മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം; ഷിജു ഖാനും സി.ഡബ്ല്യു.സിക്കുമെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് അനുപമ
Kerala
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം; ഷിജു ഖാനും സി.ഡബ്ല്യു.സിക്കുമെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് അനുപമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th November 2021, 11:08 am

തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ധരിപ്പിച്ചതാണെന്നും എന്നാല്‍ വിഷയം ആരും ചര്‍ച്ചക്കെടുക്കുന്നില്ലെന്നും അനുപമ.

പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഈ വിഷയം സംസാരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അനുപമ പറഞ്ഞു.

അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ തന്റെ അച്ഛനും അമ്മയും അല്ലേ അവര്‍ അവര്‍ക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നാണ് തന്നോട് ചോദിച്ചതെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പേരുടെ പേരുകള്‍ പുറത്തുവരും എന്നതുകൊണ്ടാവാം ഷിജു ഖാനെ ഉള്‍പ്പെടെ സംരക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

മുഖ്യമന്ത്രിയെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍ എന്റെ പരാതി നേരിട്ട് എത്തിയിട്ടുണ്ടാവില്ല. ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഇവരെല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തേയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിനും ഒന്നും ചെയ്യാന്‍ കഴിയാതെ പോയത്.

ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും അനുപമ പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവം വാര്‍ത്തയാകുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതിയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പി.കെ. ശ്രീമതി അനുപമയോട് പറയുന്നതായി ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. വിഷയം അറിഞ്ഞപ്പോള്‍ അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പി.കെ. ശ്രീമതി പറയുന്നുണ്ട്. സെപ്തംബര്‍ മാസത്തില്‍ അനുപമയും പികെ ശ്രീമതിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമ പി.കെ. ശ്രീമതിയുടെ സഹായം തേടിയത്. സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്തെന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം കമ്മറ്റിയില്‍ ചര്‍ച്ചയായിരുന്നില്ല.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലാണ്.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍. സുനന്ദയേയും ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഇരുവരും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് അനുപമ ആരോപിക്കുന്നു. ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അനുപമ പറഞ്ഞു.

ദത്ത് നല്‍കിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണം. നിലവിലെ സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ല. ആരോപണ വിധേയരെ മാറ്റി നിര്‍ത്താത്ത അന്വേഷണം ശരിയാവില്ല. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും CWC ചെയര്‍പേഴ്സണെയും മാറ്റി നിര്‍ത്തണം. അന്വേഷണം തീരും വരെ താല്‍ക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം, അനുപമ പറയുന്നു.

വിഷയത്തില്‍ കോടതി ഇടപെട്ടതിന് പിന്നാലെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമെന്നും അതിന് ശേഷം ഡി.എന്‍.എ ടെസ്റ്റ് നടത്താമെന്നൊക്കെയായിരുന്നു ശിശുക്ഷേമ സമിതി പറഞ്ഞിരുന്നത്. എന്നാല്‍ അതിനുള്ള ഒരു നീക്കുപോക്കുകളും കാണുന്നില്ല.

കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സി.ഡബ്ല്യു.സിക്കാണ്. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം വെച്ചുതാമസിക്കുന്നു എന്ന് മനസിലാകുന്നില്ല. കുഞ്ഞിനെ എത്രയും വേഗം ഇങ്ങോട്ട് കൊണ്ടുവരണം. തന്റെ കുഞ്ഞിനെ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി.

ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കും സി.പി.എം നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം