| Sunday, 9th January 2022, 9:27 am

സൊഹൈല്‍ അഹ്മദി ഇനി സ്വന്തം കുടുംബത്തിനൊപ്പം; മാസങ്ങള്‍ നീണ്ട തിരച്ചിലിനും കാത്തിരിപ്പിനും വിരാമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ കുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെയടുത്ത് തിരിച്ചെത്തിയത്.

കാബൂളില്‍ തന്നെയായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ശനിയാഴ്ച സൊഹൈല്‍ അഹ്മദിയെ കാബൂളില്‍ തന്നെയുള്ള ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

അമേരിക്കയില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സമയത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടി നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. ആഗസ്റ്റ് 19നായിരുന്നു അന്ന് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കാണാതായത്.

അഫ്ഗാന്‍ പൗരന്മാരായ കുഞ്ഞിന്റെ മാതാപിതാക്കള്‍ കാബൂള്‍ വിമാനത്താവളത്തില്‍ വെച്ച് അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ കാണാതാവുകയായിരുന്നു. കുഞ്ഞിന് വേണ്ടി വ്യാപകമായി തിരച്ചിലും നടത്തിയിരുന്നു.

പലായനത്തിന്റെ തിരക്കിനിടെ ദമ്പതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ വെച്ച് വേലിക്ക് മുകളിലൂടെ കുഞ്ഞിനെ കൈമാറുന്നതും, അമേരിക്കന്‍ സൈനികന്‍ കുഞ്ഞിനെ ഏറ്റു വാങ്ങുന്നതുമായ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കൂട്ടപ്പലായനത്തിന്റെ തിരക്കില്‍പ്പെട്ട ഇവരോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച അമേരിക്കന്‍ സൈനികന് പിതാവ് മിര്‍സ അലി കുഞ്ഞിനെ കൈമാറുകയായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിനെയോ, ഏറ്റുവാങ്ങിയ സൈനികനെയോ അവിടെ കണ്ടിരുന്നില്ല.

അമേരിക്കയിലെ ടെക്‌സാസില്‍ അഭയാര്‍ത്ഥി ക്യാംപില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മിര്‍സ അലിയും ഭാര്യ സുരയയും. അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ വേണ്ട സഹായങ്ങള്‍ ലഭിച്ചിരുന്നു.

ഇത് സംബന്ധിച്ച് റോയിട്ടേഴ്‌സ് നവംബറില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ കാബൂളില്‍ തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

കാബൂളില്‍ ടാക്‌സി ഡ്രൈവറായ 29കാരന്‍ ഹമിദ് സാഫി കുഞ്ഞിനെ വിമാനത്താവളത്തില്‍ വെച്ച് കണ്ടെത്തുകയും എടുത്ത് വളര്‍ത്തുകയുമായിരുന്നു.

എന്നാല്‍ കുഞ്ഞിന് അധികൃതര്‍ കണ്ടെത്തിയ ശേഷവും അവനെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഹമിദ് സാഫി തയാറായിരുന്നില്ല. താലിബാന്‍ പൊലീസ് സാഫിയുമായി നടത്തിയ ആഴ്ചകളോളം നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും ശേഷമാണ് കുഞ്ഞിനെ കൈമാറാന്‍ അയാള്‍ തയാറായത്.

കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ അമേരിക്കയിലായത് കൊണ്ട് കാബൂളിലുള്ള കുട്ടിയുടെ മുത്തച്ഛനും മറ്റ് ബന്ധുക്കള്‍ക്കുമാണ് കുട്ടിയെ കൈമാറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Baby lost in chaos of Afghanistan airlift found and returned to family in Kabul

We use cookies to give you the best possible experience. Learn more