ഇടുക്കി: രാജാമല വന പാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുകാരിയായ കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മുന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കേസില്‍ പൊലീസ് തിടുക്കത്തില്‍ നടപടിയെടുത്തേക്കില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികളുണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.
കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. കമ്പിളിക്കണ്ടം സ്വദേശികളാണ് മാതാപിതാക്കള്‍.
വന്യജീവികളുടെ സാന്നിധ്യമുള്ള വനമേഖലയില്‍ ഫോറസ്റ്റ് ചെക്ക് പോയന്റിന് സമീപമാണ് കുഞ്ഞ് തെറിച്ച് വീണിരുന്നത്. റോഡിലൂടെ ഇഴഞ്ഞു വരുന്ന കുഞ്ഞിനെ കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ശ്രുശൂഷ നല്‍കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മൊഴി പൊലീസ് എടുത്തിരുന്നു.