കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് അച്ഛന്‍ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.
എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേ
താനും ഭാര്യയും തമ്മില്‍ ഉള്ളൂവെന്നും അതല്ലാതെ വലിയ പ്രശ്നങ്ങളില്ലെന്നും അച്ഛന്‍ പറഞ്ഞു. എന്നാല്‍ വീഡിയോ വൈറലാക്കിയെന്ന് പറഞ്ഞ് ഭാര്യ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തത്. അച്ഛന്‍ വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Content Highlights:Baby naming dispute: Father files complaint against child rights commission over video