| Sunday, 7th May 2017, 9:40 am

കൈകളില്‍ ഗര്‍ഭനിരോധന ഉപകരണം പിടിച്ചു ജനിച്ചുവീണ കുഞ്ഞ്; മാധ്യമവാര്‍ത്തകള്‍ വെറും തള്ള് ; സത്യം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ച് പുറത്തുവന്ന നവജാത ശിശുവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലെ താരം. സോഷ്യല്‍ മീഡിയ മാത്രമല്ല മലയാള മനോരമയുള്‍പ്പെടെ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു.

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച ശേഷമായിരുന്നില്ല പലരും വാര്‍ത്ത നല്‍കിയിരുന്നത്. ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ചുകൊണ്ടായിരുന്നില്ല കുഞ്ഞ് ജനിച്ചുവീണത്. അത് ആരോ മെനഞ്ഞെടുത്ത ഒരു കഥ മാത്രമായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഗര്‍ഭനിരോധന ഉപകരണം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നു ഉണ്ടായിരുന്നത്. പ്രസവസമയം ഡോക്ടര്‍മാര്‍ അത് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞ് ജനിച്ച ശേഷം അവര്‍ അത് കുഞ്ഞിന്റെ കയ്യില്‍ വെച്ച് ഫോട്ടോയും എടുത്തു. ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

ഏതാനും സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലായി. എന്നാല്‍ യഥാര്‍ത്ഥ കഥ അപ്പോഴേക്കും മാറിയിരുന്നു. “ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ച് പുറത്തുവന്ന നവജാത ശിശു” എന്ന തരത്തിലാണ് പിന്നീട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തന്റെ ജനനത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗര്‍ഭനിരോധന ഉപകരണത്തെ കൈയില്‍ പിടിച്ച് ഒരു ജേതാവിനെപ്പോലെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്തു വന്ന കുഞ്ഞ് എന്ന തരത്തിലായിരുന്നു പിന്നീട് വാര്‍ത്ത പരന്നത്.

സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ”” നഴ്‌സാണ് ഗര്‍ഭനിരോധന ഉപകരണം കുഞ്ഞിന്റെ കയ്യില്‍ വെച്ച് ഫോട്ടോ എടുക്കുന്നത്. എന്റെ സുഹൃത്താണ് പിന്നീട് ഈ ഫോട്ടോ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്യുന്നത്. പിന്നീട് ലോകമെമ്പാടും ഈ ചിത്രം കണ്ടു. ഈ ചിത്രം ഇത്രയേറെ വൈറലാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. “”- ലൂസി ഹെയ്ലന്‍ പറയുന്നു.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ലൂസി അഞ്ചുവര്‍ഷത്തേക്കായിരുന്നു ഗര്‍ഭനിരോധന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചത്. എന്നാല്‍ പിന്നീട് ശാരീരികാസ്വസ്ഥകളെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്നു മനസ്സിലാവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more