍ അവകാശമുണ്ട് എന്ന മൂഢധാരണയെ ഇല്ലായ്മ ചെയ്യാന്‍ ആഭ്യന്തരമായ നീക്കം ആരംഭിക്കണം.
ഇത് മറ്റൊരു പാട്രണൈസിംഗ് ആയല്ല പ്രിസ്‌ക്രൈബ് ചെയ്യുന്നത്. മറിച്ച് പ്രായോഗികമായ കാരണങ്ങളാല്‍, തുല്യനീതിയിലും അവസരസമത്വത്തിലും വിശ്വസിക്കുന്ന, കുറഞ്ഞത് വഴിയേ പോകുന്ന ഏതൊരുവനും രക്ഷാധികാരി ചമയാനുള്ളതല്ല പെണ്ണ് എന്നൊരു മിനിമം ധാരണയെങ്കിലും ഉള്ളവരുടെ ഒരു സംഘടിത നീക്കം, ചുരുങ്ങിയത് ആശയ അവബോധമെങ്കിലും ഉരുത്തിരിഞ്ഞു വരണം. ഫാഷിസത്തെ ചെറുക്കാന്‍ സ്വയം പ്രാപ്തമാകണമെങ്കില്‍ അകമേ ജനാധിപത്യപരത പുലരണം.
പണ്ടേക്ക് പണ്ടേ ഒപ്പന പാടിയും കൈകൊട്ടിക്കളിച്ചും ഉല്ലസിച്ചുനിന്ന പൂര്‍വ്വചരിത്രമുണ്ട് കേരളത്തിലെ മുസ്‌ലിം പെണ്ണുങ്ങള്‍ക്ക്. അന്നൊന്നും മതം കുത്തിയൊലിച്ചു പോയതുമില്ല. മാപ്പിളപ്പെണ്ണുങ്ങള്‍ ആര്‍ജ്ജവത്തോടെ സമൂഹത്തില്‍ ഇടപെട്ടിരുന്നു. അവിടെനിന്നൊക്കെ പിന്‍നടക്കുകയായിരുന്നു സമുദായം. തങ്ങള്‍ അകപ്പെടുന്നത് തിരിച്ചറിയിക്കാതെ പിടിമുറുക്കിയ സലഫിവല്‍ക്കരണം ആയിരുന്നു ആ പിറകോട്ടടിക്കലിന് നിദാനം. സലഫിവിരുദ്ധരായ മൊല്ലമാര്‍ വരെയും സലഫിസം റൂട്ട്മാപ്പ് ഇട്ടുകൊടുത്ത വഴികളില്‍ സഞ്ചരിച്ചു.
സമുദായത്തിലെ പെണ്‍കുട്ടികള്‍ പൂത്തുമ്പികളായി പാറിനടക്കട്ടെ. ഒന്നും ഒലിച്ചുപോകില്ല!