ന്യൂയോര്‍ക്ക്: താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിടുന്നതിനിടെ അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ തിരഞ്ഞ് മാതാപിതാക്കള്‍. അഫ്ഗാന്‍ പൗരന്മാരായ മിര്‍സ അലിയും ഭാര്യയുമാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്.
ഇപ്പോള്‍ മറ്റ് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം അമേരിക്കയിലെ ടെക്സാസില്‍ അഭയാര്‍ത്ഥി ക്യാംപിലാണ് ദമ്പതികളുള്ളത്.
പലായനത്തിനിടയിലെ തിരക്കില്‍ കുഞ്ഞിനെ ഇവര്‍ അമേരിക്കന്‍ സൈനികന് കൈമാറിയിരുന്നു. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വേലിക്ക് മുകളിലൂടെ കുഞ്ഞിനെ കൈമാറുന്നതും, അമേരിക്കന്‍ സൈനികന്‍ കുഞ്ഞിനെ ഏറ്റു വാങ്ങുന്നതുമായ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
താലിബാനില്‍ നിന്നുള്ള കൂട്ടപ്പലായനത്തില്‍ തിരക്കില്‍പ്പെട്ട ഇവരോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച അമേരിക്കന്‍ സൈനികന് മിര്‍സ അലി കുഞ്ഞിനെ കൈമാറുകയായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിനെയോ, ഏറ്റുവാങ്ങിയ സൈനികനെയോ അവിടെ കണ്ടിരുന്നില്ല.
അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
കുട്ടിയെ കാണാതായത് അമേരിക്കയ്ക്ക് പുറത്ത് വെച്ചായതിനാല്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വക്താവും പ്രതിരോധ വകുപ്പിന്റെ വക്താവും വിഷയങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.
കുട്ടിയെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ വഴികളും തങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് കുട്ടിയെ തിരികെയെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
‘യു.എസ് തങ്ങളുടെ സൈനിക താവളങ്ങളും വിദേശ ലൊക്കേഷനുകളും ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിലെ തിരക്കിനിടെ കുട്ടിയെ ഒരു യു.എസ് സൈനികന് കൈമാറുന്നതാണ് അവസാനമായി കണ്ടത്, പക്ഷേ നിര്‍ഭാഗ്യവശാല്‍ ആര്‍ക്കും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല,’ ഒരു യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിലെ അമേരിക്കന്‍ സൈനികരോട് അലി കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. അവിടെയുള്ള ഒരു അമേരിക്കന്‍ പട്ടാള ഉദ്യോഗസ്ഥന്‍, വിമാനത്താവളം കുഞ്ഞിന് സുരക്ഷിതമല്ലന്നതിനാല്‍ കുട്ടികള്‍ക്കുള്ള പ്രത്യേക സ്ഥലത്തിലേക്ക് മാറ്റിയിരിക്കാമെന്ന് മിര്‍സ അലിയോട് പറഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
‘ആ ഉദ്യോഗസ്ഥന്‍ വിമാനത്താവളം മുഴുവന്‍ എന്നോടൊപ്പം എന്റെ കുഞ്ഞിനെ അന്വേഷിച്ച് നടന്നു,’ റോയ്‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മിര്‍സ അലി പറഞ്ഞു. 10 വര്‍ഷത്തോളം അഫ്ഗാനിലെ യു.എസ് എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു മിര്‍സ അലി.
‘ഞാന്‍ ഒരുപാട് ആളുകളോട് എന്റെ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചു. കണ്ണില്‍ കണ്ട എല്ലാ ഉദ്യോഗസ്ഥരോടും സൈനികരോടും ആളുകളോടും എല്ലാം ഞാന്‍ ചോദിച്ചു. പക്ഷേ ആരും അവനെ കണ്ടിരുന്നില്ല,’ മിര്‍സ അലി പറയുന്നു.
മറ്റ് ചില അഫ്ഗാന്‍ പൗരന്മാരും ഇതുപോലെ കുട്ടികളെ സൈനികര്‍ക്ക് കൈമാറിയെങ്കിലും അവരെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Baby handed to US soldiers in chaos of Afghanistan airlift still missing