മുംബൈ: ഇന്ധനവില വര്‍ധനവിനെതിരെ പ്രതികരിക്കാത്തതില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗ് വിലക്കുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നിലപാടിനോട് പ്രതികരിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം.
കോണ്‍ഗ്രസിന്റെ അടിസ്ഥാന സ്വഭാവം സ്വേച്ഛാധിപത്യമാണെന്നും ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പി നേതാവായ സുധീര്‍ മുങ്കാന്തിവാര്‍ പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ഭീഷണിയ്ക്ക് മുന്നില്‍ പതറുന്നയാളല്ല അമിതാഭ് ബച്ചന്‍. ഷോലെ സിനിമയില്‍ ഗബ്ബര്‍ സിംഗും ബച്ചനെ പേടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിനു മുന്നില്‍ പോലും പതറാത്തയാളാണ് അദ്ദേഹം’, സുധീര്‍ പറഞ്ഞു.
ഇന്ധനവില വര്‍ധനവിനെതിരെ പ്രതികരിക്കാത്ത ബോളിവുഡ് നടന്‍മാരുടെ ചിത്രങ്ങളും അവയുടെ ഷൂട്ടിംഗും സംസ്ഥാനത്ത് അനുവദിക്കാന്‍ പാടില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു ആഹ്വാനം.
‘സാധാരണക്കാരനെ വീണ്ടും ദുരിതത്തിലാഴ്ത്തി ഇന്ധനവില കുത്തനെ ഉയരുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ ശബ്ദമുയര്‍ത്തിയ താരങ്ങളായിരുന്നു അമിതാഭ് ബച്ചനും അക്ഷയ് കുമാറും. എന്നാല്‍ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ഇക്കാലത്ത് അവര്‍ നിശബ്ദരാണ്. മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ധൈര്യമില്ല’, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗും പ്രദര്‍ശനവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.