തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. കര്‍ശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലെത്തിച്ചത്.
വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റേയും ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി ആന്ധ്രയിലെത്തിയത്.
ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.
പിന്നാലെയാണ് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിച്ചത്. ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്.
കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്തം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.
അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.