നിലമ്പൂര്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവാന്‍ തുടങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു. മലപ്പുറത്ത് നിലമ്പൂരിലെ ചോക്കോടിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ കനത്തമഴയ്ക്കിടെ വലിയൊരു ശബ്ദം കേട്ട പ്രദേശവാസികളാണ് നദിയില്‍ ഒഴുകിപ്പോവുന്ന ആനക്കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് ഇവര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ആനക്കുട്ടിയെ രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് കരയ്‌ക്കെത്തിച്ചത്. നദിയില്‍ വീണ ആനക്കുട്ടി ഏറെ പരിഭ്രമത്തിലും അങ്കലാപ്പിലുമായിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം തടസ്സം നേരിട്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രക്ഷിക്കാനായി വന്ന നാട്ടുകാരുടെ മുന്നില്‍ നിന്നും ആദ്യം ആനക്കുട്ടി ഭയന്നോടാന്‍ ശ്രമിച്ചെന്നും കാട്ടിലേക്ക് വിടാനായി ലോറിയില്‍ കയറ്റിയ ശേഷം പുറത്തു ചാടാന്‍ ശ്രമിച്ചെന്നും നിലമ്പൂര്‍ സൗത്ത് ഡിവിഷന് കീഴിലുള്ള കാളികാവ് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിവെപ്രാളം കാണിച്ചതു കാരണം വേണ്ട വിധം ആനക്കുട്ടിയെ പരിശോധനകള്‍ നടത്താതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് വിട്ടത്. എന്നാല്‍ ആനക്കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ