| Sunday, 25th February 2018, 2:53 pm

ശ്രീദേവിയുടെ മരണവും ബച്ചന്റെ ട്വീറ്റും ചര്‍ച്ചയാക്കി ഇന്ത്യന്‍ സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ചലച്ചിത്രലോകത്തിന്റെ പ്രിയനായിക ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുന്ന ഇന്ത്യന്‍ സിനിമാലോകത്തെ നടുക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. ശ്രീദേവിയുടെ മരണം മാധ്യമങ്ങള്‍ അറിയുന്നതിനു മുന്നേ താരം നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുന്നത്.

“എന്തുകൊണ്ടാണെന്ന് അറിയില്ല എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നുന്നു”.. എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. രാത്രി 11.30 ആയിരുന്നു ശ്രീദേവി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇതേസമയം ബച്ചന്‍ വിവരം അറിഞ്ഞുവോ എന്നത് വ്യക്തമല്ല.

അതേസമയം ശ്രീദേവിയുടെ മരണം സംഭവിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ എത്തിയിരുന്നെങ്കിലും വ്യാജവാര്‍ത്തകളുടെ കൂട്ടത്തിലാണ് എല്ലാവരും വിവരത്തെ കണ്ടത്. പിന്നീട് ട്വിറ്ററില്‍ വാര്‍ത്ത എത്തിയതോടെ വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ച് ശ്രീദേവി അന്തരിച്ചത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.

തുടര്‍ന്ന് നിര്യാണത്തില്‍ അനുശോചനവുമായി ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more