| Thursday, 18th November 2021, 8:35 am

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും. തിരുവനന്തപുരത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇത് സംബന്ധിച്ച് കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഉത്തരവ് കൈമാറി.

ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും. കുടുംബകോടതി ശനിയാഴ്ച്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്.

ചൊവ്വാഴ്ച അനുപമയും അജിത്തും സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞിരുന്നു.

അതേസമയം, ശിശുക്ഷേമസമിതിക്ക് മുന്നില്‍ അനുപമ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ദത്ത് നല്‍കലിന് പിന്നില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ സുനന്ദയുമാണെന്നാരോപിച്ചാണ് സമരം.

ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നവംബര്‍ 11 നാണ് അനുപമയും അജിത്തും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. നീതി കിട്ടുന്നത് വരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

കുഞ്ഞിനെ തിരികെ കൊണ്ടുവന്ന് കഴിഞ്ഞാല്‍ മാതാപിതാക്കളെ തീരുമാനിക്കാനുള്ള ജനിതകപരമായ പരിശോധന സി.ഡബ്ല്യു.സി നടത്തും.

ആന്ധ്രാപ്രദേശിലെ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ പ്രത്യേക ജുവനൈല്‍ അകമ്പടിയിലായിരിക്കും കേരളത്തിലെത്തിക്കുക. ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കുഞ്ഞിന്റെ സുരക്ഷയുടെ ചുമതല യൂണിറ്റിന്റെ തലവനായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ തിരികെയെത്തിച്ചാല്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണം പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഏല്‍പിക്കാനാണ് തീരുമാനം.

ദത്തെടുക്കല്‍ കേസിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം അന്തിമ ഉത്തരവുകള്‍ സി.ഡബ്ല്യൂ.സി പുറപ്പെടുവിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യം പരാതി നല്‍കിയിരുന്നു.

തന്റെ സമ്മതപത്രം വാങ്ങി മാതാപിതാക്കള്‍ കുഞ്ഞിനെ വിട്ടുകൊടുത്തുവെന്ന് അനുപമ ആരോപിച്ചതോടെ ദത്തെടുക്കല്‍ കേസ് സംസ്ഥാനത്ത് സാമൂഹിക രാഷ്ട്രീയ വിഷയമായി വളര്‍ന്നിരുന്നു. കുട്ടിയെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എം നേതാക്കളും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അനുപമ തന്റെ പിതാവും സി.പി.ഐ.എം നേതാവുമായ എസ്. ജയചന്ദ്രന്‍, അമ്മ, സഹോദരി, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോര്‍ട്ടാണ് വിധി പറയുക. അമ്മയടക്കമുള്ളവര്‍ക്ക് നേര്‍ത്തെ ജാമ്യം ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Baby of Anupama to brought back to Kerala in five days

We use cookies to give you the best possible experience. Learn more